ജനീവ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മ്യാന്‍ന്മാറിനെതിരായ വിധി റോഹിങ്ക്യന്‍ വംശജരെ സംബന്ധിച്ചിടത്തോളം നീതി ലഭിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്.
കോടതി തീരുമാനം ബന്ധപ്പെട്ട കക്ഷികള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമം നിലനിര്‍ത്തുന്നതില്‍ യു.എന്നിന്റെ പ്രധാന നീതിന്യായ സംവിധാനമായ ഐ.സി.ജെയ്ക്ക് വലിയ പങ്കുണ്ടെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് പറഞ്ഞു.

‘ റോഹിങ്ക്യന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പായാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ഈ വിധിയെ കാണുന്നത്,’ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മ്യാന്‍മറിനെതിരെ കൂടുതല്‍ നടപടികള്‍ പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് മന്ത്രാലയം നേരിട്ട് മറുപടി നല്‍കിയില്ല. എന്നാല്‍ ആയുധ ഉപരോധം, ആഭ്യന്തര അടിച്ചമര്‍ത്തലിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍ക്കുള്ള നിയന്ത്രണം, ആസ്തി മരവിപ്പിക്കല്‍, യാത്രാവിലക്ക് എന്നിവ സ്വിറ്റ്‌സര്‍ലന്‍ഡ് നിലവില്‍ മ്യാന്‍മറിനെതിരെ നടപ്പാക്കിയിട്ടുണ്ട്. 2000-ലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യമായി ഉപരോധം ഏര്‍പ്പെടുത്തിയത്. 2018-ലും 2021-ലെ സൈനിക അട്ടിമറിക്ക് ശേഷവും ഇത് കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.

മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച വിധി പുറത്ത് വന്നത്.

അന്താരാഷ്ട്ര കോടതി വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരനായി കണ്ടെത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. റോഹിങ്ക്യന്‍ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാന്‍മര്‍ സൈന്യം പ്രവര്‍ത്തിച്ചതെന്ന് കോടതി വ്യക്തമാക്കി. 2017 ലെ സൈനിക നടപടികളില്‍ 10,000 റോഹിങ്ക്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും ഏഴ് ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായും കോടതി വിലയിരുത്തി.

റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാന്‍മറിന്റെ വാദം കോടതി തള്ളുകയായിരുന്നു. എന്നാല്‍ സ്വന്തമായി ഭാഷയും സംസ്‌കാരവുമുള്ള, സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ് റോഹിങ്ക്യകളെന്ന് കോടതി പറഞ്ഞു.

ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയും മൃതദേഹങ്ങള്‍ കത്തിച്ചും മ്യാന്‍മര്‍ വ്യാപകമായി തെളിവുകള്‍ നശിപ്പിച്ചു. ഇരകളായ റോഹിങ്ക്യകള്‍ക്ക് മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കണം. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മ്യാന്‍മര്‍ ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlight: A significant step in international efforts to ensure justice for the Rohingya people: Myanmar must comply with the ICJ ruling, says Switzerland.