മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളിലൊന്നായ ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ആദ്യ ചിത്രവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളും സജീവമായി.
പഴയ ചിത്രത്തിനുണ്ടായിരുന്ന അതേ ഓറ രണ്ടാം ഭാഗത്തിനില്ലെന്നും പുതിയ താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച ഫീല്‍ ലഭിക്കുന്നില്ലെന്നുമായിരുന്നു ചിലരുടെ വിമര്‍ശനം. ഇപ്പോഴിതാ ഇത്തരം താരതമ്യങ്ങളോട് പ്രതികരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് സൗബിന് ഷാഹിര്‍.
ആദ്യ ‘ബാച്ചിലര്‍ പാര്‍ട്ടി’യും രണ്ടാം ഭാഗവും തികച്ചും വ്യത്യസ്തമായ സിനിമകളാണെന്നാണ് സൗബിന് പറയുന്നത്. ആദ്യ ചിത്രത്തിലെ താരങ്ങളെയും അവരുടെ പ്രകടനങ്ങളെയും അതേപോലെ അനുകരിക്കാനോ ആ സിനിമയുടെ മൂഡ് പുനഃസൃഷ്ടിക്കാനോ രണ്ടാം ഭാഗം ശ്രമിക്കുന്നില്ലെന്നും സൗബിന് പറഞ്ഞു. അത്തരം കമന്റുകള്‍ സ്വാഭാവികമാണെന്നും ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ സൗബിന് പറഞ്ഞു.

ബാച്ച്ലര് പാര്‍ട്ടി. Photo: X.com
‘നമ്മള് ഒരു സിനിമ ഇറങ്ങുന്നതിനേക്കാള്‍ മുന്‍പ് അതിന്റെ കമന്റ് എന്താണെന്നത് വലിയതായിട്ട് ശ്രദ്ധിക്കാറില്ല. സിനിമ ഇറങ്ങിയ ശേഷം കമന്റ് ചെയ്യുക എന്നതാണല്ലോ. പിന്നെ എല്ലാവരും ആ ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന പേര് കേട്ട് അതേപോലത്തെ കഥയായിരിക്കുമെന്നാണ് വിചാരിച്ചിരിക്കുന്നത്. അവരുടെ അത്രയും ചെയ്യാന്‍ പറ്റുമോ ഇവര്‍ക്ക് എന്ന രീതിയിലുള്ള കംപാരിസണും വന്നിരുന്നു.
തികച്ചും രണ്ടും രണ്ട് രീതിയിലുള്ള ആര്‍ട്ടിസ്റ്റുകളും രണ്ട് രീതിയിലുള്ള സ്ക്രിപ്റ്റുമാണല്ലോ. അവര്‍ പിടിച്ചിരിക്കുന്ന പോലെ ഒരാള്‍ക്കും പിടിക്കാന്‍ പറ്റില്ല. കാരണം അത് അങ്ങനെയൊരു മൂഡുള്ള പടമല്ലേ. ഇത് തികച്ചും വ്യത്യസ്തമായ കഥയാണ്. നമുക്ക് അത് കണ്ടിട്ട് പഠിക്കാം. അതുപോലെ പിടിക്കണമെന്ന് അമലേട്ടന് പറഞ്ഞിട്ടുമില്ല,’ സൗബിന് പറഞ്ഞു.
ആദ്യ ‘ബാച്ചിലര്‍ പാര്‍ട്ടി’ മലയാള സിനിമയില്‍ അന്ന് പരിചിതമല്ലാത്തൊരു അവതരണശൈലിയും കഥാപാത്രങ്ങളുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതെന്ന് നടന് ഷറഫുദ്ദീനും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ രണ്ട് സിനിമകളെയും താരതമ്യം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘അവര്‍ അന്ന് ചെയ്തുവെച്ചേക്കുന്നത് മലയാള സിനിമയില്‍ കണ്ട് പരിചയമില്ലാത്ത ചിലതായിരുന്നു. കംപാരിസണ് കാണുമ്പോള്‍ അത് കറക്ടാണെന്ന് തോന്നും. ഒരു കണ്‍ഫ്യൂഷനും ഇല്ല,’ ഷറഫുദ്ദീന് പറഞ്ഞു.
ആദ്യ ചിത്രത്തില്‍ കലാഭവന്‍ മണിയും വിനായകനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. അതുകൊണ്ട് കൂടിയാണ് ട്രെയിലര്‍ റിലീസിന് പിന്നാലെ പഴയ താരങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകള്‍ വന്നതും.
എന്നാല്‍ തങ്ങളുടേതായ രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് ലക്ഷ്യമെന്ന് നടന് ചന്തു സലിം കുമാറും പറയുന്നു.
ആദ്യ ചിത്രത്തിലെ താരങ്ങളെപ്പോലെ അഭിനയിക്കണമെന്ന നിര്‍ദേശം സംവിധായകന് അമല്‍ നീരദ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തൊക്കെയായാലും മണിച്ചേട്ടനും വിനായകന് ചേട്ടനുമൊക്കെ ചെയ്തതുപോലെയൊന്നും നിങ്ങള്‍ക്ക് പറ്റില്ല. അത് ആള്ക്കാര് പറയും. പിന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്സിമം നന്നായി ചെയ്യാന്‍ നോക്കുക. അല്ലാതെ അതുപോലെ പിടിക്കണമെന്ന് അമലേട്ടന് പറഞ്ഞിട്ടുമില്ല,’ ചന്തു പറഞ്ഞു.
രണ്ടാം ഭാഗത്തിന്റെ കഥയും സൗഹൃദത്തിന്റെ അവതരണവും ആദ്യ ചിത്രത്തില്‍നിന്ന് വ്യത്യസ്തമാണെന്ന സൂചനയും താരങ്ങള്‍ നല്‍കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് എല്ലാം വിശദീകരിച്ചുകൊടുക്കുന്ന രീതിയിലുള്ള സിനിമയല്ല ഇതെന്നും കുറച്ച് പ്രിന്സിപ്പല്സൊക്കെയുള്ള പഴയ കുറേ സുഹൃത്തുക്കളുടെ കഥയാണ് ചിത്രമെന്നാണ് നടന് ശ്രീനാഥ് ഭാസി സിനിമയെ കുറിച്ച് പറഞ്ഞത്.
‘ഇന്നത്തെ പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡ് ചെയ്താല്‍ ഇഷ്ടമാവില്ല. ഇതില്‍ അങ്ങനെയില്ല. മാത്രമല്ല ഇത് വേറൊരു ടൈപ്പ് ഓഫ് ഫ്രണ്ട്ഷിപ്പാണ്. കുറച്ച് പ്രിന്സിപ്പിള്സൊക്കെയുള്ള പഴയ കുറേ കൂട്ടുകാരുടെ കഥ,’ ശ്രീനാഥ് ഭാസി പറഞ്ഞു.

ബാച്ച്ലര് പാര്‍ട്ടി ഡ്യൂ. Photo: X.com
2012ല്‍ പുറത്തിറങ്ങിയ ആദ്യ ‘ബാച്ചിലര്‍ പാര്‍ട്ടി’ അമല്‍ നീരദിന്റെ വ്യത്യസ്തമായ അവതരണശൈലിയും താരങ്ങളുടെ പ്രകടനവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ്. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗമെത്തുമ്പോള്‍ ആദ്യ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും താരതമ്യങ്ങളും സ്വാഭാവികമാണ്. എന്നാല്‍ പഴയ സിനിമയുടെ അതേ മാതൃക ആവര്‍ത്തിക്കുന്നതിനുപകരം പുതിയ കഥയും പുതിയ സൗഹൃദലോകവുമാണ് ‘ബാച്ചിലര്‍ പാര്‍ട്ടി 2’ അവതരിപ്പിക്കുന്നതെന്നാണ് താരങ്ങളുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.
Content Highlight: Amal Neerad talks about upcoming movie Bachelor Party D Ux directrd by Amal neerad
