വലിയ പ്രതീക്ഷയോടെ കഴിഞ്ഞ മാസം പകുതിയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണം തിയേറ്ററുകളില്‍ നിന്നും ലഭിച്ചതോടെ ബോക്സ് ഓഫീസിന് തീ പിടിക്കുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ റെക്കോഡുകള്‍ ഓരോന്നോരോന്നായി രജിനി തന്റെ പേരിലാക്കിയിരുന്നു.

ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ തമിഴിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജിനിയുടെ തന്നെ 2.0 യുടെ റെക്കോഡ് 700 കോടിയിലധികം നേടി ജയിലര്‍ 2 തകര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം എണ്ണൂറ് കോടിയിലധികം നേടിയ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

ജയിലര്‍ 2. Photo: X.com

 

ഇതോടെ ചിത്രമായി ബന്ധപ്പെട്ട് ഒട്ടവനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂട്ടത്തില്‍ ചിത്രത്തിലെ കാമിയോ റോളുകളെ കുറിച്ചുള്ള പോസ്റ്റുകളാണ് സിനിമാ പേജുകളില്‍ വൈറലാകുന്നത്. ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷനടക്കം വമ്പന്‍ താരങ്ങള്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഇംപാക്ട് ചെയ്തത് മലയാളി താരം വിനായകനും ഗ്യാങ്ങുമാണെന്ന് പറയുകയാണ് പലരും.

ജയിലറിന്റെ ആദ്യഭാഗത്തില്‍ കൊടൂര വില്ലനായ വര്‍മനായി വേഷമിട്ടത് വിനായകനായിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണമായതും വിനായകന്റെ പെര്‍ഫോമന്‍സായിരുന്നു. ആദ്യഭാഗത്തില്‍ തന്നെ നായകകഥാപാത്രം വര്‍മനെ കൊലപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ സുരാജ് അവതരിപ്പിച്ച ദിലീപന്റെ സ്വപ്‌നത്തിലാണ് വര്‍മനും കൂട്ടരും പ്രത്യക്ഷപ്പെടുന്നത്. തകര്‍പ്പന്‍ നൃത്തച്ചുവടുകളോടെ പ്രത്യക്ഷപ്പെടുന്ന ഈ ഗ്യാങ്ങ് തിയേറ്ററിലും വലിയ കൈയടി നേടിയിരുന്നു.

ജയിലര്‍ 2. Photo: X.com

മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, വിജയ് സേതുപതി തുടങ്ങി വമ്പന്‍ താരനിര കാമിയോ ആയി ചിത്രത്തില്‍ എത്തിയിട്ടും ഇവര്‍ക്കൊന്നും തരാന്‍ കഴിയാത്ത എക്‌സ്പീരിയന്‍സ് വിനായകന്‍ സ്‌ക്രീനിലെത്തുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മറ്റ് സീനുകള്‍ ഹൗസ് ഫുള്‍ തിയേറ്ററില്‍ ആളുകളുടെ ആരവത്തോടെയിരുന്ന് കാണുമ്പോഴാണ് ആസ്വാദ്യകരമാകുന്നതെന്നും പോസ്റ്റുകളില്‍ പറയുന്നു.

Content Highlight: Vinayakan’s cameo in Jailer 2 came into discussion after OTT release of the movie