പ്രാഗ്: പൊതുമേഖലാ മാധ്യമങ്ങളുടെ ധനസഹായ സംവിധാനം പൊളിച്ചെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ചെക്ക് റിപ്പബ്ലിക്കില്‍ ജനരോഷം ഇരമ്പുന്നു. തലസ്ഥാനമായ പ്രാഗിലെ ലെറ്റ്ന പാര്‍ക്കില്‍ ഞായറാഴ്ച (നവംബര്‍ 15) നടന്ന വന്‍ പ്രതിഷേധ റാലിയില്‍ ഏകദേശം നാല് ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

‘മില്യണ്‍ മൊമെന്റ്‌സ് ഫോര്‍ ഡെമോക്രസി’ എന്ന പൗരസംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ റാലി, 1989-ലെ വെല്‍വെറ്റ് വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിഷിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലാണ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് വഴിവെച്ചത്.

നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ചെക്ക് ടെലിവിഷന്‍ ചെക്ക് റേഡിയോ എന്നിവയുടെ പ്രവര്‍ത്തനത്തിനായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്രതിമാസം 205 ചെക്ക് ക്രൗണ്‍ (ടെലിവിഷന് 150 ക്രൗണ്‍, റേഡിയോയ്ക്ക് 55 ക്രൗണ്‍) ലൈസന്‍സ് ഫീസായി ഈടാക്കുന്നുണ്ട്.

ഈ സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കി, പകരം ദേശീയ ബജറ്റില്‍ നിന്ന് നേരിട്ട് മാധ്യമങ്ങള്‍ക്ക് പണം അനുവദിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതോടെ മാധ്യമ സ്ഥാപനങ്ങളുടെ ആകെ ബജറ്റില്‍ 15 ശതമാനത്തോളം കുറവുണ്ടാകുമെന്നും 2025-ല്‍ നടപ്പിലാക്കിയ ഫീസ് വര്‍ധനവ് ഇതോടെ അസാധുവാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങളുടെ സാമ്പത്തിക നിയന്ത്രണം സര്‍ക്കാരിന്റെ കൈകളിലേക്ക് എത്തുന്നത് അവയുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും തകര്‍ക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ആശങ്കപ്പെടുന്നത്.

പതിറ്റാണ്ടുകളായി ചെക്ക് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത കുട്ടികള്‍ക്കായുള്ള രാത്രി കാലങ്ങളില്‍ കഥകള്‍ അവതരപ്പിക്കുന്ന ആനിമേഷന്‍ കഥാപാത്രത്തിന്റെ സ്മരണാര്‍ത്ഥം പത്രങ്ങള്‍ മടക്കി വെച്ച് നിമര്‍മിച്ച കൂര്‍ത്ത തൊപ്പികള്‍ ധരിച്ചാണ് ആളുകള്‍ പ്രതിഷേധത്തിനെത്തിയത്.

അയല്‍രാജ്യങ്ങളായ ഹംഗറിയിലും സ്ലൊവാക്യയിലും നടപ്പിലാക്കിയ മാധ്യമ നിയന്ത്രണങ്ങള്‍ക്ക് സമാനമായ നീക്കമാണിതെന്നും ജനാധിപത്യത്തിന് ഇത് ഭീഷണിയാണെന്നും ‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്’ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, നിലവിലുള്ള ലൈസന്‍സ് ഫീസ് സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും പുതിയ മാറ്റം മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നുമാണ് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിഷിന്റെ വിശദീകരണം. ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ ബജറ്റ് അധിഷ്ഠിത രീതിയാണ് പിന്തുടരുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നു.

ഒക്ടോബര്‍ അവസാനവാരം പുലര്‍ച്ചെ 4:36 വരെ നീണ്ട പാര്‍ലമെന്റിന്റെ രാത്രികാല സമ്മേളനത്തില്‍ ബില്ലിന്റെ ആദ്യ കരട് പാസാക്കിയതോടെയാണ് പ്രാഗിലെ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലും മറ്റ് നഗരങ്ങളിലും പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് നവംബര്‍ ആദ്യവാരം പൊതുമേഖലാ മാധ്യമങ്ങളിലെ ജീവനക്കാര്‍ ഏകദിന പണിമുടക്ക് നടത്തുകയും കലാകാരന്മാരും വിദ്യാര്‍ത്ഥികളും ബഹിഷ്‌കരണ സമരവുമായി രംഗത്തെത്തുകയും ചെയ്തു.

ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സമിതികളുടെ പരിഗണനയിലേക്ക് നീങ്ങാനിരിക്കെ, നിയമനിര്‍മ്മാണം പൂര്‍ണമായും പിന്‍വലിക്കണമെന്ന ശക്തമായ താക്കീതാണ് ഞായറാഴ്ചത്തെ റാലിയിലൂടെ പ്രതിഷേധക്കാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

Content Highlight: Encroachment on media freedom: 400,000 people take to the streets in the Czech Republic against the government