തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ആളൊരുക്കം, ഹോം, വെയിൽമരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

വെള്ളിത്തിര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്.

ഇന്ദ്രൻസ്. Photo. Screen grab/ Youtube

ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്യാരക്ടർ റോളുകൾ ചെയ്യാനും വലിയ കാൻവാസിൽ ഉള്ള സിനിമകളുടെ ഭാഗമാകാനുമെല്ലാം ഇന്ന് ഏതെങ്കിലും തരത്തിൽ പേടി തോന്നാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇന്ദ്രൻസ് മറുപടി പറയുകയാണ്.

‘ഇന്ന് അത്തരം കഥാപാത്രങ്ങൾ ചെയ്യാനും സിനിമകളുടെ ഭാഗമാകാനും യാതൊരു ഭയവും തോന്നാറില്ല, മറിച്ച് അതൊക്കെ ചെയ്യാൻ ആവേശമാണ് ഉണ്ടാവാറുള്ളത്. അതൊക്കെ ദാഹിച്ചു വെള്ളം കുടിക്കുന്നത് പോലെയാണ്. മറ്റെല്ലാം മറന്ന് ആ കഥാപാത്രമാകുക എന്നത് സന്തോഷവും സുഖവുമുള്ള കാര്യമാണ്,’ ഇന്ദ്രൻസ് പറഞ്ഞു.

സിനിമയിൽ ഇന്നും ചെയ്യാൻ ഏറെ ഇഷ്ടമുള്ളതും അതേസമയം ഭയമുള്ളതും കോമഡി വേഷങ്ങൾ അവതരിപ്പിക്കുമ്പോഴാണെന്നും ഇന്ദ്രൻസ് പറയുന്നു.

‘ഇന്നും ചെയ്യാൻ ഏറെ ഇഷ്ടമുള്ളതും എന്നാൽ പേടിയുള്ളതും കോമഡി റോളുകൾ തന്നെയാണ്. കാരണം, പല വിഷയങ്ങളുമായി വ്യത്യസ്ത മാനസികാവസ്ഥയിലിരിക്കുന്ന പ്രേക്ഷകരെ അത് മറക്കാനും കൂടെ ചിരിക്കാനും ഒക്കെ സാധിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിൽ അല്പം ദൈവാധീനം കൂടി ഉണ്ടെങ്കിലേ പറ്റൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇല്ലെങ്കിൽ അവർ ചിരിക്കുന്നതിന് പകരം നമ്മൾ വിയർക്കാൻ തുടങ്ങും,’ ഇന്ദ്രൻസ് പറഞ്ഞു.

ദേശീയ പുരസ്കാരങ്ങൾ അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചപ്പോൾ സന്തോഷത്തേക്കാൾ ഉപരി കൂടുതൽ അംഗീകാരങ്ങൾ കിട്ടിയെന്നോ അതോ ആളുകൾ തന്നെ കൂടുതലായി അംഗീകരിച്ചു തുടങ്ങിയെന്ന തോന്നലാണോ ഉണ്ടായത് എന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്.

ഇന്ദ്രൻസ്. Photo. Screen grab/ Youtube

‘എല്ലാവരും അംഗീകരിക്കുന്ന ഒരു സിനിമ വിജയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണല്ലോ. പിന്നെ അവാർഡുകൾ കിട്ടുക എന്നത് ഒരു ഭാഗ്യവും നിമിത്തവുമൊക്കെയാണ്. അതിനേക്കാൾ വലിയ സിനിമകൾ ചിലപ്പോൾ അവരുടെ കണ്ണിൽപ്പെടാതെ പോയിട്ടുണ്ടാവാം, അല്ലെങ്കിൽ എത്രയോ വലിയ നടന്മാർ അത്തരം മത്സരങ്ങളിൽ നിന്ന് മാറിപോയിട്ടും ഒക്കെ ഉണ്ടാവും. അതുകൊണ്ട് അത്തരം അംഗീകാരങ്ങൾ ഒരു അതിശയം പോലെയാണ് കാണാറുള്ളത്, അത് ലഭിക്കുമ്പോൾ സന്തോഷം,’ ഇന്ദ്രൻസ് പറഞ്ഞു.

Content Highlight: Indrans sharing his perspectives about various roles and recognition in movies