കേരളത്തിന് വേണ്ടി കിരീടം നേടുകയാണ് തന്റെ സ്വപ്നമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. രാജ്യത്തിനായി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ കേരളത്തിന് വേണ്ടി വലിയ ചാമ്പ്യൻഷിപ്പുകൾ തിരിച്ചു കൊടുക്കേണ്ട സമയമാണ് ഇതൊന്നും സഞ്ജു പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശത്തിനെതിരെയുള്ള മത്സരത്തിന്റെ ടോസ് സമയത്താണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

‘കേരളത്തെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് വലിയ അഭിമാനമാണ്. എന്റെ സംസ്ഥാനത്തിനായി ഒരു ചാമ്പ്യൻഷിപ്പ് നേടുക എന്നത് എപ്പോഴും എന്റെ സ്വപ്നമായിരുന്നു. രാജ്യത്തിനായി ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഇവിടെ നിന്നാണ് തുടങ്ങിയതെന്ന് ഞാൻ എപ്പോഴും തിരിഞ്ഞു നോക്കാറുണ്ട്. ഞാൻ തുടങ്ങിയത് എന്റെ സംസ്ഥാനത്തിന് വേണ്ടിയാണ്. കേരളം എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്. ഇനി അതിന് തിരിച്ചു കൊടുക്കേണ്ട സമയമാണ്. ഒരു വലിയ ചാമ്പ്യൻഷിപ്പ് തിരിച്ചു കൊടുക്കണം,’ സഞ്ജു സാംസൺ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന്റെ കീഴിൽ കേരളം അടുത്ത റൗണ്ടിലേക്ക് കടന്നു. ഹിമാചൽ പ്രദേശിനെ വീഴ്ത്തിയാണ് കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ 67 റൺസിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരള 268 റൺസാണ് എതിരാളികൾക്ക് നേരെ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനേ സാധിച്ചുള്ളു.

മത്സരത്തിൽ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റൻ സ്‌കോറിലെത്തിയത്. 57 പന്തിൽ 101 റൺസ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ക്യാപ്റ്റൻ സഞ്ജു 21 പന്തിൽ 44 റൺസും രോഹൻ കുന്നുമ്മൽ 16 പന്തിൽ 35 റൺസും നേടി. വിഷ്ണു വിനോദ് 22 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 26 റൺസും അബ്ദുൾ ബാസിത് 24 റൺസും നേടി പുറത്താവാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചൽ പ്രദേശിന് തുടക്കം തന്നെ പാളി. എട്ട് റൺസിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആയുഷ് ജാംവൽ(4), വൈഭവ് ശർമ(3) എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ പുഖ്‌രാജ് മാനും ഏകാന്ത് സെന്നും ചേർന്ന് അമ്പത് റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 16 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ പുറത്തായി.

അഞ്ചാമനായി ഇറങ്ങിയ നെഹാൽ വധേര മൂന്ന് റൺസ് എടുത്ത് മടങ്ങി. ക്രീസിൽ ഉറച്ച് നിന്ന കളിച്ച ഏകാന്ത് സെൻ 39 റൺസിനും പുറത്തായതോടെ ഹിമാചൽ 97/5 എന്ന നിലയിൽ പരുങ്ങി.

ഏഴാം വിക്കറ്റിൽ വൈഭവ് കൽടയും ആര്യമാൻ സിങ്ങും അർധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും 201 റൺസിന് ഹിമാചലിന്റെ പോരാട്ടം അവസാനിച്ചു. കേരളത്തിന് 67 റൺസിന്റെ കൂറ്റൻ ജയവും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ടിക്കറ്റും.

കേരളത്തിന് വേണ്ടി കെ.എം. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് നേടി. എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: Sanju Samson says his dream is to win the title for Kerala cricket team