ലണ്ടൻ: ഇസ്രഈലിന്റെ നിയമ വിരുദ്ധ കയ്യേറ്റ വികസനത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച് 16 രാജ്യങ്ങൾ.

അനധികൃത നിർമാണ കമ്പനികൾക്കും ഗസയിലേക്കുള്ള സഹായങ്ങൾ തടയുന്ന ഇസ്രഈലി സംഘടനയ്ക്കുമെതിരായ നടപടികളെയും രാജ്യങ്ങൾ പിന്തുണച്ചു.

യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെയാണ് 16 രാജ്യങ്ങൾ പിന്തുണച്ചത്. ഈജിപ്ത്, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഖത്തർ, യു.എ.ഇ, അൾജീരിയ, ഇന്തോനേഷ്യ, ജോർദാൻ, കുവൈത്ത്, ലിബിയ, മാലിദ്വീപ്, ഒമാൻ എന്നീ രാജ്യങ്ങളടക്കം അതിലുൾപ്പെടുന്നു.

ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത ഇസ്രഈലി കയ്യേറ്റ പ്രവർത്തനങ്ങൾക്കും അനധികൃത നിർമാണ കമ്പനികൾക്കും മറുപടിയായാണ് ഈ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാന രാജ്യങ്ങളിലെ വിദേശമന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുന്ന E1 കയ്യേറ്റ മേഖലയിലേക്കുള്ള ടെൻഡറുകൾക്ക് ഇസ്രഈൽ അനുവാദം നൽകാനിരിക്കുകയായിരുന്നു. അതിനു ,മുന്നോടിയായായാണ് യു.കെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഉപരോധം പ്രഖ്യാപിച്ചത്.

പിന്നാലെ E1 കയ്യേറ്റ മേഖലയിലേക്കുള്ള ടെൻഡറുകൾക്ക് അനുവാദം നൽകുന്നത് ഇസ്രഈൽ മാറ്റിവെച്ചു. എന്നാൽ തീരുമാനങ്ങൾ ഉപരോധങ്ങളെ ഭയന്നല്ലെന്നാണ് ഇസ്രഈലിന്റെ വാദം.

നിർമാണ, ഭൂവികസന, വാസ്തുവിദ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെയാണ് രാജ്യങ്ങളുടെ ഉപരോധം. ഗാസയിലേക്കുള്ള സഹായ വിതരണം നടത്തുന്ന ‘സാവ്‌9’ എന്ന ഇസ്രഈലി സംഘടനയ്ക്കും യു.കെ ഉപരോധം ഏർപ്പെടുത്തി. 2024ൽ അമേരിക്കയും ഈ സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തിരിയിരുന്നു.

യു.കെയുടെയും ഓസ്‌ട്രേലിയയുടെയും ഈ തീരുമാനം അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് രാജ്യങ്ങൾക്കും ഇസ്രഈലിനെതിരെ സമാനമായ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവന പറഞ്ഞു.

ഫലസ്തീനിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണം, മാനുഷിക പ്രതിസന്ധി പരിഹരിക്കണം,പുനർനിർമാണവും ശ്വാശത സമാധാനവും ഉണ്ടാകണം, ഗസ സംഘർഷം അവസാനിപ്പിക്കുന്നതിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതി പൂർണമായി നടപ്പിലാക്കണമെന്ന് ഗസയിൽ ഇസ്രഈൽ തുടരുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് മന്ത്രിമാർ പറഞ്ഞു.

അത്യാവശ്യ സഹായങ്ങൾ തടഞ്ഞുകൊണ്ട് ഗസയിലെ സാധാരണക്കാരുടെ ദുരിതം വർധിപ്പിക്കുന്നവർക്കെതിരെ തങ്ങൾ നോക്കി നിൽക്കില്ലെന്നും ഗസയിലേയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സാഹചര്യം അംഗീകരിക്കാനാകില്ലെന്നും യു.കെ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Content Highlight: Sanctions imposed against Israel’s illegal settlement expansion in Palestine; 16 countries extend support.