വാഷിങ്ടണ്‍: ഇറാനില്‍ ഇപ്പോഴും ഏകദേശം 1,500 മുതല്‍ 2,500 വരെ മിസൈലുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നതായി ദ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഈ ആയുധശേഖരത്തിന്റെ വലിപ്പം, ഇറാനെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്തണോ എന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം എടുത്ത തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്റാനിലെ ആയുധശേഖരത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഈ കണക്കുകളുടെ കൃത്യത കുറയാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും, ഇറാന്‍ ഭരണകൂടത്തിന്റെ കൈവശം വലിയൊരു എണ്ണം മിസൈലുകള്‍ ഉണ്ടെന്നത് വ്യക്തമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈലിനൊപ്പം ചേര്‍ന്ന് വീണ്ടും ആക്രമണങ്ങള്‍ നടത്തണോ എന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളില്‍ നടന്ന ചര്‍ച്ചകളില്‍ ഈ വിവരവും പരിഗണിക്കപ്പെട്ടിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇറാനില്‍ 1,500-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്ന് ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ സൈനിക ശേഷി തകര്‍ക്കപ്പെട്ടുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍.
1,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് രണ്ട് ടണ്‍ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇറാനിയന്‍ സേനയ്ക്ക് കഴിയുമെന്ന് ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ഡെപ്യൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മൊസ്തഫ ഇസാദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങള്‍ മിസൈല്‍ പ്രയോഗിക്കാനായി നിശ്ചയിച്ചിരുന്ന 2,000 കിലോമീറ്റര്‍ എന്ന പരിധി നീക്കം ചെയ്തതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് കഴിഞ്ഞ ശനിയാഴ്ച അറിയിക്കുകയും ചെയ്തിരുന്നു.
പൂര്‍ണ്ണതോതിലുള്ള യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍, യു.എസിനെയും അവരുടെ സഖ്യകക്ഷികളെയും ആക്രമിക്കാന്‍ ഇറാന്റെ പക്കല്‍ ശക്തമായ ശേഷിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട കണക്ക്. യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നെങ്കിലും, ഇറാന്‍ തങ്ങളുടെ ആയുധശേഖരം പുനര്‍നിര്‍മ്മിക്കുന്നത് തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ സാവധാനത്തിലാണെങ്കിലും ആയുധ ശേഖരം പുനര്‍ നിര്‍മിക്കുന്നത് ഇറാന്‍ തുടരുന്നുണ്ട്. നേരത്തെ ശേഖരിച്ചുവെച്ച ഘടകങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഇത് ചെയ്യുന്നത്. കൂടാതെ, ധാരാളം ഡ്രോണുകളും ഹ്രസ്വദൂര മിസൈലുകളും ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1,500 മിസൈലുകള്‍ ഉണ്ടെങ്കില്‍ പോലും, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ശേഖരത്തിന്റെ പകുതിയിലധികം ഇറാന്‍ വീണ്ടെടുത്തുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനും, ഫെബ്രുവരിയില്‍ ആരംഭിച്ച നിലവിലെ സംഘര്‍ഷത്തിനും ഇടയിലുള്ള കാലയളവില്‍ ഇറാന്‍ തങ്ങളുടെ ആയുധശേഖരം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ചുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു,
Content Highlight: Us Estimates Iran Still Has Up To 2500 Missiles- Wall Street Journal
