ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) മുന്‍ എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. ഉത്തര്‍ പ്രദേശിലെ ദിയോറിയ സ്വദേശിയാണ് ജിതേന്ദ്ര മിശ്ര. ഓപ്പറേഷന്‍ സിന്ദൂരില്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിനെ നയിച്ചത് മിശ്രയായിരുന്നു.

രാമക്ഷേത്ര സംഭാവന കൊള്ള പുറത്ത് വന്ന ശേഷം ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റിന്റെ മൂന്നാമത് യോഗത്തിലാണ് സി.ഇ.ഒയെ തെരഞ്ഞെടുത്തത്. മൂന്ന് പുതിയ ട്രസ്റ്റികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

ആര്‍.എസ്.എസുമായി ബന്ധമുള്ള മഹേഷ് ഭഗ്ചന്ദ്ക, നിര്‍മ്മല യാദവ്, അഭിഭാഷകന്‍ മദന്‍ മോഹന്‍ പാണ്ഡെ എന്നിവരാണ് പുതിയ ട്രസ്റ്റിമാര്‍. രാമക്ഷേത്രത്തിന്റെ ആദ്യ വനിതാ ട്രസ്റ്റിയാണ് നിര്‍മല യാദവ്.

അശോക് സിംഗാള്‍ ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ് ഭഗ്ചന്ദ്കയെന്നാണ് വിവരം. ആര്‍.എസ്.എസ് നേതാവായിരുന്നു സിംഗാളിനെക്കുറിച്ച് ഭഗ്ചന്ദ്ക ഒരു പുസ്തകമെഴുതിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകന്‍ മദന്‍ മോഹന്‍ പാണ്ഡെ പ്രാദേശിക കോടതികളില്‍ രാമജന്മഭൂമി കേസില്‍ വാദിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തുമായും പാണ്ഡെക്ക് ബന്ധമുണ്ട്.

ട്രസ്റ്റിന്റെ ട്രഷററായിരുന്ന സ്വാമി ഗോവിന്ദ് ദേവ് ഗിരിയെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ് സംഭാവന കൊള്ളയില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പകരമാണ് ഗോവിന്ദ് ദേവ് ഗിരിയെ സെക്രട്ടറിയായി നിയമിച്ചത്.

ഗോവിന്ദ് ദേവ് ഗിരിക്ക് പകരം പുതിയ ട്രസ്റ്റിമാരിലൊരാളായ മഹേഷ് ഭഗ്ചന്ദ്കയ്ക്ക് ട്രഷററുടെ ചുമതല നല്‍കാന്‍ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചമ്പത് റായ് അടക്കം രാമക്ഷേത്ര തട്ടിപ്പില്‍ ആരോപണ വിധേയരായ മൂന്ന് ട്രസ്റ്റ് അംഗങ്ങള്‍ നേരത്തെ രാജിവെച്ചിരുന്നു. അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരാണ് ട്രസ്റ്റില്‍ നിന്ന് രാജിവച്ച മറ്റുള്ളവര്‍. ഇതില്‍ അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ട്രസ്റ്റിമാരില്‍ രണ്ട് പേരെ നിയമിച്ചത്. അയോധ്യയിലെ മുന്‍ രാജകുടുംബത്തിലെ അംഗം ബിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് മൂന്നാമത്തെ ട്രസ്റ്റിയെ നിയമിച്ചത്.

വിരമിച്ച ആണവ ശാസ്ത്രജ്ഞനും ഷിര്‍ദ്ദിയിലെ ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ മുന്‍ മേധാവിയുമായ സുരേഷ് ഹവാരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയാണ് സി.ഇ.ഒയെയും ട്രസ്റ്റ് അംഗങ്ങളെയും ശുപാര്‍ശ ചെയ്തത്.

ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്ക് വഹിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര രാമക്ഷേത്രത്തില്‍ അച്ചടക്കം കൊണ്ടുവരുമെന്നും ട്രസ്റ്റിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്നും സെര്‍ച്ച് കമ്മിറ്റി അംഗം സുരേഷ് ഹവാരെ പറഞ്ഞു. സംഭാവന കൊള്ളക്ക് ശേഷം നഷ്ടപ്പെട്ട രാമഭക്തരുടെ വിശ്വാസം പുനസ്ഥാപിക്കാന്‍ പുതിയ നടപടികള്‍ കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തന്നെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് തന്റെ ഭാഗ്യമായി കരുതുന്നതായി ജിതേന്ദ്ര മിശ്ര പ്രതികരിച്ചു. ഇതിനെ ശ്രീരാമന്റെ അനുഗ്രഹമായി താന്‍ കരുതുന്നുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പറഞ്ഞു.

‘ഇത്രയധികം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അവര്‍ എന്നെ തിരഞ്ഞെടുത്തത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. വ്യോമസേനയില്‍ 43 വര്‍ഷത്തെ സേവനത്തിനുശേഷം, ശ്രീരാമ മന്ദിറിനെയും ശ്രീരാമ ഭക്തരെയും സേവിക്കാന്‍ അവസരം നല്‍കിയ ശ്രീരാമന്റെ അനുഗ്രഹമായും ഞാന്‍ ഇതിനെ കണക്കാക്കുന്നു,’ മിശ്ര പറഞ്ഞു.

‘ഈ ഉത്തരവാദിത്തം നല്‍കിയതിന് സെലക്ഷന്‍ കമ്മിറ്റിക്കും ട്രസ്റ്റിനും ശ്രീരാമനും നന്ദി പറയുകയാണ്. എനിക്ക് അത് നന്നായി വഹിക്കാന്‍ കഴിവ് നല്‍കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,’ മിശ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight:  Jeetendra Mishra is new Ram Mandir Trust CEO