കാലടി: കാലടി സര്‍വകലാശാല സമരത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടിയിച്ച വിധിയില്‍ അപ്പീലുമായി വൈസ് ചാന്‍സിലര്‍ സിസാ തോമസ്. വിദ്യാര്‍ത്ഥികളുടെ സസ്പന്ഷന് റദ്ദാക്കിയതിനെതിരെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്ന കോടതിവിധിക്കെതിയെ മറികടന്നാണ് വി.സി വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുന്നത്.
കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍വകലാശാല സ്വീകരിച്ച സസ്പെന്ഷന് നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. സസ്പെന്ഷന് കാരണം നവംബറിലെ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും കോടതി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സര്‍വകലാശാലയുടെ അഞ്ചംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി വിധി. എന്നാല്‍ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന രീതിയിലാണ് സര്‍വകലാശാല വീണ്ടും അപ്പീല്‍ നല്‍കിയത്. വി.സിയുടെ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളോട് സര്‍വകലാശാലയ്ക്ക് അസഹിഷ്ണുതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഭാവി തകര്‍ക്കാന്‍ സര്‍വകലാശാല ശ്രമിക്കരുത്. അധികാരികള്‍ അമിതമായി വികാരാധീനരാകരുത് എന്നടക്കമുള്ള നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രതിഷേധ നാടകത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വൈസ് ചാന്‍സലറെ ആക്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്യുകയും നവംബറിലെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ശ്യാംജിത്ത്, അതുല്യ, അശ്വന്ത്, അര്‍ച്ചന, ആശ്രിത, ശിവകുമാര്‍, ഫസ്ന, ഡോണ മരിയ, ശ്രദ്ധ, വിസ്മയ, വിപിന്‍ മാത്യു, അനഘ, അരുണിമ, ജിഷ്ണു സുരേഷ്, റിതിഷ, അഭിജിത് കെ.വി. എന്നീ വിദ്യാര്ത്ഥികള്ക്കെതിരെയായിരുന്നു നടപടി.
വിദ്യാര്‍ത്ഥികളുടെ സമരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അപരിഷ്കൃതം എന്ന് വിമര്‍ശിച്ചതും, സര്‍വകലാശാലയുടെ നടപടികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്കിയതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Content Highlight: VC Cisa Thomas files an appeal against the court verdict that set aside the suspension of Kalady students
