രഞ്ജിത്തിന്റെ സംവിധാനത്തിൽ പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലോ ആൻഡ് ഓർഡർ ഈ മാസം 18-ന് തിയേറ്ററുകളിൽ എത്തുകയാണ്. തുടരും എന്ന ചിത്രത്തിലെ ജോർജ് സാർ എന്ന ശ്രദ്ധേയമായ കഥാപാത്രത്തിന് ശേഷം പ്രകാശ് വർമ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

കൂടാതെ, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന സിനിമയിലെ കഥാപാത്രമായ കാരിക്കമുറി ഷണ്മുഖൻ ആയി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ടെന്ന വാർത്തകൾ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകപ്രതീക്ഷ കൂട്ടുന്നതാണ്.

ഡോൺ മൈക്കിൾ. Photo. Screen grab/ Youtube

വൻ താരനിരയ്ക്കൊപ്പം, മലയാളത്തിന്റെ പ്രിയനടൻ രാജൻ പി. ദേവിന്റെ കൊച്ചുമകൻ ഡോൺ മൈക്കിൾ അടക്കമുള്ള പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ഡോൺ മൈക്കിൾ പങ്കുവെക്കുകയുണ്ടായി. സെറ്റിൽ മമ്മൂക്ക ഒരു പൂക്കി ആയിരുന്നു എന്നാണ് ഡോൺ മൈക്കിൾ പറയുന്നത്.

മമ്മൂട്ടി എന്ന നടനെക്കുറിച്ച് പൊതുവെ ഒരു ഭീകരാന്തരീക്ഷമാണ് മനസിൽ ഉണ്ടായിരുന്നത്. എന്നാൽ ലോ ആൻഡ് ഓർഡർ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടനോടൊപ്പം പ്രവർത്തിച്ചപ്പോഴാണ് അദ്ദേഹം എത്രത്തോളം സിമ്പിൾ ആയിട്ടുള വ്യക്തിയാണെന്ന് മനസിലായത് എന്ന് പറയുകയാണ് ഡോൺ മൈക്കിൾ.

‘സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീനുകളിൽ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്. സെറ്റിൽ അദ്ദേഹം ശരിക്കും മറ്റുള്ളവർക്ക് പ്രോത്സാഹനം തരുന്ന ഒരു തമാശക്കാരനായിരുന്നു.

ചിലപ്പോൾ ഫോണിലൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്ഷൻ വിളിച്ചാൽ ഡാൻസ് ഒക്കെ ചെയ്താണ് അദ്ദേഹം ആ സീൻ ചെയ്യാൻ ഞങ്ങളുടെ അടുത്തേക്ക് വരുക. ശരിക്കും സെറ്റിൽ മമ്മൂക്ക ഒരു പൂക്കി ആയിരുന്നു,’ ഡോൺ മൈക്കിൾ പറഞ്ഞു.

ചിത്രീകരണ വേളയിൽ തമാശകൾ പറഞ്ഞ് മറ്റു സഹതാരങ്ങളെ കംഫർട്ടബിൾ ആക്കി നിർത്തുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഡോൺ മൈക്കിൾ പറഞ്ഞത്.

‘ഷൂട്ടിങ്ങിന്റെ സമയത്തു കൂടെയുള്ള ആക്ടർസിനോടൊക്കെ തമാശകൾ പറഞ്ഞ് അവരെ തികച്ചും കംഫർട്ടബിൾ ആക്കുമായിരുന്നു അദ്ദേഹം. അതൊക്കെ കണ്ടപ്പോൾ ഞാൻ സത്യത്തിൽ അത്ഭുതപ്പെട്ടു പോയി. ചിലപ്പോൾ ഒരു സീനിൽ ഡയലോഗൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമ്മളോട് എങ്ങനെയുണ്ട് എന്ന് ചോദിക്കും.

നമ്മൾ നല്ലതാണ് എന്ന് പറയുമ്പോൾ, ഓ മോശമാണെങ്കിൽ നീ ഇപ്പോൾ പറയും , എന്നൊക്കെ തമാശ രൂപേണ പറയുമായിരുന്നു. അങ്ങനെയൊക്കെ വളരെ ക്യൂട്ട് ആയിട്ടാണ് മമ്മൂക്ക പെരുമാറുന്നത്. വളരെ ബബ്ലി ആയിട്ടാണ് അദ്ദേഹം സെറ്റിലൂടെ ഓടിനടന്നിരുന്നത്,’ ഡോൺ മൈക്കിൾ ഓർത്തെടുത്തു.

ലോ ആൻഡ് ഓർഡർ. Photo. KeralaTV

Content Highlight: Don Mickael talks about Mammootty