തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നുവെന്ന് കെ.പി.സി.സി അംഗം ജെ എസ് അഖില്‍. ഉമ്മന്‍ ചാണ്ടി ജെ.എസ്. അഖിലിന്റെ പേരാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം നടക്കാതെ പോയതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയി പരിഗണിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി പരിഗണിക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ കിട്ടേണ്ട ഒരു ഇടത്തെ ആരൊക്കെയോ ബോധപൂര്‍വ്വമായി ഇല്ലാതാക്കിയതിന്റെ ഒരു വിഷമം എനിക്ക് വളരെ നന്നായിട്ടുണ്ട്. ഇല്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇപ്പോഴും പല കാര്യങ്ങളിലും ഒഴിവാക്കപ്പെടുമ്പോഴും ചവിട്ടി തേക്കുമ്പോഴും ഒക്കെ ഉണ്ടായിട്ടുള്ള പ്രയാസങ്ങളുണ്ടെന്നും അഖില്‍ വ്യക്തമാക്കി.

‘ഇങ്ങനെ മാധ്യമങ്ങളെ കണ്ട് ഇത്തരത്തില്‍ ഒരു പ്രതികരണത്തിലേക്ക് പോകണമെന്ന് പോലും ഒരു ഘട്ടത്തില്‍ പോലും ആഗ്രഹിച്ചിരുന്ന ഒരാളല്ല ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ആ സമയത്ത് തന്നെ ഇത്തരത്തിലുള്ള പല കാര്യങ്ങളും മാധ്യമങ്ങളുടെ മുന്നിലേക്ക് ഉയര്‍ന്നു വന്നതാണ്.

ഞാന്‍ ഏതെങ്കിലും തരത്തില്‍ പ്രതികരിച്ച് പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി സാറിനെയും ആ കാലഘട്ടത്തില്‍ വേദനിപ്പിക്കില്ല എന്നുള്ളത് എന്റെ ഉറച്ച തീരുമാനമാണ്. ഞാന്‍ ഒരിക്കലും അത്തരത്തില്‍ ഒരു പൊതുസമൂഹത്തിന് മുന്നില്‍ പ്രശ്‌നം ഒന്നും ഉണ്ടാക്കാതെയിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം മറികടന്നാണ് അഖിലിന് പകരം അടൂരുകാരനെ പ്രസിഡന്റാക്കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

‘ ഉമ്മന്‍ ചാണ്ടി അവസാനനാളുകളില്‍ സംസാരശേഷി നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ കഴിയുമ്പോള്‍ കഴക്കൂട്ടത്തുകാരന്‍ അഖിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന കുറിപ്പ് തിരുവനന്തപുരത്തേക്ക കൊടുത്ത് അയച്ചു. ആ കടലാസ് വലിച്ചുകീറി ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടാണ് അത് അട്ടിമറിച്ച് അടൂരുകാരനെ പ്രസിഡന്റാക്കിയത്. എനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ആശാനു വേണ്ടി ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണ്. നാലു ഗര്‍ഭമുണ്ടാക്കിയവനാണ് അടൂരിലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യുന്നത്,’ എന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്.

അതേസമയം, തനിക്കെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുവെന്നും അഖില്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഇത്തരത്തിലുള്ള ഒരു ആരോപണവുമായി ബന്ധപ്പെട്ടിട്ട് ഒരു ഒരു കാര്യം ഉന്നയിച്ചത്. താന്‍ ഈ വിഷയങ്ങളില്‍ ഒന്നും നേരിട്ട് പങ്കാളിയോ അല്ലെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് ഒരു തരത്തിലുള്ള കാര്യങ്ങളും പറഞ്ഞിട്ടില്ല. എന്നിട്ടും തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ന് ഈ രാവിലെ 11 മണിക്ക് ശേഷം തന്റെ ഫോണില്‍ ഇത്തരം കോളുകളും മെസേജുകളും ലഭിച്ചിരുന്നു. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും അല്ലാതെയും തെറിവിളിയുണ്ടായി. ഇതൊക്കെ ചെയ്യുന്ന ഇത്തരത്തിലുള്ള സൈബര്‍ അറ്റാക്കിങ് ഒരു സൈബര്‍ ബുള്ളിയിങ് ഒരിക്കലും ശരിയല്ല. ആര്‍ക്കക് വേണ്ടിയിട്ടാണെങ്കിലും അത്തരം രാഷ്ട്രീയം നെറികേടിന്റെ രാഷ്ട്രീയമാണെന്നും അഖില്‍ വ്യക്തമാക്കി.

Content Highlight: JS Akhil About Rajmohan Unnithan’s Remark About Youth Congress President Post