വാഷിങ്ടൺ: യു.എസിന്റെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകളെ മുഴുവൻ കടലിൽ മുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നാവിക ഉപരോധം മറികടന്ന് 14 എണ്ണക്കപ്പലുകൾ അയക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏപ്രിലിൽ ഏർപ്പെടുത്തിയ ഉപരോധം ഇറാൻ മറികടക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് ഇറാൻ യു.എസിന്റെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ അവരുടെ മുഴുവൻ കപ്പലുകളും കടലിലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു.
പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്നും ഒമാൻ ഉൾക്കടലിലേക്ക് കപ്പലുകൾ അയക്കാൻ ഇറാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
അഥവാ ഇറാൻ ഇത്തരമൊരു നീക്കം നടത്തിയാൽ തന്നെ വിജയിക്കില്ലെന്നും യുണൈറ്റഡ് എഗൈൻസ്റ്റ് ന്യൂക്ലിയർ ഇറാന്റെ ഉപദേഷ്ടാവും സമുദ്ര ഉപരോധ വിദഗ്ധനുമായ ചാർളി ബ്രൗൺ പറഞ്ഞു.
‘ഉപരോധം ലംഘിക്കാൻ പെട്ടെന്ന് 14 കപ്പലുകൾ ഇറാൻ ഒരുമിച്ച് അയക്കാൻ പോകുന്നുവെന്നത് പരിഹാസ്യമാണ്. ഈ ഉപരോധം വെറുമൊരു അതിർത്തി രേഖ മാത്രമല്ല. ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറത്തേക്കും ഈ ഉപരോധം നടപ്പിലാക്കാനുള്ള ശേഷി അമേരിക്കൻ നാവിക സേനയ്ക്ക് ഉണ്ട്,’ ചാർളി ബ്രൗൺ പറഞ്ഞു
ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ഇറാന്റെ കപ്പലുകൾക്ക് യു.എസ് നാവികസേനയെ നേരിടേണ്ടി വരുമെന്ന് സമുദ്ര സുരക്ഷാ വിദഗ്ധർ പറഞ്ഞു. ഉപരോധം ലംഘിക്കാനുള്ള ഇറാന്റെ ശ്രമം വലിയൊരു യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) മുന്നറിയിപ്പ് നൽകി.
അതേസമയം അമേരിക്കയുമായുള്ള യുദ്ധം വീണ്ടും തുടങ്ങുന്നതിനോ ഇറാന്റെ എണ്ണക്കപ്പലുകളുടെ നാശത്തിനോ ഇത് കാരണമാകുമെന്നും ഐ.എസ്.ഡബ്ള്യു പറഞ്ഞു.
ഉപരോധം ലംഘിക്കാൻ ഖാർഗ് ദ്വീപിൽ ഇറാൻ 14 ടാങ്കറുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇറാൻ മുനിസിപ്പാലിറ്റിയുമായി ബന്ധമുള്ള ഹംഷഹ്രി എന്ന മാധ്യമം നവംബർ 20 ന് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.
Content Highlight: If Iran’s ships attempt to bypass the naval blockade, they will all end up at the bottom of the sea: Trump
