പവൻ സാദിനേനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആകാശം ലോ ഒക്ക താര. ചിത്രത്തിൽ ദുൽഖർ സൽമാന്റെ ചേച്ചിയുടെ വേഷത്തിലാണ് സ്വാസിക എത്തുന്നത്. ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ കഥാപാത്രത്തെക്കുറിച്ച് ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ താരം.

ദുൽഖറിന്റെ ചേച്ചി എന്ന് മാത്രമാണ് ആദ്യം കേട്ടത്. കഥാപാത്രത്തിന് സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അറിയാത്തതായിരുന്നു ആശങ്കയ്ക്ക് കാരണം. എന്നാൽ കഥ കേട്ടതോടെ ആ സംശയങ്ങളെല്ലാം മാറിയെന്നും സ്വാസിക റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സ്വാസിക. Photo. Screen Grab/ Youtube

‘ദുൽഖറിന്റെ സിസ്റ്റർ ആണെന്ന് ആദ്യം പറഞ്ഞപ്പോൾ എന്താണ് കഥ, എങ്ങനെയുള്ള കഥാപാത്രമാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു ഡബിൾ മൈൻഡ് ഉണ്ടായിരുന്നു. വെറുതെ ഒന്നോ രണ്ടോ സീനിൽ വന്ന് പോകുന്ന കഥാപാത്രമാണോ എന്നൊന്നും അറിയില്ലല്ലോ. പക്ഷേ കഥ കേട്ടപ്പോഴാണ് അത്തരം തെറ്റിദ്ധാരണകളൊക്കെ മാറിയത്,’ സ്വാസിക പറഞ്ഞു.

കഥയാണ് ഈ സിനിമയിലെ യഥാർഥ ഹീറോയെന്നും സ്വാസിക പറയുന്നു. സംവിധായകൻ പവൻ സാർ കഥ പറയുന്ന രീതിയും തനിക്ക് ഏറെ ഇഷ്ടമായിരുന്നു. താൻ അവതരിപ്പിക്കുന്ന സരസ്വതി എന്ന കഥാപാത്രത്തെക്കുറിച്ച് മാത്രമല്ല, കല്പനയുടെയും കൃഷ്ണയുടെയും കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും ഉൾപ്പെടെ സിനിമയുടെ മുഴുവൻ കഥയും അദ്ദേഹം വിശദീകരിച്ചിരുന്നുവെന്ന് സ്വാസിക പറഞ്ഞു.

‘കഥ ഏതൊരു ആർട്ടിസ്റ്റിന്റെ അടുത്തുപോയി ഡയറക്ടർ പറഞ്ഞാലും അവർക്ക് ഇഷ്ടപ്പെടാതിരിക്കില്ല. ബാക്കി എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കും ചിലപ്പോൾ നോ പറയുക. അത്രയും മനോഹരമായൊരു കഥയാണ്. പവൻ സാർ ഭയങ്കര രസമായിട്ടാണ് കഥ പറയുന്നത്. ഞാൻ ചെയ്യുന്ന സരസ്വതിയുടെ കഥാപാത്രം മാത്രമല്ല, കല്പനയും കൃഷ്ണയും അവരുടെ പശ്ചാത്തലവും സിനിമയുടെ മൊത്തം കഥയും അദ്ദേഹം പറഞ്ഞുതരും. അതുകൊണ്ട് കഥാപാത്രങ്ങളെല്ലാം നമ്മുടെ ഉള്ളിലേക്ക് അപ്പോഴേ ഇറങ്ങും,’ നടി പറഞ്ഞു.

ദുൽഖറിനൊപ്പം ആദ്യമായി അഭിനയിക്കാൻ പോകുന്നതിന്റെ ആവേശം തനിക്കുണ്ടായിരുന്നെന്നും ചില രംഗങ്ങൾ വായിക്കുമ്പോൾ ദുൽഖറിനൊപ്പം അത് എങ്ങനെ അഭിനയിക്കുമെന്ന ചിന്തയായിരുന്നു മനസിലെന്നും താരം പറയുന്നു. രാത്രിയിൽ ഡയലോഗുകൾ പഠിക്കുമ്പോൾ പോലും അടുത്ത ദിവസം ദുൽഖറിന്റെ മുന്നിൽ നിന്ന് അത് പറയാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും സ്വാസിക തുറന്നുപറഞ്ഞു.

ചിത്രം തെലുങ്കിലായതിനാൽ ഭാഷയായിരുന്നു പ്രധാന വെല്ലുവിളി. ഡയലോഗുകൾ മനസിലാക്കി പഠിച്ചാൽ മാത്രമേ കഥാപാത്രത്തിന്റെ വികാരങ്ങൾ ഉൾക്കൊണ്ട് പറയാൻ കഴിയൂ എന്നതിനാൽ അതിനായി പ്രത്യേകം തയ്യാറെടുപ്പും നടത്തിയിരുന്നെന്നും സ്വാസിക കൂട്ടിച്ചേർത്തു.

‘തെലുങ്ക് ആയതുകൊണ്ട് ഡയലോഗ് മാത്രമായിരുന്നു പ്രശ്നം. ഡയലോഗ് ഒന്ന് മനസിലാക്കി, ബൈഹാർട്ട് ചെയ്താലേ അത് ഉൾക്കൊണ്ട് പറയാൻ പറ്റുകയുള്ളൂ. വെറുതെ പ്രോംപ്റ്റിങ് മാത്രം എടുത്താൽ ചിലപ്പോൾ ആ ഫീൽ കിട്ടില്ല. നമുക്ക് ഒട്ടും പരിചയമില്ലാത്ത ഭാഷയാണല്ലോ. അതുകൊണ്ട് കുറച്ച് ഡയലോഗ് ട്രെയിനിങ് പോലെ പഠിച്ചു. രാത്രിയൊക്കെ ഇരുന്ന് ഡയലോഗുകൾ മലയാളത്തിൽ എഴുതിയെടുത്തും പഠിച്ചു,’ താരം വ്യക്തമാക്കി.

ദുൽഖറിനൊപ്പം അഭിനയിക്കുമ്പോൾ എങ്ങനെയായിരിക്കും രംഗങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മുൻകൂട്ടി തയ്യാറെടുക്കാൻ കഴിയില്ലല്ലോ. അതിനാൽ അദ്ദേഹത്തോട് തന്നെ സംസാരിച്ച് രംഗങ്ങൾ ചെയ്യാനാണ് ശ്രമിച്ചത്. ദുൽഖർ നൽകിയ പിന്തുണയും സഹകരിക്കാനുള്ള സ്വാതന്ത്ര്യവും അഭിനയത്തിൽ ഏറെ സഹായിച്ചുവെന്നും താരം പറഞ്ഞു.

ആകാശം ലോ ഒക്ക താര.Photo. Screen Grab/ Youtube

‘ദുൽഖർ വരുമ്പോൾ എങ്ങനെയായിരിക്കും എന്നുള്ളത് നമുക്ക് പ്രിപ്പയർ ചെയ്തിട്ട് കാര്യമില്ലല്ലോ. ചിലപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിക്കും, നമുക്കൊന്ന് ഡയലോഗ് പറഞ്ഞുനോക്കിയാലോ എന്ന്. അങ്ങനെ ഇരുന്ന് ഡയലോഗ് സംസാരിക്കും. എങ്ങനെ ചെയ്യാം എന്നൊക്കെ ചർച്ച ചെയ്യും. അതൊക്കെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്. ദുൽഖർ ആ ഒരു ഫ്രീഡം എനിക്ക് തന്നു. ഒരു കോ-ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എനിക്ക് ആ സ്വാതന്ത്ര്യം തന്നതുകൊണ്ടാണ് എനിക്കും കുറച്ചുകാര്യങ്ങൾ ഫ്രീയായി ചെയ്യാൻ പറ്റിയത്,’ സ്വാസിക പറഞ്ഞു.

Content Highlight: Actress Swasika Talks About Dulqer salmaan