ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പ്രസ്താവനയില്‍ പിണറായി പറഞ്ഞത് ഒരു പ്രത്യേക മണ്ഡലത്തിന്റെ കാര്യമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. പോളിറ്റ് ബ്യൂറോ യോഗം ദല്‍ഹിയില്‍ തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദീകരണ യോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് വീഴ്ചപറ്റി എന്ന പിണറായിയുടെ പരാമര്‍ശം മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പ്രത്യേക മണ്ഡലത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അല്‍പം ഊന്നല്‍ നല്‍കിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പൊതു സമീപനം സ്വയം വിമര്‍ശനത്തില്‍ ഊന്നിയുള്ളതാണെന്നും എല്ലാവരും വിശദീകരിച്ചതും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സി.പി.ഐയും സി.പി.ഐ.എമ്മും ഏറ്റവും സുദീര്‍ഘമായ യോജിപ്പില്‍ പോകുകയാണ്. അതിന് പുറമെ സി.പി.ഐ.എം.എല്‍ ലിബറേഷനുമായും വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ പരസ്പരം യോഗം ചേര്‍ന്ന് എല്ലാവരെയും സഹകരിച്ചുകൊണ്ട് ഫാസിസ്റ്റ് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നുമുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രതിപക്ഷ ഉപനേതൃത്വ പദവിക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതെല്ലാം കേരളത്തിലെ സി.പി.ഐയുടെയും സി.പി.ഐ.എമ്മിന്റെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദല്‍ഹിയില്‍ ചേരും.
Content Highlights: What Pinarayi said concerned a specific constituency: M.A. Baby
