വാഷിങ്ടൺ: ഡെമോക്രറ്റിക് സെനറ്റർ ചക്ക് ഷൂമർ സെനറ്റ് ഭൂരിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

നേതാവെന്ന നിലയിൽ അദ്ദേഹം മുമ്പ് പരാജയപ്പെട്ടതാണെന്നും ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നേതാവായിരുന്നു ചക്ക് ഷൂമറെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

‘ചക്ക് ഷൂമർ സെനറ്റ് ഭൂരിപക്ഷ നേതാവായാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും. നേതാവെന്ന നിലയിൽ അദ്ദേഹം മുമ്പ് പരാജയപ്പെട്ടതാണ്. വീണ്ടും അദ്ദേഹം പരാജയപ്പെടുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം,’ ട്രംപ് പറഞ്ഞു.

നിലവിൽ ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ നേതാവായ ഷൂമർ സെനറ്റിലെ ന്യൂനപക്ഷ നേതാവാണ്. ഈ മാസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയതോടെ അടുത്ത വർഷം യു.എസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ ഏറ്റെടുക്കും.

എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിൽ ചക്ക് ഷൂമർ നേതൃത്വത്തിൽ വരുന്നതിൽ അതൃപ്തിയുണ്ടെന്നും ഇതിനെത്തുടർന്ന് മേരിലാൻഡ് സെനറ്റർ ക്രിസ് വാൻ ഹോളനും നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ നേതാവായി തുടരാൻ ആവശ്യമായ വോട്ടുകൾ തനിക്കുണ്ടെന്ന് ചക്ക് ഷൂമർ പറഞ്ഞു. അടുത്ത മാസം രഹസ്യ ബാലറ്റിലൂടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചക്ക് ഷൂമറുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ആരോഗ്യ പരിരക്ഷ പോലുള്ള വിഷയങ്ങളിൽ ഡെമോക്രാറ്റുകളുമായി സഹകരിക്കുമെന്നും പറഞ്ഞു.

അമേരിക്കക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന മെഡികെയർ എന്ന പദ്ധതിയുടെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നുവെന്നും ഇതിന്റെ ഭാഗമായി പദ്ധതിയെ ട്രംപ് കെയറെന്ന് വിളിക്കേണ്ടി വന്നാലും തനിക്കതിൽ വിരോധമില്ലെന്നും മിനിസോട്ടയിലെ ഡെമോക്രാറ്റിക് സെനറ്റർ പെഗ്ഗി ഫ്ലാനഗൻ ഞായറാഴ്ച സി.എൻ.എന്നിനോട് പറഞ്ഞു.

Content Highlight: It would be difficult for me to work with Chuck Schumer if he is elected leader: Trump