ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടി തമിഴിലേക്ക് റീ എന്‍ട്രി നടത്തിയ ചിത്രമായിരുന്നു ഓ.എം. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിനൊപ്പം ശക്തമായ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രം സിനിമാപ്രേമികള്‍ ഭാഷാ വ്യത്യാസമില്ലാതെ ആഘോഷിച്ചു.

ഓ.എമ്മിന്റെ വന്‍ വിജയത്തിന് പിന്നാലെ മമ്മൂട്ടിയുടെ അടുത്ത തമിഴ് പ്രൊജക്ടുകളെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുകയാണ്. 2027ല്‍ രണ്ട് തമിഴ് സിനിമകള്‍ താരത്തിന്റെ ലൈനപ്പിലുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടനും സംവിധായകനുമായി മിഷ്‌കിനൊപ്പമുള്ള പ്രൊജക്ട് ഇതില്‍ ആദ്യത്തേതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഷ്‌കിന്‍ Photo: Screen grab/ Galatta Plus

കഴിഞ്ഞ കുറച്ചുകാലമായി എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടിയുമൊത്തുള്ള പ്രൊജക്ടിനെക്കുറിച്ച് മിഷ്‌കിന്‍ പ്രത്യേകം സംസാരിക്കാറുണ്ട്. മമ്മൂട്ടിയെ നായകനാക്കി 30 ദിവസത്തില്‍ തീര്‍ക്കാന്‍ പറ്റുന്ന ഒരു കഥയുണ്ടെന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ പുത്തന്‍ കഥപറച്ചില്‍ പരിചയപ്പെടുത്തിയ മിഷ്‌കിന്റെ ഫ്രെയിമില്‍ മമ്മൂട്ടിയെ കാണാനാകുമെന്ന പ്രതീക്ഷ ഇതിന് പിന്നാലെ ആരാധകര്‍ പങ്കുവെച്ചു.

കഴിഞ്ഞദിവസം ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലും മിഷ്‌കിന്‍ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ ഡിസ്‌കഷന്‍ നടക്കുകയാണെന്നും 2027 പകുതിയോടെ ഈ ചിത്രം ഓണ്‍ ആകുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുംദിവസങ്ങളില്‍ ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കുമെന്നാണ് പ്രതീക്ഷ.

മിഷ്‌കിന് പുറമെ മറ്റൊരു തമിഴ് സംവിധായകനും മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പേരന്‍പിന്റെ സംവിധായകന്‍ റാമാണ് താരത്തെ സമീപിച്ചതെന്നാണ് അഭ്യൂഹങ്ങള്‍. മലയാളത്തില്‍ പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ബ്രേക്ക് നല്‍കിയ മമ്മൂട്ടി തമിഴില്‍ തന്നിലെ നടന് വെല്ലുവിളിയാകുന്ന സിനിമകളാകും ചെയ്യുക.

നിലവില്‍ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ ഷൂട്ടിലാണ് മമ്മൂട്ടി. 100 ദിവസത്തിലേറെയായി ഷൂട്ട് ചെയ്യുന്ന ചിത്രം ഈ മാസം പൂര്‍ത്തിയാകും. ഡിസംബര്‍ പകുതിയോടെ ഖാലിദ് റഹ്‌മാനുമൊത്തുള്ള മട്ടാഞ്ചേരി മാഫിയയിലേക്ക് താരം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന മമ്മൂട്ടി 2027ലും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Reports that Mysskin and another Tamil Director waiting for the date of Mammootty