ആലപ്പുഴ: ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രശാന്തിന്റെ സ്ഥലം മാറ്റം വിവാദത്തില്‍.   ആലപ്പുഴ എം.എല്‍.എ എ.ഡി തോമസ്എം .എല്‍.എയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതാണ് വിവാദമായത്.

ആലപ്പുഴ എം.എല്‍.എ എ.ഡി തോമസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്ന് വി. പ്രശാന്തിന്റെ സ്ഥലം മാറ്റത്തിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സെപ്റ്റംബര്‍ ഒന്നിന് എം.എല്‍.എ. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. പ്രശാന്തിനെ അടിയന്തര പ്രാബല്യത്തോടെ തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫീസിലേക്ക് മാനേജര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. പ്രത്യേക ഫിഷറീസ് സെക്രട്ടറി അബ്ദുല്‍ നാസര്‍ ബി. ആണ് ഉത്തരവിറക്കിയത്.

ഔദ്യോഗിക ഉത്തരവില്‍ എം.എല്‍.എയുടെ കത്ത് നേരിട്ട് കാണിച്ചത് വഴി രാഷ്ട്രീയ നേതൃത്വത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.

ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും താത്ക്കാലിക നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ മന്ത്രിക്ക് കത്തയച്ചതെന്നാണ്‌ ഡി. തോമസ് എം..എല്‍.എയുടെ വാദം.

എന്നാല്‍ ഈ സ്ഥലംമാറ്റ നടപടിയില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും ജീവനക്കാരെ മാറ്റാന്‍ സര്‍ക്കാരിന് പൂര്‍ണ അവകാശമുണ്ടെന്നും വി. പ്രശാന്ത് പ്രതികരിച്ചു. ഈ മാസം ഒന്നിന് നല്‍കിയ കത്ത് പരിഗണിച്ചാണ് മൂന്നാം തിയതി സ്ഥലം മാറ്റല്‍ ഉത്തരവ് പുറത്തിറങ്ങിയത്.

Content Highlight: Official transferred following MLA’s letter: Alappuzha fisheries official’s transfer sparks controversy.