കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ സമീപകാല പരാമര്‍ശങ്ങളില്‍ മുസ്‌ലിം ലീഗ് മൗനം പാലിക്കുന്നതിന് പകരം നിലപാട് വ്യക്തമാക്കണമെന്ന് പാര്‍ട്ടി നേതാവ് അഡ്വ. നൂര്‍ബിന റഷീദ്. ‘ആശയക്കുഴപ്പമല്ല, വ്യക്തമായ നിലപാടാണ് കാലം ആവശ്യപ്പെടുന്നത്,’ എന്ന തലക്കെട്ടോട് കൂടിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം.
‘ഇന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം മൗനം പാലിക്കുകയോ അവ്യക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതിന് പകരം, തങ്ങളുടെ നിലപാട് പാതുസമൂഹത്തോടും അണികളോടും വ്യക്തമായും ശക്തമായും ഉത്തരവാദിത്വത്തോടെയും പറയേണ്ട സന്ദര്‍ഭമാണിത്,’ നൂര്‍ബിന റഷീദ് കുറിച്ചു.
ഒരു പ്രസ്ഥാനത്തിലേക്ക് പുതുതലമുറ കടന്നുവരുമ്പോള്‍ അവര്‍ക്ക് വേണ്ടത് ആശയക്കുഴപ്പമല്ല വ്യക്തമായ ദിശാബോധമാണ്. അതാണ് ഒരു പ്രസ്ഥാനത്തിന്റെ ഭാവിയോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും നൂര്‍ബിന റഷീദ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം നാമധേയത്തില്‍ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാട് എന്താണ് എന്നത് ഈ വിഷയത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമാണ്. പഴയ തലമുറയ്ക്ക് ഒരു നയം, പുതിയ തലമുറയ്ക്ക് മറ്റൊരു നയം ഇത് ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാന്‍ ഇടയാക്കുന്നു. പുതുതലമുറയുടെ മുന്നില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം എന്നെ അസ്വസ്ഥയാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
‘1990-കളില്‍ മുസ്ലിം സ്ത്രീകളെ രാഷ്ട്രീയമായി ബോധവല്‍ക്കരിച്ച് പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഏറെ പ്രയത്നിച്ച കാലം എനിക്ക് ഓര്‍മയുണ്ട്. അന്ന് അത് അത്ര എളുപ്പമായിരുന്നില്ല. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പലതരത്തിലുള്ള പരിമിതികളെ മറികടന്ന് സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ലക്ഷ്യം.
അവരോട് പറഞ്ഞത് രാഷ്ട്രീയത്തില്‍ ഇടം നേടുക എന്നു മാത്രമല്ലായിരുന്നു. ഇസ്ലാമികമൂല്യങ്ങള്‍ മുറുകെപിടിച്ച് പൊതുജീവിതവും വ്യക്തിജീവിതവും കുടുംബവും രൂപപ്പെടുത്തുക, സ്വന്തം നിലപാട് ഉയര്‍ത്തി പിടിക്കുക, സമൂഹത്തിന്റെ മുന്നേറ്റത്തിനായി ഉത്തരവാദിത്വത്തോടെ ഇടപെടുക ഇതൊക്കെയായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ന് പുതുതലമുറയുടെ മുന്നില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം എന്നെ അസ്വസ്ഥയാക്കുന്നു,’ നൂര്‍ബിന റഷീദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒരു പ്രസ്ഥാനം വളരണമെങ്കില്‍ അതിന്റെ പ്രവര്‍ത്തകരുടെ എണ്ണം മാത്രം വര്‍ധിച്ചാല്‍ പോരാ. അതിന്റെ ആശയങ്ങളിലും നിലപാടുകളിലും വ്യക്തതയും സ്ഥിരതയും വിശ്വാസ്യതയും ഉണ്ടാകണം.
കാലത്തിനനുസരിച്ച് രാഷ്ട്രീയ സമീപനങ്ങളില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ നാളിത് വരെ തുടര്‍ന്ന് വന്നതില്‍ നിന്നും വ്യത്യസ്തമായി ഇനി എന്ത് മാറ്റമാണ് കൂടുതലായി വേണ്ടതെന്നും ലീഗ് നേതാവ് ചോദിച്ചു.
കാന്തപുരത്തിന് ഒരു പണ്ഡിതന്‍ എന്ന നിലയിലും ഇന്ത്യന്‍ ഭരണ ഘടന പ്രകാരവുമുള്ള അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടെന്നും നൂര്‍ബിന റഷീദ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനുള്ള അവകാശം പോലെ തന്നെ വിയോജിക്കാനുള്ള അവകാശവും മറ്റുള്ളവര്‍ക്കുണ്ട്. എന്നാല്‍ വ്യക്തിയെ ലക്ഷ്യമാക്കാതെ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായ സംവാദത്തിലൂടെ നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ-സാമൂഹിക സംസ്കാരമാണ് നമുക്ക് ആവശ്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആശയക്കുഴപ്പമല്ല, വ്യക്തമായ നിലപാടാണ് കാലം ആവശ്യപ്പെടുന്നത്
ഒരു മുസ്ലിം പണ്ഡിതൻ തന്റെ സംഘടനയുടെ കീഴ്ഘടകങ്ങൾക്ക് നൽകിയ ഒരു സർക്കുലറിലെ അഭിപ്രായം കുറച്ചു ദിവസങ്ങളായി പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഒരു പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹത്തിനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാനുള്ള അവകാശം പോലെ തന്നെ വിയോജിക്കാനുള്ള അവകാശവും മറ്റുള്ളവർക്കുണ്ട്. എന്നാൽ വ്യക്തിയെ ലക്ഷ്യമാക്കാതെ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായ സംവാദത്തിലൂടെ നേരിടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ-സാമൂഹിക സംസ്കാരമാണ് നമുക്ക് ആവശ്യം.
മതവിശ്വാസം വ്യക്തിയുടെ ജീവിതത്തിന് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം, ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ രണ്ടിനെയും പരസ്പരവിരുദ്ധമായി കാണേണ്ട സാഹചര്യമില്ല.ഓരോരുത്തർക്കും അവരവരുടെ മതവിശ്വാസത്തിനു അനുസരിച്ച് ജീവിക്കുവാനുള്ള അവകാശമുണ്ട്.
എന്നാൽ ഇതോടൊപ്പം ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മുസ്ലിം നാമധേയത്തിൽ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാട് എന്താണ് എന്നതാണ്.
ഇത്തരം വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് വ്യക്തവും സുതാര്യവും ആയിരിക്കണം. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പ്രതീക്ഷയോടെ കടന്നുവരുന്ന പുതുതലമുറയ്ക്ക് ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിൽ വ്യത്യസ്ത സന്ദേശങ്ങൾ ലഭിക്കാൻ പാടില്ല.
പഴയ തലമുറയ്ക്ക് ഒരു നയം, പുതിയ തലമുറയ്ക്ക് മറ്റൊരു നയം — ഇത് ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കും.
1990-കളിൽ മുസ്ലിം സ്ത്രീകളെ രാഷ്ട്രീയമായി ബോധവൽക്കരിച്ച് പൊതുരംഗത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഏറെ പ്രയത്നിച്ച കാലം എനിക്ക് ഓർമ്മയുണ്ട്. അന്ന് അത് അത്ര എളുപ്പമായിരുന്നില്ല. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പലതരത്തിലുള്ള പരിമിതികളെ മറികടന്ന് സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു ലക്ഷ്യം.
അവരോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഇടം നേടുക എന്നു മാത്രമല്ലായിരുന്നു. ഇസ്ലാമികമൂല്യങ്ങൾ മുറുകെപിടിച്ച്
പൊതുജീവിതവും വ്യക്തിജീവിതവും കുടുംബവും രൂപപ്പെടുത്തുക, സ്വന്തം നിലപാട് ഉയർത്തി പിടിക്കുക, സമൂഹത്തിന്റെ മുന്നേറ്റത്തിനായി ഉത്തരവാദിത്വത്തോടെ ഇടപെടുക — ഇതൊക്കെയായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ന് പുതുതലമുറയുടെ മുന്നിൽ ഉണ്ടാകുന്ന ആശയക്കുഴപ്പം എന്നെ അസ്വസ്ഥയാക്കുന്നു.
ഒരു പ്രസ്ഥാനം വളരണമെങ്കിൽ അതിന്റെ പ്രവർത്തകരുടെ എണ്ണം മാത്രം വർദ്ധിച്ചാൽ പോരാ. അതിന്റെ ആശയങ്ങളിലും നിലപാടുകളിലും വ്യക്തതയും സ്ഥിരതയും വിശ്വാസ്യതയും ഉണ്ടാകണം.
കാലത്തിനനുസരിച്ച് രാഷ്ട്രീയ സമീപനങ്ങളിൽ മാറ്റം വരുന്നത് സ്വാഭാവികമാണ്. വനിതാ ശാക്തീകരണത്തിന്റെ കാര്യത്തിൽ നാളിത് വരെ തുടർന്ന് വന്നതിൽ നിന്നും വ്യത്യസ്തമായി ഇനി എന്ത് മാറ്റമാണ് കൂടുതലായി വേണ്ടത്?
ഇന്ന് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനം മൗനം പാലിക്കുകയോ അവ്യക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതിനു പകരം, തങ്ങളുടെ നിലപാട് പൊതുസമൂഹത്തോടും അണികളോടും വ്യക്തമായും ശക്തമായും ഉത്തരവാദിത്വത്തോടെയും പറയേണ്ട സന്ദർഭമാണിത്.
കാരണം, ഒരു പ്രസ്ഥാനത്തിലേക്ക് പുതുതലമുറ കടന്നുവരുമ്പോൾ അവർക്ക് വേണ്ടത് ആശയക്കുഴപ്പമല്ല — വ്യക്തമായ ദിശാബോധമാണ്.
അതാണ് ഒരു പ്രസ്ഥാനത്തിന്റെ ഭാവിയോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.
Content Highlight: Adv Noorbina Rasheed asked IUML to take Clear Stand on Kanthapuram’s Remark
