തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ ഗൗരവകരമായ വിഷയമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് ആ വിഷയത്തെ നിസാരവത്കരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ (നവംബര്‍ 26, വ്യാഴം)
പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ, നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തലിനെയും നിരന്തര നിരീക്ഷണത്തെയും നിസാരവത്കരിക്കുന്നന്നത് ആശ്ചര്യകരമാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമായ വിഷയമാണെന്നും അതില്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
‘തിരുവനന്തപുരത്ത് ഭരണഘടനാ ദിന പരിപാടിയില്‍, തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭരണഘടനാ ദിനത്തില്‍ തന്നെ, ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികളെ സ്വാഭാവികമെന്ന നിലയില്‍ അവതരിപ്പിച്ചത് വലിയ വിരോധാഭാസമാണ്.
ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് സ്വകാര്യത. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ, ഗൗരവമായ അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ ലാഘവത്തോടെ കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്,’ പിണറായി കുറിച്ചു.
സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോര്ത്തപ്പെടുന്നുണ്ടെങ്കില് അത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോര്‍ത്തലും നടക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന സര്‍വൈലന്‍സ് രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പിണറായി വ്യക്തമാക്കി.
‘ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമായ നടപടിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുണ്ടെങ്കില്‍ അതീവ ഗുരുതരമായ കുറ്റമാണത്.
അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോസ്ഥരെ നടപടിക്ക് വിധേയമാക്കേണ്ടതുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം,’ പിണറായി കുറിച്ചു.
ഇന്നലെ ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ നിരന്തരം നിരീക്ഷണത്തിലാണെന്നും ചോര്ത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണില്‍കൂടി പലകാര്യങ്ങളും തെറ്റിച്ച് പറയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ഫോണ്‍ ചോര്ത്തുന്നതെന്നോ തന്നെ നിരീക്ഷണത്തിലാക്കിയതെന്നോ ഉള്ള കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.
‘സ്റ്റേറ്റിന്റെ നിരീക്ഷണത്തിലാണ് എല്ലാവരും. സംസാരിക്കുമ്പേഴും കാറില്‍ കയറുമ്പോഴും വീട്ടിലേക്ക് കയറുമ്പോഴും മുറിയില്‍ കയറുമ്പോഴുമെല്ലാം നമ്മള് ആരുടെയൊക്കെയോ നിരീക്ഷണത്തിലാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984 എന്ന പുസ്തകം വായിച്ച് ടെന്‍ഷന്‍ ആയിരുന്നു.
ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല. ഞാന്‍ നിരീക്ഷണത്തിലാണെന്ന് എനിക്കറിയാം. ഒരു രഹസ്യവുമില്ല. എന്റെ ഫോണ്‍വരെ ചോര്‍ത്തുന്നുണ്ടെന്ന് എനിക്ക് അറിയാം. ഞാന്‍ അതുകൊണ്ട് ചോര്‍ത്തുന്ന ആളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി കാര്യങ്ങള്‍ തെറ്റിച്ച് പറയും’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Content Highlight: Pinarayi Vijayan’s Response on CM VD Satheesan’s Remarks about Phone Tapping
