കുപ്രസിദ്ധ ലൈംഗിക കടത്ത് കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയല്ലെന്നും നരഹത്യയോ കോലപതാകമോ ആണെന്നും ഫൊറന്‍സിക് വിദഗ്ധന്‍ മൈക്കല്‍ ഫ്രീമാന്‍ അവകാശപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഫ്രീമാന്‍ തന്റെ അവകാശ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

2019ല്‍ ജയിലില്‍ വെച്ചായിരുന്നു എപ്‌സ്റ്റീന്റെ മരണം. സംഭവ സ്ഥലത്തുനിന്നും എപ്സ്റ്റീന്റെ മൃത ശരീരത്തില്‍ നിന്നുമുള്ള വിവരങ്ങളും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് താന്‍ പുതിയ നിഗമനങ്ങളിലെത്തിയതെന്ന് ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ വിക്ടോറിയ ഡെര്‍ബിഷയറുമായി സംസാരിക്കവെ മൈക്കല്‍ ഫ്രീമാന്‍ പറഞ്ഞു. ആത്മഹത്യയല്ല നരഹത്യയാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് സാഹചര്യ തെളിവുകളെന്ന് ഫ്രീമാന്‍ അവകാശപ്പെടുന്നു.

പരിക്കുകളും മൃതദേഹം കണ്ടെത്തിയ രീതിയും പൊരുത്തപ്പെടുന്നില്ല

എപ്സ്റ്റീന്റെ മൃത ശരീരം കാണപ്പെട്ട രീതിയിലും അതിലുണ്ടായിരുന്ന പരിക്കുകളും തമ്മില്‍ പൊരുത്തമുണ്ടായിരുന്നില്ല എന്നാണ് മരണം കൊലപാതകമാണെന്നതിന് തെളിവായി പറയുന്ന പ്രധാന കാരണങ്ങളിലൊന്ന്.

‘സാഹചര്യങ്ങളും, അദ്ദേഹത്തെ കണ്ടെത്തിയ ഗാര്‍ഡ് മൃതദേഹം അഴിച്ചുമാറ്റുമ്പോള്‍ അത് ഏത് അവസ്ഥയിലായിരുന്നു എന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പരിക്കുകളും പരിശോധിച്ചതില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്, മൃതദേഹം കണ്ടെത്തിയ രീതിയും അതിലുണ്ടായിരുന്ന പരിക്കുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നാണ്.

അപ്പോള്‍ പിന്നെ ഒരേയൊരു വിശദീകരണം മാത്രമേ അവശേഷിക്കുന്നുള്ളൂയ അതായത്, ഇതൊരു നരഹത്യയാണ്. പിന്നില്‍ നിന്ന് കഴുത്ത് ഞെരിച്ചു കൊന്നതാകാനാണ് സാധ്യത കൂടുതല്‍,’ ഫ്രീമാന്‍ പറഞ്ഞു.

ശരീരത്തിന് നേരെ അതിക്രമം നടന്നു

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്, ശരീരത്തിന് നേരെ അതിക്രമം നടന്നിട്ടുണ്ട് എന്നാണെന്നും ഫ്രീമാന്‍ പറഞ്ഞു. ഇടത് തോളില്‍ പേശികള്‍ക്കുള്ളില്‍ ആഴത്തിലുള്ള രക്തസ്രാവമുണ്ട് (deep muscular hemorrhage). മുഖത്ത് കണ്ട പരിക്കുകള്‍, എന്തെങ്കിലും കട്ടിയുള്ള വസ്തു ഉപയോഗിച്ച് ശക്തമായി അടിച്ചത് മൂലമുണ്ടായതാകാം എന്ന് തോന്നുന്നുവെന്നും ഫ്രീമാന്‍ പറയുന്നു.

കഴുത്തില്‍ എന്തോ ഒന്ന് മുറുക്കിയതിന്റെ അടയാളങ്ങള്‍ക്ക് മുകളിലായി നഖം കൊണ്ടുള്ള പാടുകള്‍ പോലെയുള്ള അടയാളങ്ങളും കാണാം. ഇത് പിന്നില്‍ നിന്ന് കഴുത്ത് ഞെരിക്കുന്നതിനും, കഴുത്തിലെ ആ ലിഗേച്ചര്‍ നീക്കം ചെയ്യാന്‍ ഇര നടത്തിയ ശ്രമത്തിനും അനുയോജ്യമായ തെളിവുകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു വ്യക്തിയെ തൂക്കിക്കൊല്ലാന്‍ ഉപയോഗിക്കുന്ന തുണിയോ കയറോ ആണ് ‘ലിഗേച്ചര്‍’. തൂക്കിക്കൊല്ലുമ്പോള്‍, സാധാരണയായി ശരീരത്തിന് മുകളില്‍ ഒരൊറ്റ പോയിന്റില്‍ മാത്രമായിരിക്കും അത് ബന്ധിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍, ഒരാളെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഉപയോഗിക്കുന്ന അതേ വസ്തു (ലിഗേച്ചര്‍) സാധാരണയായി ഉപയോഗിക്കുന്നത് ഇരയുടെ പിന്നില്‍ നിന്നായിരിക്കും (മുന്നില്‍ നിന്നും ആകാം, എങ്കിലും പിന്നില്‍ നിന്നാണ് കൂടുതല്‍ സാധ്യത). അപ്പോള്‍ അത് ബന്ധിപ്പിച്ചിരിക്കുന്ന പോയിന്റുകള്‍ താഴെയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

 US Justice Department releases 3 million new documents, including Epstein's email chats with top officials

 US Justice Department releases 3 million new documents, including Epstein’s email chats with top officials

എപ്സ്റ്റീന്റെ അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ട പരിക്കുകള്‍, സ്വയം തൂങ്ങിമരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകള്‍ക്ക് അപ്പുറമാണ്. സ്വയം വരുത്തിവെക്കാന്‍ കഴിയാത്ത തരത്തിലുള്ള പരിക്കുകളാണിവയെന്നും ഫ്രീമാന്‍ പറഞ്ഞു.

‘എപ്സ്റ്റീന്‍ തന്നെ സ്വയം ഒരു കൊലപാതകമായി തോന്നത്തക്ക രീതിയില്‍ ആത്മഹത്യ ആസൂത്രണം ചെയ്തതാകാം എന്ന് കരുതിയാല്‍ മാത്രമേ ഇതിന് മറ്റൊരു വിശദീകരണം നല്‍കാന്‍ കഴിയൂ. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ഇതൊരു അപൂര്‍വമായ കാര്യമാണ്. പതിനായിരത്തില്‍ ഒന്ന് എന്ന നിലയില്‍ മാത്രമേ അത് നടക്കൂ.

തൂങ്ങിമരണത്തെയോ കഴുത്തുഞെരിച്ചുള്ള കൊലപാതകത്തെയോ കുറിച്ചുള്ള ആഗോള സാഹിത്യത്തിലൊന്നും ഇത്തരമൊരു സംഭവം വിവരിച്ചിട്ടുള്ളതായി ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുമായി ഇതിന് വലിയ പൊരുത്തവുമില്ല,’ എന്നും ഫ്രീമാന്‍ പറയുന്നു.

ആക്രമണമാകാന്‍ കൂടുതല്‍ സാധ്യത

തെളിവുകള്‍ പരിശോധിക്കുമ്പോള്‍, ഇതൊരു ആക്രമണമാണെന്ന് കരുതാനാണ് കൂടുതല്‍ സാധ്യതയെന്നും ഫൊറന്‍സിക് വിദഗ്ധന്‍ പറയുന്നു. പിന്നില്‍ നിന്ന് കഴുത്തില്‍ എന്തെങ്കിലും ഉപയോഗിച്ച് ഞെരിച്ചുകൊല്ലുകയും, തുടര്‍ന്ന് അതേ വസ്തു ഉപയോഗിച്ച് മൃതദേഹം ബങ്ക് ബെഡില്‍ കെട്ടിത്തൂക്കുകയും ചെയ്തതാകാം. സ്വയം തൂങ്ങിമരിക്കുമ്പോള്‍ ഇത്രയധികം പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. തൂങ്ങിമരണം കൊണ്ട് മാത്രം ഈ പരിക്കുകളെ വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്സ്റ്റീന്റ മൃത ശരീരത്തിന്റെ പുറംഭാഗം, ഉള്‍ഭാഗം, കൂടാതെ കഴുത്തിലെ ഒടിഞ്ഞ അസ്ഥി, തകര്‍ന്ന കാര്‍ട്ടിലേജ് എന്നിവയുടെയെല്ലാം ഫോട്ടോകള്‍ തന്റെ പക്കലുണ്ട്. മൃതദേഹം കണ്ടെത്തിയ ഗാര്‍ഡിന്റെ മൊഴിയും തന്റ പക്കലുണ്ട്. പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ മൃതദേഹം ഏത് അവസ്ഥയിലാണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ച് ആ ഗാര്‍ഡ് പറഞ്ഞതല്ലാതെ യാതൊരു വിവരവും ലഭ്യമായിരുന്നില്ല. അവിടെ ഒരു തൂങ്ങിമരണം നടന്നു എന്നതിന് മറ്റ് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫ്രീമാന്‍ പറഞ്ഞു.

ഗാര്‍ഡ് പിന്നീട് രണ്ട് വര്‍ഷത്തോളം ആരോടും സംസാരിക്കാന്‍ തയ്യാറായില്ലെന്നും ഫോറന്‍സിക് വിദഗ്ധന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ എഫ്.ബി.ഐയുടെ അന്വേഷണം നിലനില്‍ക്കുന്നതിനാലായിരുന്നു ഗാര്‍ഡ് രണ്ട് വര്‍ഷത്തോളം ആര്‍ക്കും അഭിമുഖം നല്‍കാതിരുന്നതെന്ന് വിക്ടോറിയ ഡെര്‍ബിഷയര്‍ പറഞ്ഞു.

‘തീര്‍ച്ചയായും പ്രധാനമാണ്. കാരണം, മെഡിക്കല്‍ എക്‌സാമിനര്‍ ആദ്യം പറഞ്ഞത്, ‘ഈ മരണം എങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല, എനിക്ക് ആ ഗാര്‍ഡിനോട് സംസാരിക്കണം’ എന്നായിരുന്നു. എന്നാല്‍ അദ്ദേഹം ആ ഗാര്‍ഡുമായി ഒരിക്കലും സംസാരിച്ചില്ല; അതിനുശേഷം നാല് ദിവസത്തിനുള്ളില്‍, ‘ഇതൊരു ആത്മഹത്യയാണ്’ എന്ന് വിധിയെഴുതുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ആ കാവല്‍ക്കാരന്‍ വിവരങ്ങള്‍ നല്‍കി, എന്നാല്‍ ആ വിവരങ്ങള്‍ പിന്നീട് ഒരിക്കലും പുനഃപരിശോധിക്കപ്പെട്ടില്ല. ആ കാഴ്ചപ്പാടില്‍ ഇത് പ്രധാനമാണ്,’ എന്നാണ് ഇതിന് ഫ്രീമാന്‍ വിക്ടോറിയ ഡെര്‍ബിഷയറിന് മറുപടി പറഞ്ഞത്.

ഫോട്ടോകള്‍ പരിശോധിച്ചു

താന്‍ മൃതദേഹം കണ്ടിട്ടില്ലെന്നും ഫോട്ടോകള്‍ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ മനസ്സിലാക്കിയതെന്നുംഫ്രീമാന്‍ പറഞ്ഞു. മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടിലും ഫോട്ടോകളിലും ഉള്ള വിവരങ്ങള്‍ക്കപ്പുറം, മൃതദേഹം നേരിട്ട് കണ്ടതുകൊണ്ട് മാത്രം പുതിയതായി ഒന്നും മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പോസ്റ്റ്മോര്‍ട്ടം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്വയം നേരിട്ട് കാണുക എന്നാണ്. കാണുന്നതെല്ലാം കൃത്യമായി രേഖപ്പെടുത്തണം. കണ്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളുണ്ട്. കഴുത്തില്‍ എന്തെങ്കിലും കെട്ടിയതിന്റെ അടയാളം (ligature mark) ഉണ്ടെങ്കില്‍, അതിന്റെ ആകൃതിയും സ്വഭാവവും പരിശോധിക്കുക എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം.

അത് നേരിട്ട് കാണുന്നതും, നമ്മുടെ കൈവശമുള്ള 30-ലധികം ഫോട്ടോകളില്‍ നോക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് കാര്യങ്ങളൊന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം വ്യക്തമാക്കി.

ആത്മഹത്യയെന്ന് ഉറപ്പിക്കാന്‍ തെളിവില്ല

ഇത് ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചു പറയാന്‍ തക്ക തെളിവുകളൊന്നും ഇല്ലെന്നും ഫ്രീമാന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം, ജയിലിലെ ഒരു ഗാര്‍ഡ് പറഞ്ഞത് മാത്രമാണ് തൂങ്ങിമരണമാണെന്ന് കരുതാന്‍ ഒരേയൊരു കാരണം. ഇപ്പോള്‍ പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, നമ്മള്‍ വീണ്ടും ആ കേസ് പരിശോധിക്കേണ്ടതുണ്ട്. മൃതദേഹം കിടന്നിരുന്ന രീതി, കയര്‍ എവിടെയാണ് കെട്ടിയിരുന്നത്, മൃതദേഹം കണ്ടെത്തിയപ്പോള്‍ ഉണ്ടായിരുന്ന ആ പ്രത്യേക കിടപ്പ് രീതിയില്‍ ശരീരത്തില്‍ എന്ത് തരത്തിലുള്ള പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നിവയാണ് ആ പുതിയ തെളിവുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്സ്റ്റീന്‍ തൂങ്ങിയ നിലയിലുള്ള ഫോട്ടോകളൊന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ഒരു തുണിയുടെ ഫോട്ടോ ഉണ്ടായിരുന്നു, എന്നാല്‍ മൃതദേഹം അതിലല്ല തൂങ്ങിനിന്നിരുന്നതെന്നാണ് മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞത്. മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, ഒരു ഉദ്യോഗസ്ഥന്‍ എടുത്തുവെച്ച തുണിയായിരുന്നു അത്. മുറിയിലുണ്ടായിരുന്ന പലതരം തുണിക്കഷണങ്ങളില്‍ ഏതാണ് യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്താന്‍ അവിടെ ഒരു അന്വേഷണവും നടന്നില്ലെന്നു് ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു.

മാര്‍ക് എപ്സ്റ്റീന്‍

ജെഫ്രി എപ്സ്റ്റീന്റെ സഹോദരന്‍ മാര്‍ക് എപ്സ്റ്റീനുമായി താന്‍ സംസാരിച്ചിരുന്നെന്നും ഫ്രീമാന്‍ പറഞ്ഞു. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്യുമെന്ന് മാര്‍ക്ക് വിശ്വസിക്കുന്നില്ല. എപ്സ്റ്റീന്റെ മൃതദേഹം കാണിക്കുന്ന, രഹസ്യസ്വഭാവമുള്ള ഫോട്ടോകളുടെ ഒരു ഫയല്‍ സഹോദരന്‍ തനിക്ക് നല്‍കിയിട്ടുണ്ട്. അവ താന്‍ വെളിപ്പെടുത്തുമെന്നും ഫ്രീമാന്‍ പറഞ്ഞു.

ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമാണെന്ന തരത്തില്‍ മാര്‍ക് എപ്സ്റ്റീന്‍ നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് യഥാര്‍ത്ഥ വിവരങ്ങള്‍ ഒളിപ്പിച്ചു വെക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നെന്നും മാര്‍ക് എപ്സ്റ്റീന്‍ അവകാശപ്പെട്ടതായി ഈ വര്‍ഷം മാര്‍ച്ചില്‍ എ.ബി.സി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

‘പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുക്കാന്‍ മാര്‍ക്ക് നിയോഗിച്ച സ്വതന്ത്ര പാത്തോളജിസ്റ്റ്, ഇതൊരു കൊലപാതകമാകാനാണ് സാധ്യതയെന്ന് അഭിപ്രായപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ന്യൂയോര്‍ക്ക് ഡെപ്യൂട്ടി അസിസ്റ്റന്റ് മെഡിക്കല്‍ എക്‌സാമിനര്‍, മരണകാരണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് അറിയിച്ചു.

തുടര്‍ന്ന്, അന്നത്തെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ബാര്‍ബറ സാംപ്സണ്‍, എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് വിധിയെഴുതിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങിയത്,’ എന്ന് ഈ വര്‍ഷം മാര്‍ച്ച് മൂന്നിന് എ.ബി.സി ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ബറ സാംപ്സണ്‍ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും മാര്‍ക്കിനെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എപ്സ്റ്റീന്റെ മരണം

കുപ്രസിദ്ധ ലൈംഗികക്കടത്ത് കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ 2019 ഓഗസ്റ്റിലാണ് എപ്സ്റ്റീനെ മാന്‍ഹട്ടനിലെ മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററില്‍ (എം.സി.സി) മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് എപ്സ്റ്റീന്‍. 2008-ല്‍ ഫ്ലോറിഡയില്‍ വെച്ച് എപ്സ്റ്റീന്‍ കുറ്റം സമ്മതിച്ചിരുന്നു. 2019 ജൂലൈയില്‍, ലൈംഗിക കടത്ത് സംബന്ധിച്ച ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി അയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എപ്സ്റ്റീന്റെ മരണം.

എപ്സ്റ്റീന്റെ ലൈംഗിക കടത്ത് കുറ്റകൃത്യങ്ങള്‍ നേരിട്ട 1,200 പേരെയും അവരുടെ കുടുംബങ്ങളെയും എഫ്.ബി.ഐയും യു.എസ് നീതിന്യായ വകുപ്പും കണ്ടെത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 10-ന് എപ്സ്റ്റീനെ തന്റെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, എം.സി.സി ജയിലില്‍ നിരവധി ‘പ്രോട്ടോക്കോള്‍ വീഴ്ചകളും’ ‘സാങ്കേതിക പിഴവുകളും’ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഒരു അന്വേഷണവും ആരംഭിച്ചിരുന്നുവെന്ന്, യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്‍പ്പെട്ട ഒരു എഫ്.ബി.ഐ രേഖ വ്യക്തമാക്കുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Forensic expert challenges Epstein death ruling as more likely homicide