തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക ക്രീമുകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
രജിസ്ട്രേഷനും സർക്കാർ അംഗീകാരവുമില്ലാതെ വിപണിയിലെത്തുന്ന ഇത്തരം വ്യാജ ഉത്പ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പരിശോധനകൾ ശക്തമാക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച്.ഐ.വി ബാധിതർക്കുള്ള പ്രതിമാസ ധനസഹായം സർക്കാർ കൃത്യമായി നൽകുന്നുണ്ടെന്നും ഫണ്ട് വിതരണത്തിൽ ഏതെങ്കിലും സ്ഥാപനങ്ങൾ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ പ്രതിദിനം ആറായിരത്തോളം പേർ എത്തുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ബൾക്ക് ബുക്കിംങ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ എ.ഡി.ജി.പിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ഭക്തരുടെ തിരക്ക് പരിഗണിച്ച് സ്പോട്ട് ബുക്കിംങ് വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:Strict action against influencers promoting fake face creams; K. Muraleedharan writes to the Home Minister demanding a vigilance inquiry.
