ന്യൂദല്‍ഹി: ഇസ്രഈല്‍-ഹമാസ് വിഷയത്തിലുള്ള തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയതായി മഹാത്മാഗാന്ധിയുടെ പൗത്രന് തുഷാര്‍ ഗാന്ധി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഗസയിലെ ഇസ്രഈല്‍ സൈനിക നടപടികള്‍ തെറ്റാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞതായി തുഷാര്‍ ഗാന്ധി അറിയിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ ഇസ്രഈലുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രസ്താവനകളെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് മറുപടി നല്‍കിയതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
നേരത്തെ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ തുഷാര്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഇസ്രഈലിന്റെ രൂപീകരണം അധാര്‍മികവും നിയമവിരുദ്ധവുമാണെന്നും സയണിസ്റ്റ് രാഷ്ട്രത്തെ അനുകൂലിക്കുന്നത് ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്തതിന്റെയും അവര്‍ അനുഭവിച്ച ദുരിതങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം സയണിസ്റ്റ് രാഷ്ട്രത്തോടുള്ള നിലപാട് രൂപീകരിക്കാനെന്നും, ഇസ്രഈലിന്റെ നടപടികളെ ഹമാസിന്റെ പ്രവര്‍ത്തനങ്ങളുമായി തുലനം ചെയ്യാന്‍ ശ്രമിക്കരുതെന്നും രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഇസ്രഈലിനെ പിന്തുണച്ച് കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പൂര്‍ണമായും വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രപരമായ താത്പ്പര്യങ്ങള്‍ ഒരിക്കലും വംശഹത്യയ്ക്ക് മുകളിലാകരുത്. നമ്മള് ഗസയ്ക്കും ഫലസ്തീന് ജനതയ്ക്കുമൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചിക്കാഗോ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിരവധി പേര് അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
‘നമുക്ക് ഇസ്രഈലുമായി നല്ല ബന്ധമാണുള്ളത്. നമ്മള് അവരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്, അത് നല്ല കാര്യമാണ്. ഇസ്രഈലുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിനെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. നമ്മുടെ സായുധ സേനയ്ക്ക് മികച്ച ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള തന്ത്രപരമായ താത്പ്പര്യങ്ങള്‍ നമുക്കുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഇസ്രഈലിനേക്കാള്‍ വലിയ രാജ്യമാണെന്നും 150 കോടി ജനങ്ങളുള്ള ഒരു രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിദേശനയം മറ്റൊരാള്‍ക്ക് എന്താണ് നല്ലത് എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഇന്ത്യയ്ക്ക് എന്താണ് നല്ലത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഇസ്രഈലുമായുള്ള ബന്ധം ഗസയിലെ മൗനത്തിന് കാരണമാകരുത്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണങ്ങളെയും നിരപരാധികളെ കൊന്നൊടുക്കിയതിനെയും ഞാന്‍ അപലപിക്കുന്നു. അത് തീര്‍ത്തും ഭയാനകവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. അതുപോലെ തന്നെ, ഗസയില്‍ ഇസ്രഈല്‍ ചെയ്ത കാര്യങ്ങളെയും ഞാന്‍ അപലപിക്കുന്നു. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ല. രണ്ട് തെറ്റുകളില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല.
ഇസ്രഈലോ അമേരിക്കയോ, റഷ്യയോ, ചൈനയോ ആകട്ടെ, ആഗോളതലത്തില്‍ ഇന്ത്യയുടെ അര്‍ഹമായ പങ്ക് വഹിക്കുന്നതില്‍ നിന്ന് ഒരു രാജ്യവും നമ്മളെ പിന്നോട്ട് വലിക്കാന്‍ പാടില്ല. ഇന്ത്യ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ദീപങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ ഇടതുപക്ഷ നേതാക്കളും തുഷാര്‍ ഗാന്ധിയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തുഷാര്‍ ഗാന്ധിയെ നേരിട്ട് ബന്ധപ്പെട്ടത്.
ഫോണ്‍ സംഭാഷണത്തിന് പിന്നാലെ രാഹുലിന് നന്ദി അറിയിച്ച് തുഷാര്‍ ഗാന്ധി എക്സില്‍ കുറിപ്പും പങ്കുവെച്ചു. ഇസ്രഈലുമായി പ്രതിരോധ ബന്ധമുണ്ടെങ്കിലും ഇന്ത്യയുടെ വിദേശനയം ഒരിക്കലും ഇസ്രഈല്‍ താത്പ്പര്യങ്ങള്‍ക്ക് അനുസരിച്ചാകില്ലെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായി തുഷാര്‍ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുലിന്റെ വിശദീകരണം സ്വീകരിച്ചെങ്കിലും തെറ്റായി പ്രചരിച്ച വാക്കുകള്‍ മുസ്ലിം സമുദായത്തെ വല്ലാതെ വേദനിപ്പിച്ചതായി തുഷാര്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അതിനാല്‍ ഫലസ്തീനുള്ള പിന്തുണ പരസ്യമായി ആവര്‍ത്തിക്കുന്നതിനായി ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ നേരിട്ട് കാണണമെന്നും അദ്ദേഹം രാഹുലിനോട് അഭ്യര്‍ത്ഥിച്ചു.
Content Highlight: Words were misinterpreted; foreign policy will not be aligned with Israeli interests: Rahul Gandhi offers clarification following controversy over his support for Israel.
