2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് പെയറിനെ കുറിച്ച് പ്രതികരണവുമായി മുന്‍ താരം ദീപ് ദാസ്ഗുപ്ത. രോഹിത് ശര്‍മ്മയ്ക്കും യുവതാരം യശസ്വി ജെയ്‌സ്വാളിനും മാറിമാറി അവസരങ്ങള്‍ നല്‍കി ഓപ്പണര്‍മാരെ റൊട്ടേറ്റ് ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ഒരു വര്‍ഷമായി രോഹിത് ശര്‍മയുടെ ഭാവി ടീമില്‍ ചര്‍ച്ചാവിഷയമാണ്. താരം 2027 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകളും സജീവമാണ്. അതേസമയം ലഭിച്ച പരിമിതമായ അവസരങ്ങളില്‍ മികച്ച പ്രകടനമാണ് ജെയ്‌സ്വാള്‍ പുറത്തെടുത്തത്.

ദീപ് ദാസ്ഗുപ്ത
‘ഇതൊരു പ്രധാന ചര്‍ച്ചാവിഷയമാണെന്നും ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം. എന്നാല്‍ ഒരു ക്രിക്കറ്റര്‍, അവന്‍ കളിക്കളത്തില്‍ തുടരുന്നിടത്തോളം അവന്‍ വിരമിച്ചു എന്ന് പറയാനാകില്ല, അതായത് രോഹിത് ശര്‍മ വിരമിച്ചിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ഒപ്പം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികള്‍ യശസ്വിയും നേടിയിട്ടുണ്ട്.
ഇവിടെ നിങ്ങള്‍ കുറച്ച് റൊട്ടേഷന്‍ നടത്തേണ്ടി വരും. യശസ്വി ജെയ്‌സ്വാളിനും ഇവിടെ അവസരം നല്‍കേണ്ടതുണ്ട്. രോഹിത് കളിക്കുകയും ഫോമിലാവുകയും റണ്‍സ് കണ്ടെത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനും അവസരം നല്‍കണം,’ ദീപ്ദാസ് ഗുപ്ത പറഞ്ഞു.

യശസ്വി ജെയ്‌സ്വാള്‍. Photo: BCCI/x.com
‘മറ്റൊരാളുടെ കാര്യത്തില്‍ എന്ത് തീരുമാനമായാലും, നിങ്ങള്‍ യശസ്വി ജെയ്‌സ്വാളിനെയും പരിഗണനയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. കാരണം നിങ്ങള്‍ക്ക് മറ്റൊരു ഓപ്പണറെ കൂടി സജ്ജമാക്കി നിര്‍ത്തേണ്ടതുണ്ട്. നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ യശസ്വിയാണ് ഏറ്റവും മികച്ച ഓപ്ഷന്‍.
മറ്റ് ചര്‍ച്ചകള്‍ എന്തുതന്നെയായാലും, 2027 ലോകകപ്പിന് മുന്‍പ് യശസ്വിയും പൂര്‍ണ സജ്ജനാണെന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തിന് ആവശ്യത്തിന് മാച്ച് ടൈം (കളിക്കാനുള്ള അവസരം) നല്‍കിക്കൊണ്ടേയിരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കില്‍ മറ്റ് താരങ്ങള്‍ക്കുള്ള അതേ മാനദണ്ഡങ്ങള്‍ രോഹിത് ശര്‍മയ്ക്കും ബാധകമാകണമെന്നും ദീപ് ദാസ്ഗുപ്ത വ്യക്തമാക്കി.

രോഹിത് ശര്‍മ. Photo: BCCI/x.com
ഏകദിന ഫോര്‍മാറ്റില്‍ ആറ് ഇന്നിങ്‌സുകളിലാണ് യശസ്വി ജെയ്‌സ്വാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇതില്‍ നിന്നുമായി 71.25 ശരാശരിയിലും 97.60 സ്‌ട്രൈക് റേറ്റിലും 285 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യക്ക് വേണ്ടി 288 ഏകദിന മത്സരങ്ങളില്‍ നിന്ന് 48.95 ശരാശരിയിലും 93.04 സ്‌ട്രൈക് റേറ്റിലും 11,895 റണ്‍സാണ് മുന്‍ നായകന്റെ സമ്പാദ്യം. 34 സെഞ്ചുറികളും 62 അര്‍ധസെഞ്ചുറികളും രോഹിത്തിന്റെ പേരിലുണ്ട്.
അടുത്ത വര്‍ഷം ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഐ.സി.സി ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവര്‍ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്.
Content Highlight: Former India cricketer Deep Dasgupta’s huge statement on Rohit-Jaiswal dilemma for 2027 World Cup
