സീരിയല്‍ രംഗത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടിമാരിലൊരാളാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച താരം വാസന്തിയിലൂടെ സംസ്ഥാന അവാര്‍ഡും തന്റെ ഷെല്‍ഫിലെത്തിച്ചു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ, തമിഴിലും തെലുങ്കിലും സ്വാസിക തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ആകാസം ലോ ഒക്ക താരയിലും സ്വാസിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് താരം വേഷമിടുന്നത്. മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

സ്വാസിക Photo: Screen Grab/ Reporter Films

മലയാളത്തില്‍ ഒരുപാട് സംവിധായകരോട് അവസരം ചോദിച്ചെന്നും എന്നാല്‍ തനിക്ക് നല്ല വേഷങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് അന്യഭാഷയില്‍ ശ്രദ്ധ നല്‍കുന്നതെന്നും താരം പറഞ്ഞു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ തനിക്ക് ചെറിയ വേഷമായിരുന്നു ലഭിച്ചതെന്നും മറ്റ് നായികമാരുടെ റോളിലേക്ക് തന്നെ പരിഗണിക്കാമായിരുന്നെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

‘അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ ചെറിയ റോള്‍ ചെയ്തിരുന്നു. ആദ്യം എനിക്ക് പറ്റിയ റോള്‍ ആ പടത്തില്‍ ഇല്ലെന്നായിരുന്നു സാര്‍ പറഞ്ഞത്. ആ സിനിമ ചെയ്തപ്പോള്‍ എനിക്ക് വലിയ കുഴപ്പമൊന്നും തോന്നിയില്ല. പിന്നീട് ആലോചിച്ചപ്പോള്‍ രമ്യ നമ്പീശന്‍ ചെയ്ത റോളിലേക്ക് എന്നെ പരിഗണിക്കാമായിരുന്നു എന്ന് തോന്നി.

ലാല്‍ ജോസ് സാറിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ വന്നത്. ആ സമയത്ത് ‘എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ വിളിക്കാം’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം സാര്‍ ഒരുപാട് പടങ്ങള്‍ ചെയ്തു. ഏഴ് സുന്ദര രാത്രികള്‍ അങ്ങനെ ഒരുപാട് പടം ചെയ്തു. ഒന്നിലും എന്നെ വിളിച്ചില്ല. എന്താണ് കാരണമെന്നും അറിയില്ല,’ സ്വാസിക പറയുന്നു.

പവന്‍ സദിനേനി സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ ആകാസം ലോ ഒക്ക താര മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയുടെ പ്രകടനവും പലരും എടുത്തുപറയുന്നുണ്ട്. ഒരാഴ്ച പിന്നിടുമ്പോള്‍ 41 കോടിക്കടുത്ത് ആകാസം ലോ ഒക്ക താര നേടിക്കഴിഞ്ഞു.

Content Highlight: Swasika saying she asked chance to Lal Jose and he didn’t called her