ടി-20 ഫോര്‍മാറ്റില്‍ 9,000 റണ്‍സ് എന്ന നാഴികക്കല്ല് താണ്ടാന്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ 90 റണ്‍സ് കണ്ടെത്താനായാല്‍ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടത്തിലെത്താന്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിക്കും.

നിലവില്‍ 331 ഇന്നിങ്‌സില്‍ 30.61 ശരാശരയിലും 139.69 സ്‌ട്രൈക് റേറ്റിലും 8,910 റണ്‍സാണ് സഞ്ജുവിനുള്ളത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്.

ഗംഭീറിനൊപ്പം. Photo: BCCI/x.com

അഫ്ഗാനെതിരായ പരമ്പരയില്‍ ഈ നേട്ടം സ്വന്തമാക്കിയാല്‍ 9,000 ടി-20 റണ്‍സ് എന്ന ബാരിയര്‍ മറികടക്കുന്ന 35ാം താരമെന്ന നേട്ടവും അഞ്ചാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 413 – 14,218

രോഹിത് ശര്‍മ – 459 – 12,531

ശിഖര്‍ ധവാന്‍ – 331 – 9,797

സൂര്യകുമാര്‍ യാദവ് – 347 – 9,729

സഞ്ജു സാംസണ്‍ – 331 – 8,910

കെ.എല്‍. രാഹുല്‍ – 240 – 8,718

സുരേഷ് റെയ്‌ന – 319 – 8,654

കരിയറില്‍ ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടിയുമാണ് താരം ബാറ്റേന്തിയത്. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സഞ്ജു പ്രതിനിധീകരിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍. Photo: CSK/x.com

2026ല്‍ തരക്കേടില്ലാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ഈ വര്‍ഷം കളിച്ച 14 ഇന്നിങ്‌സില്‍ നിന്നും 30.76 ശരാശരിയിലും 180.99 സ്‌ട്രൈക് റേറ്റിലും നേടിയത് 400 റണ്‍സ്.

ഇന്ത്യയുടെ തുടര്‍ച്ചയായ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായതും സഞ്ജുവിന്റെ പ്രകടനമാണ്. സെമി ഫൈനലും ഫൈനലും അടക്കം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 80+ റണ്‍സ് നേടിയ സഞ്ജുവിനെ തന്നെയാണ് ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുത്തത്.

എന്നാല്‍ ലോകകപ്പ് മാറ്റിവെച്ചാല്‍ ഈ വര്‍ഷം അന്താരാഷ്ട്ര ടി-യില്‍ സഞ്ജുവിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ലോകകപ്പിന് ശേഷം കളിച്ച നാല് മത്സരത്തില്‍ നിന്നും ആകെ നേടാന്‍ സാധിച്ചത് 8.25 ശരാശരിയില്‍ 33 റണ്‍സ്, അതില്‍ ഇരട്ടയക്കം കണ്ടത് ഒരിക്കല്‍ മാത്രം.

എന്നാല്‍ അഫ്ഗാനെതിരായ മത്സരത്തില്‍ സഞ്ജു തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് മൂന്ന് ടി-20ക്കും വേദിയാകുന്നത്. സെപ്റ്റംബര്‍ 13നാണ് ആദ്യ മത്സരം.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

 

Content Highlight: Sanju Samson need 90 runs to complete 9,000 runs in T20