ടെല്‍അവീവ്: ഹമാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ തന്ത്രവുമായി ഇസ്രഈല്‍ സൈന്യം. ഗസയിലെ ജനങ്ങളെ സ്വാധീനിക്കാനും ഹമാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ലക്ഷ്യമിട്ട് ഇസ്രഈല്‍ സൈന്യം കാപ്പിപ്പൊടിയും സിഗരറ്റും അടങ്ങിയ ചെറിയ പാക്കറ്റുകള്‍ക്കൊപ്പം ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി വിതരണം ചെയ്തു.

ഗസ സിറ്റി, ദെയ്‌റുല്‍ ബലാഹ്, അല്‍ സരായ, നാസര്‍ തുടങ്ങിയ മേഖലകളിലാണ് വിതരണം ചെയ്തത്. കടുത്ത ക്ഷാമം നേരിടുന്ന കാപ്പിപ്പൊടിയും സിഗരറ്റും ആളുകള്‍ എടുത്തെങ്കിലും സൈന്യത്തിന്റെ സന്ദേശം പരിഹസിച്ച് തള്ളുകയായിരുന്നു.

‘ സഹായം ആവശ്യമുള്ളവര്‍ക്കും ഫലസ്തീന്‍ സായുധ സംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കും ബന്ധപ്പെടാം,’ ഇസ്രഈല്‍ സുരക്ഷാ ഏജന്‍സിയുടെ ലോഗോയും വാട്‌സാപ്പ് നമ്പറും പതിപ്പിച്ച ലഘുലേഖയില്‍ പറയുന്നു.

കാപ്പി പാത്രവും കപ്പും ഒരു വ്യക്തിയുടെ ഉദാരമനസ്‌കതയെ കാണിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും ലക്ഷ്യമിടുന്നവരുടെയും ചിത്രങ്ങളും പേരുകളും ലഘുലേഖയിലുണ്ട്.

ഔദ്യോഗിക ചെക്ക് പോസ്റ്റുകള്‍ വഴി സിഗരറ്റ് കൊണ്ടുപോവുന്നത് ഒരു വര്‍ഷത്തോളമായി സൈന്യം തടഞ്ഞിരുന്നു. ഡ്രോണുകള്‍ വഴി സിഗരറ്റും കാപ്പിയും വിതരണം ചെയ്തപ്പോള്‍ ഫലസ്തീനികള്‍ ഓടികൂടിയത് ഇസ്രഈലിനെ സഹായിക്കല്ല, സിഗരറ്റ് കിട്ടാന്‍ വേണ്ടിയാണെന്ന് പ്രദേശവാസി പറഞ്ഞു.

ലഘുലേഖകളില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിക്കരുതെന്ന് ഫലസ്തീന്‍ സുരക്ഷാ ഏജന്‍സികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാനുഷിക സഹായം തേടി ഈ നമ്പറുകളില്‍ ബന്ധപ്പെട്ട ചിലര്‍ അറിയാതെ ഇസ്രായേല്‍ ചാരസംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ഗസയിലെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ ആത്മാര്‍ഥമായ ആശങ്കയുണ്ടെങ്കില്‍ ലഘുലേഖകള്‍ക്കൊപ്പം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു പകരം അതിര്‍ത്തികള്‍ തുറന്ന് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Content Highlight: ‘Coffee and cigarettes’ to trap Hamas: Israeli military drops supplies via drones in Gaza; Palestinians dismiss it with mockery.