മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അപകടത്തില്‍ മരിക്കാനിടയായ വിമാനം ഓപ്പറേറ്റ് ചെയ്ത ‘വി.എസ്.ആര് വെഞ്ചേഴ്സ്’ എന്ന കമ്പനിയുടെ ഉടമ വി.കെ. സിങിനെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംരക്ഷിക്കുന്നുവെന്ന് എന്‍.സി.പി (എസ്.പി) എം.എല്‍.എ രോഹിത് പവാര്‍. വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാര്‍. മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന നേതാവ് വി.കെ. സിങിനെ സംരക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം ആരോപിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സമര്‍പ്പിക്കുകയും അന്വേഷണ ഏജന്‍സികള്‍ക്ക് പലതവണ പരാതികള്‍ നല്‍കുകയും ചെയ്തിട്ടും, കമ്പനിക്കെതിരെയോ അതിന്റെ ഉടമയ്ക്കെതിരെയോ കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് രോഹിത് പവാര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വി.എസ്.ആര് ഉടമയുമായുള്ള അടുപ്പമാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിന് കാരണമെന്ന് എന്‍.സി.പി (എസ്.പി) നേതാന് ആരോപിച്ചു. തന്റെ ആരോപണങ്ങള്‍ തെറ്റാണോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി.കെ. സിങിനെയും വി.എസ്.ആര് കമ്പനിയെയും രക്ഷിച്ചത് ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും രോഹിത് പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഫട്നാവിസിന്റെ നിയന്ത്രണത്തിലായിട്ടും പ്രധാനമന്ത്രി വഴി സി.ബി.ഐയെ അടക്കം അദ്ദേഹത്തിന് സമീപിക്കാന്‍ പറ്റുമായിരുന്നിട്ടും കേസ് പുരോഗതിയില്ലാതെ തുടരുകയാണെന്നും എന്‍.സി.പി (എസ്.പി) നേതാവ് പറയുന്നു.
അജിത് പവാറിന്റെ മരണത്തില്‍ ഫഡ്നാവിസിനോ സിങിനോ നേരിട്ട് പങ്കുണ്ടെന്നല്ല താന്‍ ആരോപിക്കുന്നതെന്നും, മറിച്ച് കമ്പനി ഉടമയെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി.കെ. സിങിന് 27 കമ്പനികളുണ്ടെന്നും, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനി വഴി 868 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും രോഹിത് പവാര്‍ ആരോപിച്ചു. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
അപകടത്തിന് തൊട്ടുമുമ്പ്, തന്റെ യാത്രാ ഷെഡ്യൂളും വിമാന സമയവും മാറ്റാന്‍ അജിത് പവാറിന്റെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും രോഹിത് പവാര്‍ പറയുന്നു. അജിത് പവാര്‍ ആദ്യം റോഡ് മാര്‍ഗ്ഗം ബരാമതിയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാന അപകടത്തെ ഒരു ക്രിമിനല്‍ കേസായി അന്വേഷിക്കുന്നതിന് പകരം, വെറുമൊരു അപകടമായാണ് സി.ഐ.ഡി കൈകാര്യം ചെയ്യുന്നതെന്നും രോഹിത് പവാര്‍ ആരോപിച്ചു. ഈ വിഷയം ഉന്നയിച്ചത് തന്റെ രാഷ്ട്രീയ ജീവിതത്തെ അപകടത്തിലാക്കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തന്റെ അമ്മാവന് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2024 നവംബര്‍ 21-ന് ജയ്പൂരില്‍ വി.കെ. സിങ്ങിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ ഫഡ്നാവിസ് പങ്കെടുത്തതിന്റെ ഒരു ഫോട്ടോയും വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പവാര്‍ പ്രദര്‍ശിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ വളച്ചൊടിക്കാനോ മറച്ചുവെക്കാനോ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ബി.ജെ.പി രോഹിതിന്റെ ആരോപണങ്ങള്‍ തള്ളുന്നുവെന്ന് പ്രതികരിച്ചു. പ്രചാരണം നേടുന്നതിനായി രോഹിത് പവാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.സി പ്രവീണ്‍ ദരേകര്‍ വാദിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശരദ് പവാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ രോഹിത് ആക്രമിക്കുകയാണെന്നും ദരേകര്‍ ആരോപിച്ചു.
Content Highlight: Rohit Pawar accuses Fadnavis of protecting aircraft firm owner in Ajit Pawar crash probe
