ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരുന്ന വിവാദ പൊലീസ് വിഭാഗത്തിന് അന്ത്യം. ഫലസ്തീന് അനുകൂല റാലികളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും ക്രൂരമായ ബലപ്രയോഗം നടത്തിയതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പിനെ (എസ്.ആര്.ജി) പിരിച്ചുവിടാന്‍ മേയര്‍ സൊഹ്റാന് മംദാനി ഉത്തരവിട്ടു.
ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങളെ ഭീകരവാദ ഭീഷണി പോലെ നേരിടാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേയറുടെ ഈ നിര്‍ണായക നടപടി.പ്രതിഷേധക്കാരെ നേരിടുന്നതില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ട പ്രത്യേക പൊലീസ് സേനയായ സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പിനെ പിരിച്ചുവിടുന്നതായി മംദാനി പ്രഖ്യാപിക്കുകയായിരുന്നു.
പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷിനൊപ്പം നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് മേയര്‍ സുപ്രധാനമായ പൊലീസ് പരിഷ്കാരങ്ങള്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മംദാനി നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
പത്ത് വര്‍ഷം മുമ്പ് ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 500 അംഗ പ്രത്യേക സേനയായിരുന്നു ഇത്. ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ കൊളംബിയ സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും ഫലസ്തീന് അനുകൂല റാലികളിലും എസ്.ആര്.ജി നടത്തിയ ഇടപെടലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2020ലെ ജോര്‍ജ് ഫ്ളോയ്ഡ് പ്രതിഷേധങ്ങളിലും കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങളിലും ഇവര്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കവചിത വേഷങ്ങളിലെത്തുന്ന ഈ സേന ലാത്തി, കണ്ണീര് വാതകം, പെപ്പര്‍ സ്പ്രേ എന്നിവ ഉപയോഗിച്ചും കൂട്ട അറസ്റ്റുകള്‍ നടത്തിയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതായി വ്യാപക വിമര്‍ശനമുണ്ടായിരുന്നു.
‘ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് പ്രതിഷേധിക്കുന്ന ന്യൂയോര്‍ക്ക് നിവാസികളെ ഭീകരവാദ ഭീഷണി നേരിടുന്നതുപോലെ പൊലീസ് നേരിടാന്‍ പാടില്ല. ചര്‍ച്ചകള്‍ക്കും സമാധാനപരമായ ഇടപെടലുകള്‍ക്കും മുന്‍ഗണന നല്കുന്ന, സാധാരണക്കാര്‍ നേതൃത്വം നല്കുന്ന പുതിയൊരു രീതിയാണ് ഞങ്ങള്‍ കൊണ്ടുവരുന്നത്,’ മംദാനി പ്രസ്താവനയില്‍ പറഞ്ഞു.
പൊലീസില്‍ പുതിയ മാറ്റങ്ങളും ഇതോടെ കൊണ്ടുവന്നിട്ടുണ്ട്. കമ്മ്യൂണിറ്റി ഡയലോഗ് ആന്‍ഡ് ഡി-എസ്കലേഷന്‍ ഡിവിഷന് മേയറുടെ ഓഫീസിന് കീഴില്‍ സിവിലിയന്മാര് നേതൃത്വം നല്കുന്ന പുതിയ വിഭാഗം നിലവില്‍ വരും. ഇവര്‍ യൂണിഫോം ധരിച്ച പൊലീസുകാരായിരിക്കില്ല. ഇവര്‍ക്ക് ആയുധങ്ങള്‍ കൈവശം വെക്കാനോ ആരെയും അറസ്റ്റ് ചെയ്യാനോ അധികാരമുണ്ടായിരിക്കില്ല. പ്രതിഷേധക്കാരുമായി സംസാരിച്ച് സംഘര്‍ഷം ലഘൂകരിക്കുകയാണ് ഇവരുടെ ചുമതല.
എസ്.ആര്.ജിക്ക് പകരമായി പൊലീസിനുള്ളില്‍ ‘ഫസ്റ്റ് അമെന്‍ഡ്മെന്റ് സപ്പോര്‍ട്ട് ടീം’പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടങ്ങുന്ന ‘പട്രോള്‍ സപ്പോര്‍ട്ട് ഡിവിഷന്’ എന്നിവ പ്രവര്‍ത്തിക്കും. എസ്.ആര്.ജിയുടെ ഭീകരവാദ വിരുദ്ധ ചുമതലകള്‍ എന്‍.വൈ.പി.ഡിയുടെ ഇന്റലിജന്‍സ് ആന്‍ഡ് കൗണ്ടര്‍ ടെററിസം ബ്യൂറോയിലേക്ക് മാറ്റും.
കൂടാതെ പ്രതിഷേധങ്ങള്‍ക്കിടെ കണ്ണീര് വാതകം, നീളമുള്ള തോക്കുകള്‍ പെപ്പര്‍ സ്പ്രേ എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചു. ശബ്ദ ഉപകരണങ്ങളുടെ ഉപയോഗം 90 ഡെസിബെല്ലായി പരിമിതപ്പെടുത്തി. ജീവഹാനിയോ ഗുരുതരമായ പരിക്കോ ഒഴിവാക്കാന്‍ അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ പൊലീസ് സൈക്കിളുകള്‍ പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.
അധിക സാമ്പത്തിക ബാധ്യതയോ പൊലീസ് സേനയിലെ അംഗസംഖ്യയില്‍ മാറ്റമോ ഇല്ലാതെ 2027 വസന്തകാലത്തോടെ ഈ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് പ്രതിഷേധങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ജനങ്ങള്‍ക്ക് നിര്‍ഭയം ശബ്ദമുയര്‍ത്താന്‍ അവസരമൊരുക്കുമെന്നും എന്‍.വൈ.സി.എല്‍.യു എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോണ ലീബര്‍മാന്‍ പറഞ്ഞു.
അതേസമയം, 21,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന പൊലീസ് യൂണിയന് മേയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായി രംഗത്തെത്തിയിട്ടുണ്ട്.
തീവ്ര നിലപാടുകാരെ പ്രീതിപ്പെടുത്താന്‍ നഗരത്തിന്റെയും പൊലീസുകാരുടെയും സുരക്ഷ മേയര്‍ അപകടത്തിലാക്കുകയാണെന്ന് യൂണിയന് നേതാവ് ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ചില ജൂത സ്ഥാപനങ്ങള്‍ ലക്ഷ്യമിടപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടാകുമോ എന്ന് ചില ജൂത സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍, എസ്.ആര്.ജി പിരിച്ചുവിട്ടാലും ക്രമസമാധാന പാലനത്തിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും എന്‍.വൈ.പി.ഡിയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് വ്യക്തമാക്കി.
Content Highlight: No more guns or batons to handle protests; Zohran Mamdani secures the disbandment of the New York Police Department’s controversial ‘SRG’ unit.
