മലയാളി സിനിമാ പ്രേമികളും അമൽ നീരദ് ചിത്രങ്ങളുടെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. വമ്പൻ താരനിര തന്നെ അഭിനയിച്ചിരിക്കുന്ന ചിത്രം അനൗൺസ്‌മെന്റ് മുതൽ ട്രൈലർ, ക്യാരക്ടർ പോസ്റ്ററുകൾ ഉൾപ്പടെ വലിയൊരു രീതിയിൽ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. എല്ലാത്തിനും വിരാമമിട്ടുകൊണ്ടാണ് സിനിമ റിലീസിനെത്തുന്നത്. അമൽ നീരദ് തന്നെ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ചിത്രമായ ബാച്ച്ലര്‍ പാർട്ടിയുടെ സ്പിരിച്വൽ സീക്വലായാണ് ബാച്ച്ലര്‍ പാർട്ടി ഡ്യൂ ഒരുക്കിയിട്ടുള്ളത്.

ഇപ്പോഴിതാ നടിയും ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാളുമായിട്ടുള്ള ജ്യോതിർമയി എൻ.എം. ഷോബിസിനോട് സിനിമയെക്കുറിച്ചും അമൽ നീരദിന്റെ തന്നെ സിനിമയായിട്ടുള്ള ബൊഗെയ്ൻവില്ലയിലെ തന്റെ അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫ്രെയ്മിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആക്ടേഴ്‌സെന്നും ബൊഗെയ്ൻവില്ലയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നാണ് താരം പറയുന്നത്.

ബൊഗെയ്ൻവില്ല.Photo. Screen Grab/Instagram.com

‘അമൽ നീരദ് ഫ്രെയ്മിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആക്ടേഴ്സാണ് മിക്കവരും. ആ ഒരു മാജിക് എല്ലാവർക്കും ഇഷ്ടമാണ്. നമുക്ക് തന്നെ വേറൊരാളായി തോന്നും. നമ്മുടെ ഉള്ളിൽ തന്നെ ഒരു സൂപ്പർപവർ വന്നൊരു ഫീലാണ്. അതിനകത്ത് നമ്മുടെ ഒരു സ്ലോ മോഷനൊക്കെ വരുന്ന സമയത്ത് ആക്ച്വലി അത് നമ്മളെ വേറൊരു ലെവലിലേക്ക് എത്തിക്കും.

ബൊഗെയ്ൻവില്ലയിലെ ഓരോ ഷോട്ടും എനിക്കിഷ്ടമാണ്, പ്രത്യേകിച്ച് അതിലെ സോങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിൽ ഇത്രക്ക് എഫക്ട് എനിക്ക് കൊണ്ടുവരാൻ പറ്റുമെന്ന് ഞാൻ തന്നെ വിചാരിച്ചില്ല. ലാസ്റ്റിലുള്ള ജയിലിലേക്ക് വരുന്ന നടത്തമൊക്കെ എനിക്ക് വളരെയിഷ്ടമാണ്. എനിക്ക് തന്നെ അതൊക്കെ കാണുമ്പോൾ ഗൂസ്ബംപ്സ് വരും. ഒരുപക്ഷേ കാണികൾക്കും അത് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അമൽ നീരദിന്റെ പടങ്ങളിലെ എഫക്ടിനെ പറ്റി ആളുകൾ എപ്പോഴും പറയാനുള്ള കാരണം,’ നടി പറഞ്ഞു.

ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ രജിഷ വിജയൻ, നസ്‌ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി, നദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങും നിർവഹിക്കുന്നു.

Content Highlight: Jyothirmayi said most actors dream of being in Amal Neerad’s frames, and that shot gives her goosebumps.