ബാലതാരമായി സിനിമയിലെത്തുകയും രാജാധിരാജ, മെമ്മറീസ്, ഹൗസ്‌ഫുൾ, ഭീഷ്മ പർവ്വം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്ത താരമാണ് ഇവ ക്രിസ്റ്റഫർ. സിനിമയിലെ ബാല്യകാല അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ‘രാജാധിരാജ’യുടെ സെറ്റിലെ ഓർമകളും മമ്മൂട്ടിയിൽ നിന്ന് ലഭിച്ച അഭിനന്ദനത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഇവ ക്രിസ്റ്റഫർ.
‘രാജാധിരാജ’യുടെ ചിത്രീകരണ സമയത്ത് ഏകദേശം രണ്ട് മാസത്തോളം ക്ലാസിൽ പോകാതെ മുഴുവൻ സമയവും ഷൂട്ടിലായിരുന്നുവെന്ന് ഇവ പറഞ്ഞു. കുട്ടിയായിരുന്നതിനാൽ സെറ്റിൽ എല്ലാവരോടും ഇടപഴകാനും എവിടെയും പോകാനും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സമയം ചെലവഴിക്കാനും സാധിച്ചിരുന്നതും ആ കാലത്തെ സന്തോഷകരമായ ഓർമകളിലൊന്നാണ് എന്നും ഇവ വ്യക്തമാക്കി.

ഇവ ക്രിസ്റ്റഫർ. Photo. Screen Grab/ Youtube
‘രാജാധിരാജയുടെ സമയത്ത് ഞാൻ രണ്ട് മാസത്തോളം ക്ലാസിന് ഒന്നും പോകാതെ ഷൂട്ടിൽ തന്നെയായിരുന്നു ഫുൾ ടൈം. അതുകൊണ്ടുതന്നെ എനിക്ക് അത് ഒരു വെക്കേഷൻ പോലെയായിരുന്നു. അന്ന് കുട്ടിയായതുകൊണ്ട് തന്നെ എല്ലായിടത്തും നമുക്ക് പോകാമായിരുന്നു. ഇപ്പോഴത്തെ പോലെയല്ല, ഫ്രീ ആയിരുന്നു. നമുക്ക് എവിടെയും പോകാം, എവിടെയും നിൽക്കാം, ആരും ഒന്നും പറയില്ല. അതൊക്കെ ഭയങ്കര ഹാപ്പിയായിട്ടുള്ള മൊമന്റായിരുന്നു,’ ഇവ പറഞ്ഞു.
ഷൂട്ടിങ് സെറ്റിലെ കാര്യങ്ങൾ ഒക്കെ തനിക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന് ഇവ പറഞ്ഞു. റമദാൻ കാലത്തായിരുന്നു അന്ന് ചിത്രീകരണം നടന്നത്. ഇഫ്താറിന് എന്താണ് ഭക്ഷണമെന്നറിയാൻ സെറ്റിലുള്ളവരുടെ ഇടയിലൂടെ പോയി നോക്കിയിരുന്നതും ഇപ്പോഴും ഓർമയിലുണ്ടെന്ന് ഇവ കൂട്ടിച്ചേർത്തു.
‘അന്ന് ഷൂട്ടിന്റെ സമയത്ത് ഇഫ്താർ ഒക്കെയായിരുന്നു. അപ്പോൾ എന്താണ് ഫുഡ് എന്നൊക്കെ അറിയാൻ ഞാൻ അവരുടെ ഇടയിലൂടെ പോയി നോക്കും. അതൊക്കെ നല്ല ഓർമകളാണ്,’താരം പറഞ്ഞു.
രാജാധിരാജ’യിലെ പാട്ടിന്റെ ചിത്രീകരണവും തനിക്ക് ഏറെ പ്രിയപ്പെട്ട അനുഭവമായിരുന്നുവെന്ന് ഇവ പറയുന്നു. പൊള്ളാച്ചിയിൽ നടന്ന ചിത്രീകരണത്തിനിടെ പാടത്ത് ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ചിരുന്നുവെന്നും താരം ഓർത്തെടുത്തു.
‘രാജാധിരാജ സെറ്റിൽ നമ്മൾ പാട്ടിന്റെ ഷൂട്ട് ഒക്കെ എനിക്ക് ഭയങ്കര പ്രിയപ്പെട്ടതായിരുന്നു. പാട്ടിന്റെ ഷൂട്ട് പൊള്ളാച്ചിയിൽ ആയിരുന്നു. ആ പാട്ടിന്റെ സീനിൽ നമ്മൾ പാടത്തൊക്കെ ഇരുന്ന് ഭക്ഷണം കഴിക്കുന്നു എനിക്ക് ഫുഡ് വാരിത്തരുന്നു ഊഞ്ഞാലാടുന്നു അതൊക്കെ ശരിക്കും എന്ജോയ് ചെയ്ത സംഭവമായിരുന്നു,’താരം കൂട്ടിച്ചേർത്തു.

രാജാധിരാജ. Photo. IMDb
ബാലതാരമായിരിക്കുമ്പോഴും ചിത്രത്തിൽ കരയുന്ന രംഗങ്ങൾ ഉൾപ്പെടെ നിരവധി വ്യത്യസ്തമായ രംഗങ്ങൾ ചെയ്യേണ്ടി വന്നിരുന്നു. മമ്മൂട്ടിയിൽ നിന്ന് ലഭിച്ച അഭിനന്ദനം ഏറ്റവും സന്തോഷം നൽകിയ ഓർമകളിലൊന്നാണ് എന്നും ഇവ പറഞ്ഞു.
‘ഞാൻ അതുവരെ ജോളിയായി ചിരിച്ചും കളിച്ചും നിൽക്കും. ആക്ഷൻ പറഞ്ഞാൽ അപ്പോൾ കരയും, കട്ട് പറഞ്ഞാൽ അപ്പോൾ ചിരിക്കും. അത് കണ്ടിട്ട് മമ്മൂക്ക, ‘ഇവൾ സ്വിച്ച് ഇട്ട പോലെയാണല്ലോ അഭിനയിക്കുന്നത്’ എന്ന് പറഞ്ഞു. അപ്പോൾ അതൊക്കെ മമ്മൂക്കയിൽ നിന്നൊക്കെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു,’ ഇവ ക്രിസ്റ്റഫർ പറഞ്ഞു.
Content Highlight:Eve Christopher opens up about the film ‘Rajadhiraja’ and her childhood memories of cinema
