ഹേഗ്: മ്യാന്മറിലെ റോഹിംഗ്യന്‍ വംശഹത്യക്കെതിരായ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധി പറയാനൊരുങ്ങുന്നു. ഈ മാസം 19ന് കേസില്‍ കോടതി വിധി പറയുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഈ മാസം മൂന്നിന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.
വംശഹത്യ തടയുന്നതിനുള്ള കണ്വെന്ഷന് വ്യവസ്ഥകള്‍ മ്യാന്മര് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗാംബിയ ഫയല്‍ ചെയ്ത കേസിലാണ് ഐ.സി.ജെ വിധി പറയുന്നത്. ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന വംശഹത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നല്കിയ കേസിനെ വരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും റോഹിംഗ്യന്‍ വംശഹത്യാ കേസിലെ വിധിയെന്ന് വിലയിരുത്തപ്പെടുന്നു.
റോഹിംഗ്യന്‍ വംശഹത്യയില്‍ മ്യാന്മര് ഭരണകൂടം ഉത്തരവാദികളാണോ എന്ന് കോടതി പരിശോധിക്കും. 1948-ലെ ഐക്യരാഷ്ട്രസഭയുടെ വംശഹത്യ തടയല്‍ ഉടമ്പടിയുടെ ലംഘനമാണ് റോഹിംഗ്യര്ക്കെതിരായ മ്യാന്മറിന്റെ അടിച്ചമര്‍ത്തലെന്ന് ഗാംബിയ വാദിച്ചിരുന്നു. ഗാംബിയയുടെ വാദങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ഏഴ് വര്‍ഷമായി പരിശോധിച്ചുവരികയാണ്.
കേസില്‍ ഐ.സി.ജെ വിധി അന്തിമമായിരിക്കും. വിധിക്കെതിരെ അപ്പീല്‍ നല്കാന് സാധിക്കില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഐ.സി.ജെയുടെ പരിഗണനയിലുള്ള നടപടികള്‍ ഈ വിധിയോടെ അവസാനിക്കും.
ഈ വിധി അന്താരാഷ്ട്ര നിയമചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നാസി ഭരണകൂടം നടത്തിയ ‘ഹോളോകോസ്റ്റിന്’ ശേഷമാണ് ‘വംശഹത്യ’ എന്ന കുറ്റകൃത്യം നിര്‍വചിക്കപ്പെട്ടത്. എന്നാല്‍, ഒരു രാഷ്ട്രം നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയാണെന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഒരു ദേശീയ, വംശീയ, വര്‍ഗ്ഗ, അല്ലെങ്കില്‍ മത വിഭാഗത്തെ ‘പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ’ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍, ആ ഉദ്ദേശ്യം എങ്ങനെ തെളിയിക്കാം എന്നത് മുന്‍ കേസുകളിലെല്ലാം ഒരു പ്രധാന വിഷയമായിരുന്നു.
കേസില്‍ മ്യാന്മര് കുറ്റവാളികളാണെന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നതായി റോഹിങ്ക്യന്‍ അതിജീവിതരായ നൂറുകണക്കിന് ആളുകള്‍ക്ക് വേണ്ടി വാദിക്കുന്ന ലീഗല്‍ ആക്ഷന്‍ വേള്‍ഡ്വൈഡ് എന്ന സംഘടനയുടെ സ്ഥാപകയായ അന്റോണിയ മല്‍വി പറഞ്ഞതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. റോഹിംഗ്യന്‍ വിഭാഗത്തെ നശിപ്പിക്കാനുള്ള വ്യക്തമായ ശ്രമങ്ങളെ സൂചിപ്പിക്കുന്ന പാറ്റേണുകള്‍ സര്‍ക്കാരിന്റെ നടപടികളില്‍ കാണാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഗ്രാമങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെല്ലാം ഒരേ രീതിയിലായിരുന്നു നടന്നത്. അവര്‍ സാധാരണക്കാരെ ആക്രമിക്കുകയും ഗ്രാമങ്ങള്‍ കത്തിക്കുകയും പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിക്കുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു. ആളുകള്‍ പലായനം ചെയ്യുമ്പോള്‍ അവരെ പിന്തുടര്ന്ന് കൊല്ലുകയും ചെയ്തു,’ മാല്‍വി പറഞ്ഞു.
ബാല്‍ക്കന്‍ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളില്‍, വംശഹത്യയില്‍ രാജ്യങ്ങള്‍ നേരിട്ട് കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, സെബ്രനീച്ച വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ടതിന് സെര്‍ബിയ നിയമപരമായി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് എത്തിയ റോഹിങ്ക്യന്‍ അതിജീവിതരുടെ മൊഴികള്‍ ഈ വര്‍ഷം ജനുവരിയില്‍ ഐ.സി.ജെ നേരിട്ട് കേട്ടിരുന്നു. ഇതിനായി കോടതി അടച്ചിട്ട മുറിയില്‍ വാദം കേട്ടിരുന്നു.
2017ലാണ് മ്യാന്മറില് റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ നടന്നത്.
മ്യാന്മര് സൈന്യം നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഈ വിധി വരുന്നത്.
പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. റോഹിംഗ്യന്‍ വംശജരില്‍ ആറ് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമേ മ്യാന്മറിനുള്ളില് അവശേഷിക്കുന്നുള്ളൂ എന്ന് കണക്കാക്കപ്പെടുന്നു.
തങ്ങള്‍ വംശഹത്യ നടത്തിയിട്ടില്ലെന്നാണ് മ്യാന്മര് അവകാശപ്പെടുന്നത്. തങ്ങളുടെ നടപടികള്‍ വിമതരുടെ സൈനിക കലാപത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും മ്യാന്മര് അവകാശപ്പെടുന്നു.
റോഹിംഗ്യന്‍ അതിജീവിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐ.സി.ജെ വിധി ചരിത്രപരമായ ഒന്നായിരിക്കുമെന്ന് മ്യാന്മറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന മുന്‍ യുഎന്‍ പ്രതിനിധി യാങ്ഹീ ലീയെ ഉദ്ധരിച്ച് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഒമ്പത് വര്‍ഷം മുമ്പ് റോഹിംഗ്യര്ക്കെതിരെ മ്യാന്മര് സൈന്യം നടത്തിയ അതിക്രമങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു. റോഹിംഗ്യര്‍ക്ക് നീതി ഉറപ്പാക്കാനും, തങ്ങളുടെ മുന്‍കാല വീഴ്ചകളെക്കുറിച്ച് ചിന്തിക്കാനും ലഭിച്ച ഈ അവസരം അന്താരാഷ്ട്ര സമൂഹം പ്രയോജനപ്പെടുത്തണം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ഓഗസ്റ്റില്‍, മ്യാന്മറിലെ വടക്കന്‍ റാഖൈന്‍ സംസ്ഥാനത്ത്, റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ മ്യാന്മര് സുരക്ഷാ സേന കൂട്ടക്കൊലകള്‍, ബലാത്സംഗങ്ങള്‍, തീവെപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നും ഇതിനെത്തുടര്‍ന്ന് 700,000-ത്തിലധികം ആളുകള്‍ക്ക് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
2019 നവംബറിലാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ പിന്തുണയോടെ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതൊരു വ്യക്തിക്കെതിരായ ക്രിമിനല്‍ കേസല്ല, മറിച്ച് വംശഹത്യയുടെ കാര്യത്തില്‍ മ്യാന്മര് എന്ന രാഷ്ട്രത്തിനുള്ള ഉത്തരവാദിത്തം നിയമപരമായി നിര്‍ണയിക്കപ്പെടണം എന്ന ആവശ്യമാണ് ഇതിലൂടെ ഉന്നയിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
1978-ല്‍ വംശഹത്യ കണ്വെന്ഷന് അംഗീകരിച്ച രാജ്യമാണ് ഗാംബിയ. ഈ കണ്‍വെന്‍ഷനിലെ ഒമ്പതാം അനുച്ഛേദപ്രകാരമാണ് അവര്‍ കേസ് ഫയല്‍ ചെയ്തത്. ‘വംശഹത്യയുടെയും അതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെയും കാര്യത്തില്‍ ഒരു രാഷ്ട്രത്തിനുള്ള ഉത്തരവാദിത്തം’ സംബന്ധിച്ച തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാന്‍ ഈ അനുച്ഛേദം അനുവദിക്കുന്നു.
മ്യാന്മറിലെ റോഹിങ്ക്യകള്‍ക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മ്യാന്മര് സൈന്യം നടത്തിയ അതിക്രമങ്ങള്‍ പതിറ്റാണ്ടുകളായി രേഖപ്പെടുത്തപ്പെട്ടവയാണ്. എന്നാല്‍, ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതുവരെ, ഈ അതിക്രമങ്ങള്‍ക്ക് സൈന്യത്തെ ഉത്തരവാദികളാക്കാന്‍ സാധിച്ചിരുന്നില്ല. പതിറ്റാണ്ടുകളായി സൈന്യം അനുഭവിച്ചുപോരുന്ന ഈ ശിക്ഷാവിമുക്തി അവര്‍ക്ക് തുടര്‍ന്നും ഇത്തരം അതിക്രമങ്ങള്‍ നടത്താന്‍ അവസരമൊരുക്കിയെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.
Content Highlight: Rohingya Genocide: International Court of Justice Set to Deliver Verdict in Case Against Myanmar
