മുംബൈ: വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ വ്യവസ്ഥിതിയില്‍ നിന്ന് അവഗണ നേരിടേണ്ടി വരരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബുധനാഴ്ച മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന സന്ദര്‍ശനത്തില്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രതിനിധി സംഘവുമായി സംസാരിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ഥികളും സംഘത്തിലുണ്ടായിരുന്നു. ഗോത്രവര്‍ഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശ്രമ സ്‌കൂളുകളുടെ മോശം സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചത്.

‘വിദ്യാഭ്യാസം ഒരു പദവിയല്ല, അത് ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്,’ രാഹുല്‍ എക്‌സ്‌പോസ്റ്റില്‍ കുറിച്ചു.

ഓരോ വിദ്യാര്‍ത്ഥിക്കും മാന്യവും സുരക്ഷിതവും പഠനത്തിന് അനുയോജ്യവുമായ അന്തരീക്ഷം ലഭിക്കേണ്ടത് അവകാശമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഭരണസംവിധാനത്തിന്റെ അവഗണനയ്ക്ക് ഇരയാകരുതെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ ആശ്രമ സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മൂന്ന് ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിവരുകയാണ്.

ആശ്രമ സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും മോശം അവസ്ഥ, വിദ്യാര്‍ത്ഥികളുടെ സുരക്ഷ, നിയമനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും അവരുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനുമാണ് രാഹുല്‍ ഗാന്ധി നാസിക്കിലെത്തിയത്.

Content Highlights: Education is not anyone’s charity; it is every student’s right: Rahul Gandhi.