മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ഹക്കിം ഷാ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എ.ബി.സിഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. എന്നാല്‍ ഹക്കിമിന് ബ്രേക്ക് ത്രൂ നേടി കൊടുത്ത ചിത്രമായിരുന്നു പ്രണയവിലാസം.
ഈ വര്‍ഷം പുറത്തിറങ്ങിയ പെണ്ണ് കേസ്, ഐ നോബഡി തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. താരത്തിന് രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ജയിലര്‍ 2. രജിനികാന്തിനൊപ്പം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും ഒന്നിച്ച ചിത്രത്തില്‍ ഹക്കീം ഷായും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ഹക്കീം ഷാ. Photo: IMDB
ഹക്കീം ഷായുടെ ജീവിത പങ്കാളിയായ സന അല്‍ത്താഫും സിനിമയില്‍ സജീവമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഐ നോബഡിയായിരുന്നു സന അവസാനമായി വേഷമിട്ട ചിത്രം. അടുത്തിടെ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സന അല്‍ത്താഫിന്റെ പങ്കാളിയായതിനാല്‍ ആളുകള്‍ തന്നെ അല്‍ത്താഫ് എന്ന് വിളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹക്കീം ഷാ.
‘പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ എന്നെ അല്‍ത്താഫേ എന്നാണ് വിളിക്കുന്നത്. അത് ഞാന്‍ അവളോട് പറയുകയും ചെയ്തിട്ടുണ്ട്. കാരണം ആള്‍ക്കാരുടെ വിചാരം എന്റെ പേര് അല്‍ത്താഫാണ് എന്നാണ്. അപ്പോള്‍ തന്നെ സനയുടെ ഫാനാണ് അവരെന്ന് എനിക്ക് മനസിലാകും,’ താരം പറയുന്നു.
സനയെ ആദ്യമായി കണ്ടതിനെ കുറിച്ചും ഹക്കീ ഷാ അഭിമുഖത്തില്‍ സംസാരിച്ചു. ആദ്യമായി കണ്ടപ്പോള്‍ സനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഇഷ്ടത്തിലായതെന്നും താരം പറയുന്നു.
‘സന എന്ന പെണ്‍കുട്ടിയുണ്ട്, ആക്ടിങ് വര്‍ക്ക് ഷോപ്പ് എടുക്കുന്നുണ്ട് എന്ന് കേട്ടറിഞ്ഞ് ഞാന്‍ ആ വര്‍ക്ക് ഷോപ്പിന് പോയിരുന്നു. അങ്ങനെ പോയപ്പോഴാണ് സനയെ ആദ്യമായി ഞാന്‍ കാണുന്നത്. കണ്ടപ്പോള്‍ തന്നെ എനിക്ക് ലവ് അറ്റ് ഫസ്റ്റ് അടിച്ച് ഫ്‌ളാറ്റായി. അങ്ങനെ രണ്ട് ദിവസത്തെ ക്ലാസ് കഴിഞ്ഞപ്പോഴാണ് പുള്ളിക്കാരിക്ക് പതിനാറ് വയസ് മാത്രമാണുള്ളതെന്ന് ഞാനറിഞ്ഞത്. പക്ഷേ സിനിമയില്‍ ഓണ്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഭയങ്കര മച്ച്വേര്‍ഡായിട്ടാണ് തോന്നിയത്.

ഹക്കീമും സനയും. Photo: Facebook.com
അങ്ങനെ അയ്യോ എന്ന് തോന്നി എന്നോട് തന്നെ നോ പറഞ്ഞ് ജീവിതം തുടര്‍ന്നു. പിന്നീട് ഒരു അഞ്ചാറ് വര്‍ഷം സിനിമയിലഭിനയിക്കലും മറ്റ് തിരക്കുകളും ഒപ്പം ഒരു റിലേഷന്‍ ഷിപ്പില്‍ പോയി വീഴലും അത് പൊളിയുകയും എല്ലാം ചെയ്തു. കറങ്ങി തിരിഞ്ഞ് ഈ ഫ്‌ളാറ്റില്‍ തന്നെ ഞാനെത്തി. അവിടെ ജീവിക്കുന്ന സമയത്താണ് വീണ്ടും ഞങ്ങള്‍ കാണുന്നത്,’ ഹക്കീം പറഞ്ഞു.
Content Highlight: Hakim shah talks about his partner Sana Althaf
