ഏഴ് വര്‍ഷം നീണ്ട നിയമനടപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ മ്യാന്മര് വംശഹത്യ നടത്തിയെന്ന് വിധി പറഞ്ഞിരിക്കുകയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). 1945ല്‍ സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയില്‍നിന്ന് വംശഹത്യ സംബന്ധിച്ച് ആദ്യമായാണ് ഇത്തരമൊരു അന്തിമവിധി വരുന്നത്. വ്യാഴാഴ്ച നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ പ്രഖ്യാപിച്ച വിധി അന്താരാഷ്ട്ര നീതിന്യായ ചരിത്രത്തിലെ നിര്‍ണായക അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി പീഡനങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്ന റോഹിങ്ക്യന്‍ ജനതയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച നീതിയുടെ അംഗീകാരം കൂടിയാണ് ഈ വിധി. മ്യാന്മറിലെ റാഖൈനില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന 12 ലക്ഷം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെ പരിമിതമായ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ലോകത്തിന്റെ വിവിധിയടങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ വേറെയും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. അഞ്ചു ലക്ഷത്തിലധികം പേര് ഇപ്പോഴും മ്യാന്മറില് കുടുങ്ങിക്കിടക്കുകയും ഗുരുതരമായ പീഡനങ്ങളും ഭീഷണികളും നേരിടുകയുമാണ്.
എന്നാല്‍ റോഹിങ്ക്യന്‍ ജനതയ്ക്ക് നീതിയുടെ പ്രതീക്ഷ നല്കുന്നതിനപ്പുറം ഈ വിധിക്ക് മറ്റൊരു വലിയ പ്രാധാന്യം കൂടിയുണ്ട്. ഒരു ഭരണകൂടത്തിന് വംശഹത്യ നടത്താനുള്ള ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ വ്യക്തമായ രേഖാമൂലമുള്ള ഉത്തരവുകള്‍ തന്നെ വേണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വ്യാപകമായ അതിക്രമങ്ങളുടെ സ്വഭാവം, അവയുടെ തുടര്‍ച്ച, ഭരണകൂടത്തിന്റെ നടപടികള്‍, ഉത്തരവാദിത്തപ്പെട്ടവരുടെ നിലപാടുകള്‍ എന്നിവയെല്ലാം പരിശോധിച്ച് വംശഹത്യാ ഉദ്ദേശ്യം കണ്ടെത്താന്‍ കഴിയുമെന്നതാണ് ഈ വിധിയുടെ പ്രധാന നിയമപ്രാധാന്യം.
ഇതാണ് ഗസയിലെ ഇസ്രാഈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക നല്കിയ വംശഹത്യാ കേസിനും പ്രതീക്ഷ നല്‍കുന്നത്. മ്യാന്മറിനെതിരായ വിധി ഗസയുടെ കാര്യത്തില്‍ നേരിട്ട് ബാധകമാകില്ലെങ്കിലും, അവിടെ വംശഹത്യ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതി സ്വീകരിക്കുന്ന നിയമപരമായ സമീപനത്തെ സ്വാധീനിക്കാന്‍ ഈ വിധിക്ക് കഴിഞ്ഞേക്കും.
‘ഈ വിധി ഗസയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തെ സ്വാധീനിക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ ഗസയിലെ സംഭവങ്ങളെ കോടതി ഏത് നിയമപരമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമെന്നതില്‍ നിര്‍ണായകമായേക്കാം,’ ഫലസ്തീന് രാഷ്ട്രീയ നിരീക്ഷകന് അഹമ്മദ് നജ്ജാര്‍ അല്‍ജസീറയോട് പറഞ്ഞു.
റോഹിങ്ക്യന്‍ കേസിലെ വിധി ഗസയിലെ നീതിക്കായുള്ള പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കും? ദക്ഷിണാഫ്രിക്കയുടെ കേസില്‍ ഇനി എന്തൊക്കെയാണ് നിര്‍ണായകമാകുക? ഇസ്രാഈലിനും സഖ്യകക്ഷികള്‍ക്കും ഈ വിധി എന്ത് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാക്കുക? പരിശോധിക്കാം…
അന്താരാഷ്ട്ര നിയമത്തിന് നിര്‍ണായകമായ വിധി
അന്താരാഷ്ട്ര നിയമത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിമിഷമായാണ് മ്യാന്മറിനെതിരായ ഐ.സി.ജെ വിധി വിലയിരുത്തപ്പെടുന്നത്. വംശഹത്യാ കുറ്റം ഒരു രാജ്യത്തിനെതിരെ തെളിയിക്കാനാകില്ലെന്ന വാദത്തിന് ഈ വിധി മറുപടി നല്കുന്നു. അതേസമയം, ഒരു രാജ്യത്തിന്റെ നടപടികള്‍ വംശഹത്യയാണെന്ന് കണ്ടെത്താന്‍ വലിയ രീതിയിലുള്ളനിയമപരമായ തെളിവുകള്‍ ആവശ്യമാണെന്ന നിലവിലെ മാനദണ്ഡവും കോടതി നിലനിര്‍ത്തി.
വംശഹത്യ നടത്താനുള്ള ഉദ്ദേശ്യം തെളിവുകള്‍ വഴി സ്ഥാപിക്കാനായെന്നതാണ് വിധിയുടെ കാതല്‍. വിധിയില്‍ കോടതി ഇങ്ങനെ പറയുന്നു. ‘മ്യാന്മറിന്റെ പ്രവര്‍ത്തനങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വ്യാപ്തിയും സ്വഭാവവും ജനങ്ങളെ ശിക്ഷിക്കുകയെന്ന ലക്ഷ്യത്തിന് അപ്പുറമായിരുന്നു. പകരം സംരക്ഷിക്കപ്പെടേണ്ട ഒരു ജനവിഭാഗത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഭരണകൂടം അവിടെ നടപ്പാക്കിയത്. നിരവധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും നാടുകടത്തപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമായ അതിക്രമങ്ങളും നടന്നു’.
വിധിയിലെ ഈ നിരീക്ഷണങ്ങള്‍ക്ക് ഗസയിലെ ഇസ്രഈല്‍ നടപടികളുമായും ചില സാമ്യങ്ങളുണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മ്യാന്മര് ഭരണകൂടം വംശഹത്യാ ഉദ്ദേശ്യമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഗസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം തടയുമെന്ന് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരോധിക്കപ്പെട്ട പ്രദേശത്തെ ജനങ്ങളോട് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതും, പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലേക്കാണ് അവരെ എത്തിച്ചതും ഗസയിലെ സംഭവവികാസങ്ങളുടെ ഭാഗമാണ്.
റോഹിങ്ക്യന്‍ കേസും ഗസ കേസും തമ്മിലുള്ള നിയമപരമായ സാമ്യം
റോഹിങ്ക്യന്‍ ജനതയ്ക്കുവേണ്ടി ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ നല്കിയ കേസും ഗസയിലെ ഇസ്രാഈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക നല്കിയ കേസും തമ്മില്‍ നിര്‍ണായകമായ ചില നിയമസാമ്യങ്ങളുണ്ട്.
2019 നവംബറിലാണ് ഗാംബിയ മ്യാന്മറിനെതിരെ വംശഹത്യാ ആരോപണവുമായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. അതിന് രണ്ടു വര്‍ഷം മുമ്പ് മ്യാന്മറിലെ തത്മദോ എന്നറിയപ്പെടുന്ന സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ ‘ക്ലിയറന്‍സ് ഓപ്പറേഷന്‍സ്’ ആരംഭിച്ചിരുന്നു.
പൊലീസ് പോസ്റ്റുകള്‍ക്ക് നേരെ റോഹിങ്ക്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന അരാകന് റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ARSA) നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് സൈനിക നടപടിയെന്നായിരുന്നു മ്യാന്മറിന്റെ വിശദീകരണം.
എന്നാല്‍ ഈ സൈനിക നടപടികള്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതല്ലെന്നായിരുന്നു മ്യാന്മറിന്റെ വാദം. അതേസമയം, കൂട്ടക്കൊലകള്‍ നടന്നതും റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടതും വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉപഗ്രഹദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതിക്രമങ്ങളെ അതിജീവിച്ച ആയിരക്കണക്കിന് ആളുകള്‍ പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും അനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. തത്മദോയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളും പുറത്തുവന്നു. ഇതെല്ലാം പരിഗണിച്ചാണ് 15 അംഗ ജഡ്ജിമാരുടെ പാനലില്‍ ഒമ്പത് പേര് മ്യാന്മര് വംശഹത്യ നടത്തിയെന്ന നിഗമനത്തിലെത്തിയത്.
വ്യാപകമായ അതിക്രമങ്ങളുടെ തെളിവുകളില്‍നിന്ന് എത്തിച്ചേരാവുന്ന ഏക നിഗമനം വംശഹത്യ നടന്നുവെന്നതാണെന്ന് കോടതി വ്യക്തമാക്കി.
റോഹിങ്ക്യന്‍ ജനതയെ ലക്ഷ്യമിട്ട് മ്യാന്മറിലെ സുരക്ഷാസേന ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയെന്നും വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയെന്നും കുട്ടികള്‍ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെന്നും കോടതി കണ്ടെത്തി. ബംഗ്ലാദേശിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കെതിരെയും ആക്രമണം നടത്തിയതായി കോടതി നിരീക്ഷിച്ചു.
കൂടാതെ, റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സിവിലിയന്‍ സായുധ സംഘങ്ങള്‍ പങ്കെടുത്തത് മ്യാന്മര് അറിഞ്ഞുകൊണ്ട് അനുവദിച്ചെന്നും കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുകയോ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും കോടതി കണ്ടെത്തി. റോഹിങ്ക്യന്‍ ജനതയെ ഇല്ലാതാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് മ്യാന്മര് പ്രവര്‍ത്തിച്ചതെന്നും അവരുടെ മറ്റൊരു തലമുറ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
2020ല്‍ കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകള്‍ മ്യാന്മര് പാലിക്കാതിരിക്കുകയും തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതായും കോടതി നിരീക്ഷിച്ചു.
‘മ്യാന്മറിന്റെ സുരക്ഷാസേന ആയിരക്കണക്കിന് റോഹിങ്ക്യന്‍ സാധാരണക്കാരെ കൊലപ്പെടുത്തുകയും വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തുകയും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. റോഹിങ്ക്യന്‍ ജനതയ്ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്തം മ്യാന്മര് ഏറ്റെടുക്കണം. ദുരന്ത ബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം,’ ഐ.സി.ജെ പ്രസിഡന്റ് യുജി ഇവാസാവ വിധി പ്രസ്താവിക്കവെ പറഞ്ഞു.
റോഹിങ്ക്യന്‍ ജനതയ്ക്ക് അവരുടെ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കുക, തകര്‍ക്കപ്പെട്ട സ്വത്തുക്കള്‍ പുനഃസ്ഥാപിക്കുക, ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. കാണാതായവരെക്കുറിച്ച് വിവരങ്ങള്‍ കണ്ടെത്തുക, വേര്‍പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുക, മരിച്ചവര്‍ക്ക് മാന്യമായ സംസ്കാരം ഉറപ്പാക്കുക, വൈദ്യസഹായവും മാനസികാഘാതങ്ങളില്നിന്നുള്ള പരിചരണവും ലഭ്യമാക്കുക എന്നിവയും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്കയുടെ ഇസ്രാഈലിനെതിരായ വംശഹത്യാ കേസ്
2023 ഒക്ടോബറില്‍ ഗസയ്ക്കെതിരായ ഇസ്രാഈല്‍ യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് 2023 ഡിസംബര്‍ 29ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഗസയിലെ ഫലസ്തീന് ജനതയ്ക്കെതിരെ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും ഇപ്പോഴും അത് തുടരുകയാണെന്നുമായിരുന്നു ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടിയത്.
ഗസയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ഇസ്രാഈല്‍ സൈനിക നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.
2024 ജനുവരിയില്‍ രണ്ടു ദിവസം നീണ്ട വാദം കേട്ടശേഷം ഇസ്രാഈലിന്റെ നടപടികള്‍ വംശഹത്യയുടെ പരിധിയില്‍ വരാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വംശഹത്യ തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇസ്രാഈലിനോട് നിര്‍ദേശിക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ തെക്കന്‍ ഇസ്രാഈലിലെ സൈനിക കേന്ദ്രങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നായിരുന്നു ഇസ്രാഈലിന്റെ വാദം. ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരെയല്ലെന്നുമായിരുന്നു ഇസ്രാഈലിന്റെ വിശദീകരണം.
എന്നാല്‍ ഈ വാദം നിലനില്‍ക്കുമ്പോഴും വംശഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തന്നെയായിരുന്നു കോടതിയുടെ നിര്‍ദേശം.
ഗസയിലെ കൂട്ടക്കൊലകള്‍ തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 2024 മാര്‍ച്ചില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യപ്പെട്ടു. ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇസ്രാഈലിനോട് കോടതി നിര്‍ദേശിച്ചു. ഗസയിലെ ജനങ്ങള്‍ പട്ടിണിയുടെയും ക്ഷാമത്തിന്റെയും ഭീഷണി നേരിടുകയാണെന്നും കോടതി കണ്ടെത്തി.
2024 മെയ് മാസത്തില്‍ മൂന്നാമത്തെ ഉത്തരവിലൂടെ റഫയില്‍ ഇസ്രാഈല്‍ ആരംഭിച്ച മാരകമായ കരയാക്രമണം നിര്‍ത്തിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ഉത്തരവുകളൊന്നും ഇസ്രാഈല്‍ പാലിച്ചില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും വിലയിരുത്തിയിരുന്നു.
2024 ജനുവരിയില്‍ കോടതി ആദ്യമായി കേസ് പരിഗണിക്കുമ്പോള്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,000 കടന്നിരുന്നു. ഇതില്‍ 10,000 പേര് കുട്ടികളായിരുന്നു.
ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75,000ത്തോടടുക്കുന്നു. ഇവരില്‍ ഏകദേശം 21,000 പേര് കുട്ടികളാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായവരും മരിച്ചതായി കണക്കാക്കപ്പെടുന്ന ആയിരക്കണക്കിന് ആളുകളും ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.
2025 ഒക്ടോബറില്‍ ഇസ്രാഈലും ഹമാസും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചെങ്കിലും അതിനുശേഷവും ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കരാര്‍ പ്രഖ്യാപിച്ചതിനുശേഷം മാത്രം 1,662 പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
ഇസ്രാഈല്‍ വംശഹത്യ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്തിമവിധി വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഇരു കക്ഷികളും തങ്ങളുടെ വാദങ്ങളും അതിനുള്ള മറുപടികളും രേഖാമൂലം കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 2027 നവംബറിലാണ് ദക്ഷിണാഫ്രിക്ക കേസിലെ അടുത്ത രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
ഗസയിലെ തെളിവുകളും ഇസ്രാഈല്‍ ഭരണകൂടത്തിന്റെ നിലപാടുകളും
റോഹിങ്ക്യന്‍ കേസില്‍ കോടതി പരിഗണിച്ച തെളിവുകള്‍ക്ക് സമാനമായ നിരവധി തെളിവുകള്‍ ഗസയിലും പുറത്തുവന്നിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇസ്രാഈലിന്റെ നിയന്ത്രണത്തിലുള്ള ‘യെല്ലോ ലൈനി’ന് പിന്നില്‍ ഗസയിലെ 128 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് (മൊത്തം ഗസയുടെ 35 ശതമാനം) 21 ലക്ഷം ജനങ്ങള്‍ തിങ്ങിഞെരുങ്ങിക്കഴിയുന്നുവെന്നാണ് കണക്കുകള്‍.
ഇസ്രാഈലിലെ തീവ്രവലതുപക്ഷ നേതാക്കള്‍ ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ അപമാനിക്കുന്നതും അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുമുണ്ട്.
2025ല്‍ അല്‍ജസീറ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് പുറത്തുവിട്ട ‘GAZA’ എന്ന അന്വേഷണാത്മക ഡോക്യുമെന്ററിയും ഇസ്രാഈല്‍ സൈനികരുടെ തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുള്ള വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു.
ഇസ്രാഈല്‍ സൈനികര്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഗസയിലെ അതിക്രമങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് ഡോക്യുമെന്ററി ചൂണ്ടിക്കാട്ടി.
റോഹിങ്ക്യന്‍ കേസില്‍ കോടതി പരിഗണിച്ച തെളിവുകളുടെ സ്വഭാവവും ഗസയില്‍ ലഭ്യമായ തെളിവുകളും തമ്മിലുള്ള ഈ സാമ്യമാണ് പുതിയ വിധിയെ കൂടുതല്‍ പ്രസക്തമാക്കുന്നത്.
വംശഹത്യാ ഉദ്ദേശ്യം തെളിയിക്കാന്‍ ഇനി എളുപ്പമാകുമോ?
മ്യാന്മറിനെതിരായ വിധിയുടെ ഏറ്റവും വലിയ നിയമപ്രാധാന്യം വംശഹത്യാ ഉദ്ദേശ്യം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
ഒരു ജനവിഭാഗത്തെ ഇല്ലാതാക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖാമൂലമുള്ള ഉത്തരവുകള്‍ ഉണ്ടായിരിക്കണമെന്നില്ല. പകരം, ഒരു ജനവിഭാഗത്തിനെതിരെ നടന്നുവരുന്ന അതിക്രമങ്ങളുടെ ആകെത്തുക, അവയുടെ വ്യാപ്തി, ആവര്‍ത്തനം, ഭരണകൂടത്തിന്റെ പ്രതികരണം, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ തുടങ്ങിയവ പരിശോധിച്ച് വംശഹത്യാ ഉദ്ദേശ്യം കണ്ടെത്താനാകുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
മ്യാന്മറിന്റെ നടപടികള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കാമെന്ന് കോടതി അംഗീകരിച്ചു. റോഹിങ്ക്യകളെ അവരുടെ പ്രദേശത്തുനിന്ന് പുറത്താക്കുക, അവരെ ശിക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കൊപ്പം വംശഹത്യാ ഉദ്ദേശ്യവും നിലനില്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
അതായത്, ഒരു ജനവിഭാഗത്തെ പുറത്താക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഭരണകൂടത്തിനുണ്ടായിരുന്നതെന്ന് വാദിച്ചാല്‍ വംശഹത്യാ ആരോപണത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല.
അതിക്രമങ്ങളുടെ ആകെത്തുക പരിശോധിക്കുമ്പോള്‍ വംശഹത്യാ ഉദ്ദേശ്യമല്ലാതെ മറ്റൊരു യുക്തിസഹമായ നിഗമനത്തിലേക്ക് എത്താനാകില്ലെന്ന് കോടതി കണ്ടെത്തിയതാണ് നിര്‍ണായകം.
മ്യാന്മറിലെ വംശഹത്യ വിലയിരുത്തുമ്പോള്‍ ഏകദേശം 10,000 പേരുടെ മരണസംഖ്യ മാത്രമല്ല കോടതി പരിഗണിച്ചത്. വടക്കന്‍ റാഖൈന്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് ഇരയായ 8,15,000 റോഹിങ്ക്യന്‍ ജനതയുടെ ആകെ എണ്ണവും പരിഗണിച്ചു.
അതായത്, കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമല്ല, ഒരു ജനവിഭാഗത്തിന്റെ എത്ര വലിയൊരു ഭാഗമാണ് ആക്രമണത്തിന് ഇരയായത് എന്നതും കോടതി പരിശോധിച്ചു.
അതിജീവിച്ചവര്‍ നേരിട്ട മാനസികാഘാതങ്ങള്‍, പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ അവസ്ഥ, റോഹിങ്ക്യന്‍ സമൂഹത്തിന്റെ പ്രത്യുല്പാദന ശേഷിയിലുണ്ടായ ആഘാതം എന്നിവയും കോടതി പരിഗണിച്ചുവെന്നത് പ്രധാനമാണ്.
വംശഹത്യ വിലയിരുത്തുമ്പോള്‍ മരണസംഖ്യയ്ക്ക് അപ്പുറമുള്ള പ്രത്യാഘാതങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഫലസ്തീന് രാഷ്ട്രീയ നിരീക്ഷകന് അഹമ്മദ് നജ്ജാര്‍ പറയുന്നതും ഇതുതന്നെയാണ്. മ്യാന്മര് കേസില്‍ വംശഹത്യാ ഉദ്ദേശ്യം വ്യാപകമായ അതിക്രമങ്ങളുടെ ആകെത്തുകയില്നിന്ന് കണ്ടെത്താന്‍ കഴിയുമെന്ന് കോടതി തെളിയിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ഗസയിലെ തെളിവുകള്‍ കോടതി സ്വതന്ത്രമായി വിലയിരുത്തേണ്ടതുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ വ്യക്തമായ നിയമപരമായ വഴികാട്ടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.
യു.കെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലെ നിയമവിദഗ്ധന് പ്രൊഫസര്‍ ട്രിയസ്റ്റിനോ മറിനിയെല്ലോയും ഈ വിധിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
‘മ്യാന്മറിലെയും ഗസയിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഗസയുടെ കാര്യത്തിലും ഈ നിയമസമീപനം ബാധകമാകാമെന്നാണ് കരുതുന്നത്, പ്രൊഫസര്‍ ട്രിയസ്റ്റിനോ മറിനിയെല്ലോ പറഞ്ഞു.
ഇസ്രാഈല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് ഉപയോഗിക്കുന്നതെന്ന വാദം ഉന്നയിക്കുമ്പോഴും വംശഹത്യ നടന്നിട്ടുണ്ടോ എന്ന് കോടതി പരിശോധിക്കേണ്ടിവരും. സ്വയം പ്രതിരോധമെന്ന അവകാശവാദം മാത്രം വംശഹത്യാ ആരോപണങ്ങളില്‍നിന്ന് ഒരു ഭരണകൂടത്തെ ഒഴിവാക്കില്ലെന്ന നിയമപരമായ സമീപനമാണ് ഈ വിധിയിലൂടെ കൂടുതല്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഈ വിധിയില്‍ ഇസ്രാഈലിനുള്ള നിരവധി സന്ദേശങ്ങളുണ്ട്. തീര്‍ച്ചയായും പ്രകടമായ വ്യത്യാസങ്ങളുണ്ട്. തെളിവുകളും വ്യത്യസ്തമായിരിക്കും. എന്നാല്‍ മ്യാന്മര് എന്ന വാക്കിന് പകരം ഇസ്രാഈല്‍ എന്നാക്കുകയാണെങ്കില്‍ വിധിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടിവരില്ല.’ മിഡില്‍സെക്സ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര നിയമ പ്രൊഫസറും വംശഹത്യാ വിഷയത്തില്‍ വിദഗ്ധനുമായ വില്യം ഷബാസ് പറഞ്ഞു:
ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതികളും ഗസയില്‍ വംശഹത്യ നടന്നിട്ടുണ്ടെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ജെനോസൈഡ് സ്കോളേഴ്സും സമാനമായ നിഗമനത്തിലെത്തിയിട്ടുണ്ട്.
ഭീകരവിരുദ്ധ നടപടിയെന്ന പേരില്‍ ഒരു സമൂഹത്തെ തന്നെ ഇല്ലാതാക്കലും കുട്ടികള്‍ക്കെതിരായ ആക്രമണവും
റോഹിങ്ക്യന്‍ കുട്ടികള്‍ക്കെതിരായ ആക്രമണത്തെ ഒരു ജനവിഭാഗത്തിന്റെ നിലനില്‍പ്പിന്റെ അടിത്തറയ്ക്കു നേരെയുള്ള ആക്രമണമായാണ് ഐ.സി.ജെ വിലയിരുത്തിയത്.
അഞ്ച് വയസ്സില്‍ താഴെയുള്ള 2,109 റോഹിങ്ക്യന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കോടതിയുടെ കണക്ക്.
അതേസമയം, ഗസ യുദ്ധത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 5,000ത്തിലധികം ഫലസ്തീന് കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ആക്രമണം ഒരു ജനവിഭാഗത്തിന്റെ ഭാവിയെയും നിലനില്‍പ്പിനെയും ബാധിക്കുന്ന ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം ഗസ കേസിലും പ്രസക്തമാകാമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.
മാത്രമല്ല ഗ്രാമങ്ങള്‍ തകര്‍ത്തതിന് പിന്നാലെ വലിയ തോതില്‍ ഭൂമി നിരപ്പാക്കുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്തതും കോടതി ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രധാന ഘടകമായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നു. ഗസ മുനമ്പിന്റെ 60 ശതമാനത്തിലധികം പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതും ഇതിന് സമാനമായ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്.
മ്യാന്മര് കേസിന്റെ കേന്ദ്രത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അന്താരാഷ്ട്ര സമൂഹത്തെ അലട്ടുന്ന ഒരു ചോദ്യമുണ്ടായിരുന്നുവെന്ന് ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ കേജ് ഇന്റര്‍നാഷണലിലെ അനസ് മുസ്തഫ ചൂണ്ടിക്കാട്ടുന്നു.
ഭീകരവാദ വിരുദ്ധ നടപടിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു ഭരണകൂടത്തിന് ഒരു ജനതയെ ഇല്ലാതാക്കാന്‍ കഴിയുമോ എന്നതായിരുന്നു ആ ചോദ്യം. എന്നാല്‍ മ്യാന്മറിനെതിരായ വിധി ഈ വാദത്തെ അംഗീകരിക്കാതിരുന്ന ചരിത്രപരമായ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു.
‘ആദ്യമായി ഒരു കോടതി ആ പ്രതിരോധവാദം അംഗീകരിക്കാന്‍ വിസമ്മതിച്ചിരിക്കുന്നു. റോഹിങ്ക്യര്ക്കെതിരായ വംശഹത്യയെ ഭീകരവിരുദ്ധ നടപടിയെന്ന ഭാഷ ഉപയോഗിച്ച് ന്യായീകരിക്കാനുള്ള ശ്രമങ്ങളെയാണ് കോടതി അംഗീകരിക്കാതിരുന്നത്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അധിനിവേശങ്ങള്‍ മുതല്‍ ഗസയിലെ വംശഹത്യ വരെയുള്ള സംഭവങ്ങളിലൂടെ അമേരിക്കയും മറ്റ് പാശ്ചാത്യ കൊളോണിയല്‍ ശക്തികളും ഇത്തരം നടപടികള്‍ക്ക് ആവശ്യമായ ഭാഷയും മാതൃകകളും സൃഷ്ടിച്ചുവെന്നും മുസ്തഫ ചൂണ്ടിക്കാട്ടി.
‘അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അധിനിവേശം മുതല്‍ ഗസയിലെ വംശഹത്യ വരെ, ഇതിന് വഴിയൊരുക്കിയ സര്‍ക്കാരുകളൊന്നും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
വംശഹത്യാ കണ്വെന്ഷന് പ്രാധാന്യം നല്കുന്ന വിധി
1948ലെ വംശഹത്യാ കണ്വെന്ഷന് തന്നെ പുതിയ പ്രാധാന്യം നല്കുന്നുന്നതാണ് ഈ വിധി. ‘ഈ വിധി വംശഹത്യാ കണ്‍വെന്‍ഷനെ വീണ്ടും സജീവമാക്കുന്ന ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. കണ്വെന്ഷന് പ്രായോഗികവും യഥാര്‍ഥവുമായ അര്‍ഥം നല്കാന് ഇതിലൂടെ കഴിഞ്ഞു. മറിച്ചൊരു നിലപാടാണ് കോടതി സ്വീകരിച്ചിരുന്നതെങ്കില്‍ ഈ കണ്വെന്ഷന് ഫലത്തില്‍ അര്‍ഥമില്ലാത്ത ഒന്നായി മാറുമായിരുന്നു.’, ഗാംബിയയുടെ നിയമസംഘത്തില്‍ അംഗമായിരുന്ന പ്രമുഖ മനുഷ്യാവകാശ അഭിഭാഷകന് ഫിലിപ്പ് സാന്‍ഡ്സ് പറഞ്ഞു
‘അതിജീവിച്ചവര്‍ക്കും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിച്ച അപൂര്‍വമായൊരു നീതിയുടെ നിമിഷമാണിത്.’ എന്നായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കാലമാര്‍ഡ് വിധിയെ വിശേഷിപ്പിച്ചത്
അന്താരാഷ്ട്ര നിയമം കൂടുതല്‍ അവഗണിക്കപ്പെടുന്ന കാലത്ത് മാനുഷിക നിയമങ്ങളുടെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ വിധിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘അന്താരാഷ്ട്ര നിയമത്തെ സംബന്ധിച്ച് ഇതൊരു നല്ല ദിവസമാണ്. നമുക്ക് ഇത് ആവശ്യമായിരുന്നു. നിയമത്തിലെ പല കാര്യങ്ങളിലും വ്യക്തത വരുത്തുന്ന ഈ വിധി ഭാവിയില്‍ ഏറെ സഹായകമാകും.’, ഉത്രെക്റ്റ് സര്‍വകലാശാലയിലെ യുദ്ധക്കുറ്റ വിദഗ്ധയായ ഡോ. ഇവ വുകുഷിച്ച് പറഞ്ഞു.
എന്തുകൊണ്ടാണ് ഐസിജെ വംശഹത്യാ കേസുകളില്‍ ഇത്ര അപൂര്‍വമായി മാത്രം വിധി പറയുന്നത്?
വംശഹത്യ തെളിയിക്കുക എന്നത് യുദ്ധക്കുറ്റങ്ങളോ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളോ തെളിയിക്കുന്നതിനെക്കാള്‍ സങ്കീര്‍ണമാണ്. അതില്‍ ഏറ്റവും പ്രയാസകരമായ ഭാഗം വംശഹത്യ നടത്താനുള്ള ഉദ്ദേശ്യം തെളിയിക്കലാണ്.
1948ലെ വംശഹത്യാ കണ്വെന്ഷന് പ്രകാരം ഒരു ദേശീയ, വംശീയ, വര്‍ഗീയ അല്ലെങ്കില്‍ മതവിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന ചില പ്രവൃത്തികളാണ് വംശഹത്യയായി കണക്കാക്കുന്നത്.
വംശഹത്യ തെളിയിക്കാന്‍ അഞ്ച് തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കണ്വെന്ഷന് നിര്‍വചിക്കുന്നത്.
1. ഒരു പ്രത്യേക ജനവിഭാഗത്തിലെ ആളുകളെ കൊലപ്പെടുത്തുക.
2. അവര്‍ക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ പരിക്കുകള്‍ ഏല്‍പ്പിക്കുക.
3. ആ ജനവിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുക.
4. ആ ജനവിഭാഗത്തിനുള്ളില്‍ ജനനങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കുക.
5. ആ ജനവിഭാഗത്തിലെ കുട്ടികളെ ബലമായി മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുക.
മ്യാന്മറിനെതിരായ കേസില്‍ ഈ അഞ്ച് കുറ്റകൃത്യങ്ങളില്‍ നാലെണ്ണം നടന്നതായി കോടതി കണ്ടെത്തി.
അതേസമയം ഐ.സി.ജെയുടെ അധികാരപരിധിയിലും ചില പരിമിതികളുണ്ട്. ഒരു രാജ്യത്തിനെതിരെ വംശഹത്യാക്കുറ്റം തെളിയിക്കണമെങ്കില്‍, ആ രാജ്യത്തിന്റെ ഭരണകൂടത്തിന് തന്നെ വംശഹത്യാ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് ഹരജിക്കാര്‍ തെളിയിക്കണം. ചില വ്യക്തികളോ ഉദ്യോഗസ്ഥരോ കുറ്റം ചെയ്തുവെന്ന് തെളിയിച്ചാല്‍ മാത്രം മതിയാകില്ല. മുന്‍കാലങ്ങളില്‍ പല വംശഹത്യാ കേസുകളും ഈ ഘട്ടത്തിലാണ് തടസ്സപ്പെട്ടത്.
2007ല്‍ ബോസ്നിയന്‍ വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സെര്‍ബിയ വംശഹത്യ നടത്തിയിട്ടില്ലെന്നായിരുന്നു ഐ.സി.ജെയുടെ വിധി. എന്നാല്‍ സ്രെബ്രെനിക്കയില്‍ ബോസ്നിയന്‍ സെര്‍ബ് സൈനികര്‍ നടത്തിയ വംശഹത്യ തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും സെര്‍ബിയ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
വ്യക്തികള്‍ വംശഹത്യയില്‍ കുറ്റക്കാരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ട്രൈബ്യൂണലുകള്‍ കണ്ടെത്തിയിട്ടും സെര്‍ബിയന്‍ ഭരണകൂടത്തിനെതിരെ നേരിട്ട് വംശഹത്യാ കുറ്റം ചുമത്താന്‍ കോടതിക്ക് കഴിഞ്ഞില്ല.
എന്നാല്‍ 2007നുശേഷം ഐ.സി.ജിയുടെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വയം പ്രതിരോധമെന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സാഹചര്യത്തിലും വംശഹത്യ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി കൂടുതല്‍ സന്നദ്ധത കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മ്യാന്മറിനെതിരായ വിധി ഈ മാറ്റത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
വിധി ഏകകണ്ഠമായിരുന്നില്ല; ആറ് ജഡ്ജിമാര്‍ വിയോജിച്ചു
15 അംഗ ജഡ്ജിമാരുടെ പാനലില്‍ ഒമ്പത് പേര് അനുകൂലിച്ചും ആറുപേര്‍ എതിര്‍ത്തുമാണ് വിധി വന്നത്.
മ്യാന്മറിനെതിരായ വിധി വന്നതുകൊണ്ടുമാത്രം ഗസ കേസില്‍ ഇസ്രാഈല്‍ കുറ്റക്കാരനാണെന്ന് ഇതേ കോടതി കണ്ടെത്തുമെന്ന് ഉറപ്പിക്കാനാകില്ലെന്നും കേസില്‍ പങ്കാളികളായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മ്യാന്മര് കേസില്‍ വംശഹത്യ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക ഇസ്രാഈലിനെതിരെ നല്കിയ കേസ് ഏറെക്കുറെ അവസാനിക്കുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അതേ നഗരത്തിലുള്ള മറ്റൊരു കോടതിയായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും സ്വാധീനിച്ചേക്കാം. വംശഹത്യാ ഉദ്ദേശ്യം എങ്ങനെ വിലയിരുത്തണം എന്ന കാര്യത്തില്‍ ഐ.സി.ജെയുടെ പുതിയ വിധി ഐ.സി.സിക്ക് ഒരു മാനദണ്ഡമായി മാറിയേക്കാം. അതുവഴി വ്യക്തികള്‍ക്കെതിരെ വംശഹത്യാ കുറ്റം ചുമത്തുന്നതിനും ഈ വിധി പ്രസക്തമായേക്കും
ഐ.സി.ജെ വിധി എങ്ങനെ നടപ്പാക്കും? മ്യാന്മറിനെ കാത്തിരിക്കുന്നത് എന്ത്?
ഐ.സി.ജെയുടെ വിധി വന്നതുകൊണ്ട് മാത്രം വംശഹത്യയ്ക്ക് ഉത്തരവാദികളായ വ്യക്തികള്‍ക്ക് ശിക്ഷ ലഭിക്കണമെന്നില്ല. രാജ്യത്തിന്റെ ഉത്തരവാദിത്തവും കുറ്റകൃത്യത്തില്‍ പങ്കെടുത്ത വ്യക്തികളുടെ ഉത്തരവാദിത്തവും രണ്ടായാണ് നിയമം കാണുന്നത്. വംശഹത്യയ്ക്ക് ഉത്തരവാദികളായ വ്യക്തികളെ ആദ്യം അവരുടെ രാജ്യത്തെ കോടതികളില്‍ വിചാരണ ചെയ്യണമെന്നാണ്. എന്നാല്‍ അതിന് കഴിയാത്ത സാഹചര്യങ്ങളില്‍, നിയമപരമായ അധികാരപരിധിയുണ്ടെങ്കില്, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലോ മറ്റ് അന്താരാഷ്ട്ര ട്രൈബ്യൂണലുകളിലോ വിചാരണ നടത്താം.
1948ലെ വംശഹത്യാ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കണ്വെന്ഷന് രാജ്യങ്ങള്‍ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നില്ല. അതേസമയം, വംശഹത്യയ്ക്ക് ഉത്തരവാദികളായ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഐ.സി.ജെയ്ക്ക് ഉത്തരവിടാം. എന്നാല്‍ രാജ്യങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള പ്രത്യേക സംവിധാനമോ മാനദണ്ഡങ്ങളോ കോടതിക്കില്ല.
വിധി നടപ്പാക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാണ്. വംശഹത്യാ കണ്‍വെന്‍ഷനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ സ്വന്തം നിലയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി പ്രതീക്ഷിക്കുന്നു. ഇതില്‍ ഉപരോധങ്ങളും നയതന്ത്ര സമ്മര്‍ദങ്ങളും ഉള്‍പ്പെടാം.
ഇസ്രഈലിനെതിരായ നടപടികളില്‍ യൂറോപ്പിന്റെ നിലപാട് നിര്‍ണായകം
മ്യാന്മറിനെതിരായ നടപടികളില്‍ യൂറോപ്യന്‍ യൂണിയന് നേരത്തേ തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രഈലിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണ്. അന്താരാഷ്ട്ര നിയമത്തെ അംഗീകരിക്കുന്ന നിയമപരവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ യൂറോപ്യന്‍ യൂണിയനുണ്ട്. എന്നാല്‍ ഇസ്രഈലുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഈ നിയമബാധ്യതകളും രാഷ്ട്രീയ താത്പര്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷം നിലനില്ക്കുന്നു.
ഇതിനിടെ, ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയന് ഇസ്രഈല്‍ വ്യാപാര കരാര്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജയില്‍ പത്ത് ലക്ഷത്തിലധികം ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഇതോടെ ആവശ്യം പരിഗണിക്കാന്‍ യൂറോപ്യന്‍ കമ്മീഷന് ബാധ്യസ്ഥമായി. മ്യാന്മറിനെതിരെ ഐ.സി.ജെ വംശഹത്യ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയവും നിയമപരവുമായ പ്രാധാന്യം ലഭിക്കാം.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിക്ക് കൂടുതല്‍ വ്യാപകമായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ അതിന് അമേരിക്കയുടെ നിലപാട് നിര്‍ണായകമാണ്. ഇസ്രഈലിനെതിരായ നടപടികളെ യു.എസ് വീറ്റോ ഉപയോഗിച്ച് തടയാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ പ്രധാന തടസ്സം. വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇസ്രഈലിനോടുള്ള നയത്തെയും സ്വാധീനിച്ചേക്കാം.
ഇസ്രാഈലിന്റെ സഖ്യകക്ഷികള്‍ക്കും ഉത്തരവാദിത്തം നേരിടേണ്ടിവരുമോ?
മ്യാന്മറിനെതിരായ വിധി ഇസ്രാഈലിനെ മാത്രമല്ല, അതിന്റെ സൈനിക നടപടികള്‍ക്ക് പിന്തുണ നല്കുന്ന രാജ്യങ്ങളെയും ബാധിച്ചേക്കാം.
വംശഹത്യയില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍ക്കും അതിന് സഹായം നല്കുന്ന രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമപ്രകാരം ഉത്തരവാദിത്തം നേരിടേണ്ടിവരാം. അതിനാല്‍ ഇസ്രാഈലിന് ആയുധങ്ങളും മറ്റ് സൈനിക സഹായങ്ങളും നല്കുന്ന രാജ്യങ്ങളുടെ നിലപാടുകളും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമായേക്കും.
ഇസ്രാഈലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ അമേരിക്ക റോഹിങ്ക്യന്‍ കേസിലെ വിധി നിരീക്ഷിച്ചുവരികയാണ്.
ഇതിനകം തന്നെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും അതിലെ ജഡ്ജിമാരെയും അമേരിക്ക ഉപരോധിച്ചിട്ടുണ്ട്. മ്യാന്മര് വിധിക്കുശേഷം അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെയും അമേരിക്ക നടപടിയെടുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
അമേരിക്കയും ഇസ്രാഈലും ഐ.സി.സിയില്‍ അംഗങ്ങളല്ലെങ്കിലും ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളായതിനാല് ഐ.സി.ജെയുടെ അംഗങ്ങളാണ്.
റോഹിങ്ക്യന്‍ കേസില്‍ വിധി വരുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് വാള്‍ട്സ് കേസില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ച ദക്ഷിണാഫ്രിക്കന്‍ അഭിഭാഷകയും സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവുമായ നവി പിള്ളയെ വിമര്‍ശിച്ചിരുന്നു.
മ്യാന്മറിനെതിരായ കേസില്‍ അവര്‍ നീതിയുടെ തുലാസിനെ ഒരു വശത്തേക്ക് ചായ്ക്കുകയാണെന്നായിരുന്നു വാള്‍ട്സിന്റെ ആരോപണം.
വംശഹത്യ തെളിയിക്കാനുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ താഴ്ത്താനാണ് നവി പിള്ള ശ്രമിക്കുന്നതെന്നും ഭീകരവാദികള്‍ സാധാരണക്കാരെ മറയാക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്ന അമേരിക്കന്‍ സൈനികരെയും സഖ്യകക്ഷികളുടെ സൈനികരെയും ലക്ഷ്യമിടാന്‍ പിന്നീട് ഈ ദുര്‍ബലമായ മാനദണ്ഡം ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതേസമയം, ഇസ്രാഈലിന്റെ യൂറോപ്പിലെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ ജര്‍മനി മ്യാന്മറിനെതിരായ ഗാംബിയയുടെ കേസിനെ പിന്തുണച്ച രാജ്യങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
വംശഹത്യാ ആരോപണം പരിശോധിക്കുമ്പോള്‍ കൊലപാതകങ്ങള്‍ മാത്രമല്ല, കുട്ടികളോടുള്ള പെരുമാറ്റം, ലൈംഗികാതിക്രമങ്ങള്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ എന്നിവയും കോടതി പരിഗണിക്കണമെന്ന് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഗസയിലെ സാഹചര്യങ്ങളിലും ഈ ഘടകങ്ങളെല്ലാം പ്രസക്തമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രാഈലിന് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിക്കെതിരെയും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുണ്ട്.
2024 മാര്‍ച്ചില്‍ നിക്കരാഗ്വയാണ് ജര്‍മനിക്കെതിരെ കേസ് നല്‍കിയത്. വംശഹത്യാ കണ്‍വെന്‍ഷനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അനുസരിച്ചുള്ള ബാധ്യതകള്‍ ലംഘിച്ച് ജര്‍മനി ഇസ്രാഈലിന് ആയുധങ്ങള്‍ നല്‍കുന്നുവെന്നായിരുന്നു ആരോപണം. ഈ കേസിലെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
ഗസയ്ക്ക് നീതി ലഭിക്കുമോ?
റോഹിങ്ക്യന്‍ ജനതയ്ക്ക് ലഭിച്ച നീതി ഫലസ്തീനികള്‍ക്കും ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. മ്യാന്മറിനെതിരായ വിധി ഗസ കേസില്‍ സ്വാഭാവികമായും ബാധകമാകില്ല. രണ്ട് സംഭവങ്ങളിലെയും തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായി പരിശോധിക്കേണ്ടതുണ്ട്.
എങ്കിലും ഒരു ഭരണകൂടത്തിന്റെ വംശഹത്യാ ഉദ്ദേശ്യം തെളിയിക്കാന്‍ വ്യക്തമായ രേഖാമൂലമുള്ള ഉത്തരവുകള്‍ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന നിയമപരമായ സമീപനം ദക്ഷിണാഫ്രിക്കയുടെ കേസിന് പുതിയ സാധ്യതകള്‍ തുറന്നുനല്‍കുന്നുണ്ട്.
അതേസമയം, കോടതി വിധികള്‍ വരുന്നതുവരെ റോഹിങ്ക്യന്‍ ജനതയുടെയും ഫലസ്തീനികളുടെയും ദുരിതങ്ങള്‍ക്ക് ഉടനടി പരിഹാരമാകുന്നില്ലെന്ന യാഥാര്‍ഥ്യവും നിലനില്ക്കുന്നു. ഇരുവിഭാഗങ്ങളും അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതങ്ങള്‍ നേരിടുകയാണ്. കനത്ത മഴയും കൊടുങ്കാറ്റും ടെന്റുകളെ തകര്‍ക്കുമ്പോഴും സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.
റോഹിങ്ക്യന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഒരു ചരിത്രപരമായ അംഗീകാരമാണ്. എന്നാല്‍ ഗസയുടെ കാര്യത്തില്‍ അന്തിമവിധി വരാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.
ഭീകരവാദത്തിനെതിരായ പോരാട്ടമെന്നോ സ്വയം പ്രതിരോധമെന്നോ വിശേഷിപ്പിച്ച് ഒരു ഭരണകൂടത്തിന് ഒരു ജനതയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കാന്‍ കഴിയുമോ? ഇതാണ് നിര്‍ണായകമായ ചോദ്യം. റോഹിങ്ക്യന്‍ കേസില്‍ കോടതി നല്കിയ മറുപടി ഗസയില്‍ സ്വന്തം മണ്ണിനും നീതിക്കുമായി പോരാടുന്ന ലക്ഷക്കണക്കിന് വരുന്ന ജനതയ്ക്ക് പ്രതീക്ഷ തന്നയൊണ്.
Content Highlight: A Brutal Genocide: What Do Gaza and the Rohingya Have in Common? Could the Historic ICJ Verdict Also Work Against Israel?
