ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വീണ്ടും യൂറോപ്പിൽ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ സജീവമായിരിക്കുകയാണ്. നിലവിൽ ടോപ് ഫൈവ് ലീഗുകളിൽ അപരാജിതരായി മുന്നേറുന്ന നാല് ടീമുകൾ മാത്രമേയുള്ളൂ. ബുണ്ടസ് ലീഗയിലെയും സിരി എയിലെയും ടീമുകളാണ് ഇതുവരെ തങ്ങളുടെ ലീഗിൽ തോൽവിയറിയാതെ മുന്നേറുന്നത്. ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടും ബയേൺ മ്യൂണിക്കുമാണ് തോൽവി അറിയാതെ കുതിക്കുന്നത്.

ബുണ്ടസ് ലീഗയിൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഡോർട്മുണ്ടാണ്. 10 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും മൂന്ന് സമനിലയുമായി 24 പോയിന്റാണ് ജർമൻ ടീമിന്റെ അക്കൗണ്ടിലുള്ളത്. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളിൽ ആറ് വിജയവും നാല് സമനിലകളുമായി 22 പോയിന്റാണ് ബവേറിയൻസിന്റെ കൈവശമുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കുമായി രണ്ട് പോയിന്റ് വ്യത്യാസമുള്ള ഡോർട്മുണ്ട് ഈ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണെങ്കിൽ നീണ്ട വർഷങ്ങൾക്ക് ശേഷം ജർമനിയിൽ ചാമ്പ്യന്മാരാവാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.

മറുഭാഗത്ത് ഇറ്റാലിയൻ ലീഗിൽ ലാസിയോയും എ.എസ് റോമയുമാണ്‌ തോൽവി അറിയാതെ കുതിക്കുന്നത്. 12 മത്സരങ്ങളിൽ നിന്നും 10 വിജയവും രണ്ട് സമനിലകളുമായി 32 പോയിന്റ് നേടിയാണ് ലാസിയോ ഇറ്റാലിയ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്.

മറുഭാഗത്ത് 12 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും മൂന്ന് സമനിലയുമായി 30 പോയിന്റാണ് റോമയുടെ കൈവശമുള്ളത്. 1999-2000 സീസണിലാണ് അവസാനമായി ലാസിയോ ഇറ്റലി കീഴടക്കിയത്. 26 വർഷങ്ങൾക്ക് ശേഷം ലാസിയോ വീണ്ടും സീരി എ ചാമ്പ്യന്മാർ ആവുമോയെന്നും കണ്ടുതന്നെ അറിയണം.

അതേസമയം ഈ സീസണിൽ യൂറോപ്യൻ ടോപ് ഫൈവ് ലീഗിൽ അമ്പരപ്പിക്കുന്ന കുതിപ്പ് നടത്തിയ ബാഴ്സലോണയും നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയും ആഴ്‌സണലും തങ്ങളുടെ ലീഗുകളിൽ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.

ലാ ലിഗയിൽ 13 മത്സരങ്ങളിൽ നിന്നും 12 വിജയവും ഒരു തോൽവിയും അടക്കം 36 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് നിലവിൽ ബാഴ്സലോണ. ഈ സീസണിൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിനോട് മാത്രമാണ് കറ്റാലന്മാർ പരാജയപ്പെട്ടത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

ലീഗ് വണ്ണിൽ 11 മത്സരങ്ങളിൽ നിന്നും എട്ട് വിജയവും രണ്ട് സമനിലയും ഒരു തോൽവിയും അടക്കം 26 പോയിന്റുമായാണ് പി. എസ്.ജി കുതിക്കുന്നത്. ഫ്രഞ്ച് ലീഗിൽ മൊണോക്കോയാണ് ഈ സീസണിൽ പി.എസ്.ജിയെ പരാജയപ്പെടുത്തിയ ഏക ടീം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും ഓരോ വീതം സമനിലയും തോൽവിയുമായി 28 പോയിന്റുമായി ഒന്നാമതായാണ് പീരങ്കിപ്പട കുതിക്കുന്നത്. ബ്രേറ്റൺ ആണ് പീരങ്കിപ്പടയെ പരാജയപ്പെടുത്തിയ ഒരേയൊരു ടീം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ പരാജയം ഏറ്റുവാങ്ങിയത്.

 

Content Highlight: Borrussia Dortmund, Bayern Munich, Lazio, A.S Roma are the unbeaten team in top five league this season