സിനിമയുടെ ടൈറ്റിലടക്കം മാറ്റാന്‍ അധികാരമുള്ള രീതിയിലേക്ക് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് മാറിയിരിക്കുകയാണ്. പുതിയ നിയമമനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഈ നിയമത്തിന്റെ ആദ്യത്തെ ഇരയായി മാറിയിരിക്കുകയാണ് തമിഴ് താരം ധനുഷ്.

താരം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഓമിന്റെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ പേര് ഒ.എം എന്നാക്കുകയും ചെയ്തു. ‘ഓപ്പറേഷന്‍ മോള്‍’ എന്നതിന്റെ ചുരുക്കെഴുത്താണ് പുതിയ ടൈറ്റില്‍. ഇതാദ്യമായല്ല സെന്‍സര്‍ ബോര്‍ഡ് തമിഴ് സിനിമയിലെ ‘ഓം’ മാറ്റുന്നത്.

വിജയ്‌യുടെ അവസാന ചിത്രം ജന നായകനില്‍ വില്ലന്റെ പ്രൊജക്ടിന്റെ പേര് മിഷന്‍ ഓ.എം എന്നായിരുന്നു. മിലിട്ടറി, പൊലീസ് ഫോഴ്‌സുകളെ ഇല്ലാതാക്കി നാട്ടില്‍ കലാപമുണ്ടാക്കുന്ന മിഷന് ഓ.എം എന്ന് പേരിടാനാകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതോടെ സിനിമയില്‍ ഈയൊരു ഭാഗത്തില്‍ മാറ്റം വരുത്തി. ‘ഓ.എമ്മിന്’ പകരം ‘എം.എം’ (മിഷന്‍ മെലുഹ) എന്നാണ് പിന്നീട് കാണിച്ചത്.

ഇപ്പോഴിതാ ധനുഷും സെന്‍സര്‍ ബോര്‍ഡിന്റെ ഇരയായിരിക്കുകയാണ്. ഇത്തരം പേര് മാറ്റല്‍ നടപടികള്‍ കൊണ്ട് ‘സംസ്‌കാരത്തെ കാത്തുസൂക്ഷിക്കാനാണോ’ സെന്‍സര്‍ ബോര്‍ഡ് ശ്രമിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ഓമിനെ തൊട്ട് കളിച്ചാല്‍ പണി കിട്ടുമെന്ന സൂചനയാണോ ഇതെന്നും ചോദ്യങ്ങളുണ്ട്.

ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ടൈറ്റിലില്ലാത്ത സിനിമകളായിരിക്കും ഭാവിയില്‍ പുറത്തിറങ്ങുകയെന്നും സിനിമാപേജുകളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളും പ്രൊപ്പഗണ്ട സിനിമകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതും ഇപ്പോള്‍ സ്ഥിരം കാഴ്ചയായെന്നും പോസ്റ്റുകളുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനും അടുത്തിടെ ചര്‍ച്ചയായിരുന്നു. നൂറ് കണക്കിന് ആളുകളെ കൊല്ലുന്നതും കൈയും കാലും വെട്ടുന്നത് ബ്ലര്‍ ചെയ്യാതെ കാണിക്കുകയും ചെയ്ത രാമായണക്ക് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സീനിന് U/A 16+ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സെന്‍സില്ലാത്ത ഈ ബോര്‍ഡിന്റെ ഇനിയും കുറെക്കാലം കാണേണ്ടി വരുമെന്നും പരിഹാസമുണ്ട്.

Content Highlight: Om movie title changed to O.M due to censor board issues