ഹൈദരാബാദ്: നിയമവിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് (ബി.സി.ഐ) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി.

നിയമവിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്കനടപടികള്‍ സ്വീകരിക്കേണ്ടത് അവര്‍ പഠിക്കുന്ന സര്‍വകലാശാലയോ വിദ്യാഭ്യാസ സ്ഥാപനമോ ആണെന്നും കോടതി പറഞ്ഞു.

നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഹൈദരാബാദിലെ (നല്‍സാര്‍) 2026ബാച്ച് വിദ്യാര്‍ഥികളെ ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിയമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലും നിയമത്തെ സംരക്ഷിക്കുന്നതിലും ബി.സി.ഐക്ക് നിയമപരമായ അധികാരങ്ങളുണ്ടെങ്കിലും, വിദ്യാര്‍ഥികള്‍ അഭിഭാഷകരായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ പെരുമാറ്റം നിയന്ത്രിക്കാനോ അച്ചടക്ക നടപടി സ്വീകരിക്കാനോ കൗണ്‍സിലിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടി ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍വകലാശാലയുടെ ചട്ടങ്ങളും നിയന്ത്രണങ്ങളുമാണ് ബാധകമാകുക. ഒരു നിയമബിരുദധാരി അഭിഭാഷകനായി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ബാര്‍ കൗണ്‍സിലിന്റെ അച്ചടക്കപരമായ അധികാരം ബാധകമാകുന്നതെന്നും കോടതി പറഞ്ഞു.

നല്‍സാര്‍ വിദ്യാര്‍ഥികളുടെ വിഷയത്തില്‍ നേരത്തെ ബി.സി.ഐ സ്വീകരിച്ച നടപടികളാണ് കോടതി പ്രതികരണത്തിന് കാരണമായത്. നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പിന്നീട് 2026 ബാച്ചിലെ ബിരുദധാരികളെ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടയാന്‍ ബി.സി.ഐ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു.

Content Highlights: NALSAR controversy: Bar Council has no authority to regulate the conduct of law students; Supreme Court.