ജയിലറും സീനും നിര്‍ത്തിയ ഇടത്ത് നിന്ന് ബോക്‌സ് ഓഫീസ് വേട്ട തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് ഓം ചാപ്റ്റര്‍ വണ്‍. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം ഓ.എം എന്ന് പേര് മാറ്റേണ്ടി വന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വന്‍ ബജറ്റിലും ഹൈപ്പിലും ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിലും ചിത്രത്തിന്റെ ക്വാളിറ്റി നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ഗ്രാന്‍ഡ് റിലീസാണ് ഓ.എം ലക്ഷ്യം വെക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നാളെ രാവിലെ ആരംഭിക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകമെമ്പാടും രാവിലെ ആറ് മണിക്ക് ഓ.എമ്മിന്റെ ആദ്യ ഷോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏര്‍ലി മോര്‍ണിങ് ഷോയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ഓ.എം. കേരളത്തിലും ആറ് മണിക്ക് തന്നെയാകും ചിത്രത്തിന്റെ ആദ്യ ഷോ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഭാഗമായ ഒരു ചിത്രത്തിന് ആറ് മണിക്ക് ഷോ ലഭിക്കും. 2008ല്‍ പുറത്തിറങ്ങിയ അണ്ണന്‍ തമ്പിയ്ക്കായിരുന്നു അവസാനമായി ഏര്‍ലി മോര്‍ണിങ് ഷോ ലഭിച്ചത്. പുലര്‍ച്ചെ 3.45നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ. പിന്നീടിങ്ങോട്ട് ഒരു സിനിമക്കും അതിരാവിലെയുള്ള ഷോയ്ക്ക് മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് പച്ചക്കൊടി ലഭിച്ചിരുന്നില്ല.

 

മലയാളത്തില്‍ ആദ്യമായി അര്‍ധരാത്രി 12 മണിക്ക് ഫാന്‍സ് ഷോ സംഘടിപ്പിച്ചത് മമ്മൂട്ടിക്കായിരുന്നു. പദ്മകുമാര്‍ സംവിധാനം ചെയ്ത പരുന്തിന്റെ ആദ്യ ഷോ അര്‍ധരാത്രി സംഘടിപ്പിച്ച് ചരിത്രമെഴുതിയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയി. പരുന്തിന് ശേഷം മരക്കാറും അര്‍ധരാത്രി ഫാന്‍സ് ഷോ സംഘടപ്പിച്ചിരുന്നു.

പുലര്‍ച്ചെ നാല് മണിക്കും ആറ് മണിക്കുമെല്ലാം പല താരങ്ങളും ഫാന്‍സ് ഷോ സംഘടിപ്പിക്കുമ്പോള്‍ മമ്മൂട്ടിയുടെ സിനിമകള്‍ ഈ രീതി കുറെക്കാലമായി പിന്തുടരുന്നില്ലായിരുന്നു. ഓ.എമ്മിലൂടെ ഇതിന് മാറ്റമുണ്ടാകുമെന്നും മേള പോലുള്ള സിനിമകള്‍ക്ക് ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്യാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഭാഗമാകുന്ന തമിഴ് ചിത്രമാണ് ഓ.എം. ശേഷാചലം കാടുകളില്‍ നിന്ന് രക്തചന്ദനം കടത്തുന്ന സിന്‍ഡിക്കേറ്റിന്റെ തലവന്‍ സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രണ്ടേ മുക്കാല്‍ മണിക്കൂറിലധികമുള്ള ചിത്രത്തില്‍ ഒന്നേ കാല്‍ മണിക്കൂര്‍ സ്‌ക്രീന്‍ പ്രസന്‍സ് മമ്മൂട്ടിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Reports that first show of Om movie will start on 6 am in Kerala