ടെല്‍അവീവ്: വക്കന്‍ ഇസ്രഈലിലെ ജെസ്രീല്‍ താഴ്‌വരയിലുള്ള അല്‍-ദാഹി ഗ്രാമത്തിലെ പള്ളിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച പള്ളിക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി നെസറ്റിലെ അറബ് എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും തുടര്‍ച്ചയായ പ്രകോപനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അറബ് നേതാക്കള്‍ പറഞ്ഞു.

പ്രഭാത നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ കുന്നിലെ മരങ്ങള്‍ക്കിടയില്‍ നിന്ന് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറി തീവെക്കുകയായിരുന്നുവെന്ന് പള്ളി ഇമാം ഷെയ്ഖ് ഖാലിദ് സുആബി ഇസ്രഈലി പത്രമായ ‘യദിയോത്ത് അഹ്റോനോത്ത്’ നോട് വ്യക്തമാക്കി.

പള്ളിക്ക് തീയിട്ടതിന് പുറമെ ചുവരുകളില്‍ ഹീബ്രു ഭാഷയില്‍ വംശീയ മുദ്രാവാക്യങ്ങളും എഴുതിവെച്ചിരുന്നു. ‘രാജ്യത്തുടനീളം പ്രതികാരം ദ ഫ്രണ്ട്’ ‘അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവുകള്‍ക്കുള്ള പ്രതികാരം നാടുകടത്തപ്പെട്ടവരില്‍ നിന്നുള്ള ആശംസകള്‍’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് കണ്ടെത്തിയത്.

തീവ്രവാദ സ്വഭാവമുള്ള ‘ഹില്‍ടോപ്പ് യൂത്ത്’ ഉള്‍പ്പെടെയുള്ള സംഘടനകള്‍, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരു ഏകീകൃത മുന്നണിയുണ്ടെന്ന് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് ‘ദ ഫ്രണ്ട്’. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കെതിരെ ഇസ്രഈലി അധികൃതര്‍ അപൂര്‍വ്വമായി മാത്രം പുറപ്പെടുവിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍, നാടുകടത്തല്‍ ഉത്തരവുകളെയാണ് ‘അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവുകള്‍’ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതൊരു ഗുരുതരമായ ആക്രമണമാണെന്നും തീവ്രവാദ സ്വഭാവമുള്ള പ്രവൃത്തിയുമാണെന്നും ഇമാം ഷെയ്ഖ് ഖാലിദ് സുആബി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേസ് ‘അജ്ഞാത കുറ്റകൃത്യമായി’ എഴുതിത്തള്ളി അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളി ആക്രമണവും, ബുധനാഴ്ച വൈകുന്നേരം മധ്യ ഇസ്രഈലിലെ കഫര്‍ കാസിമില്‍ അറബ് പൗരന്മാര്‍ക്ക് നേരെയുണ്ടായ വാഹനാപകടത്തില്‍ ജൂത ഡ്രൈവര്‍ ഉള്‍പ്പെട്ടതും ഗുരുതരമായ സംഭവങ്ങളാണെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് അഹമ്മദ് തിബി പറഞ്ഞു. കഫര്‍ കാസിമിലെ വിവിധ സ്ഥലങ്ങളില്‍ വാഹനമിടിച്ച് എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു.

അറബ് സമൂഹത്തിനെതിരായ തുടര്‍ച്ചയായ പ്രകോപനത്തിനും വിദ്വേഷാന്തരീക്ഷത്തിനും നെതന്യാഹുവും സര്‍ക്കാരും രാഷ്ട്രീയമായും ധാര്‍മികമായും ഉത്തരവാദികളാണെന്ന് തിബി പറഞ്ഞു. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നയങ്ങള്‍ക്ക് പൊലീസ് വഴങ്ങുകയാണെന്നും, ബെന്‍-ഗ്വിര്‍ ഒരു ‘വംശീയവാദിയാണെന്നും’ അദ്ദേഹം വിമര്‍ശിച്ചു. ഇരു സംഭവങ്ങളും സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നും തിബി ആവശ്യപ്പെട്ടു.

മന്‍സൂര്‍ അബ്ബാസ് പള്ളിക്ക് തീയിട്ടത് വിദ്വേഷ കുറ്റകൃത്യവും , ഭീകരാക്രമണവും, ആരാധനാലയത്തെ അവഹേളിക്കുന്നതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രകോപനം അവസാനിപ്പിക്കണമെന്നും അറബ് സമൂഹത്തിനെതിരായ അക്രമങ്ങളെ സാധൂകരിക്കുന്നത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

യൂസഫ് അറ്റൗന പള്ളി ആക്രമണവും കഫര്‍ കാസിമിലെ വാഹനാക്രമണവും അറബ് സമൂഹത്തിനെതിരായ വര്‍ധിച്ചുവരുന്ന വംശീയതയുടെയും ഭീകരതയുടെയും ഭാഗമാണെന്ന യൂസഫ് അറ്റൗന കുറ്റപ്പെടുത്തി.

ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എന്നിവരുള്‍പ്പെടുന്ന സര്‍ക്കാരിലെ കക്ഷികളുടെ വംശീയവും പ്രകോപനപരവുമായ നയങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഈ ആക്രമണങ്ങള്‍. സര്‍ക്കാര്‍, നെസെറ്റ് അതിര്‍ത്തികള്‍ കടന്ന് ഈ വിദ്വേഷം ഇസ്രഈല്‍ സമൂഹത്തിലേക്ക് പടര്‍ന്നിരിക്കുകയാണെന്നും, ഔദ്യോഗിക പിന്തുണയും ഒത്തുകളിയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി

 

Content Highlight: Violence against the Arab community in Israel intensifies; a mosque is set on fire, and women are struck by a vehicle—Arab MPs hold Netanyahu morally responsible.