മലയാള സിനിമയിൽ ഡബ്ബിങ് സംവിധായകനായ് പ്രവർത്തിക്കുന്ന ആളാണ് നിർമൽ. എം. ആർ. മോളിവുഡ് പ്രൊഡക്ഷൻസുമായ് ചേർന്ന് പാൻ- ഇന്ത്യൻ ലെവലിലുള്ള സിനിമകളുടെ മലയാളം പതിപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാമായണയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ധുരന്ധർ: ദി റിവഞ്ച്, മഹാവതാർ നരസിംഹ, കാന്താര2 തുടങ്ങിയ സിനിമകളാണ് അദ്ദേഹം ഡബ്ബിങ് ചെയ്തിട്ടുള്ള മറ്റ് സിനിമകൾ.

രാമായണയുടെ ഡബ്ബിങ് ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നോട് പലരും ശരത്തിനെക്കൊണ്ട് രൺബീറിന് ഡബ്ബ് ചെയ്താൽ ശെരിയാവുമോ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് അത് ശരത്തിനെക്കൊണ്ട് ഡബ്ബ് ചെയ്താൽ മാത്രമേ ശെരിയാവുകയുള്ളൂ എന്നാണ് തോന്നിയതെന്നും നിർമൽ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു നിർമൽ.

‘രാമനായിട്ടുള്ള രൺബീറിന്റെ ശരീരഭാഷയും പെർഫോമൻസും വെച്ചിട്ട് ചിലർ തമാശക്കാണെങ്കിൽ പോലും എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്, നിർമൽ ഇത് വർക്ക് ആവുമോയെന്ന്. എനിക്ക് ശരത്തേട്ടൻ തന്നെ വേണമെന്നായിരുന്നു. ഓൾറെഡി എന്റെ മൈൻഡിൽ ഫിക്സ്ഡ് ആയിരുന്നു അത്. അതിന് എനിക്കൊരു കാരണവുമുണ്ട്. അതായത് രാമൻ ദൈവമാണ്. അതുകൊണ്ട് അതേ ഭവ്യതയുള്ള അതേ അക്ഷരസ്ഫുടതയും അതേ വ്യക്തിത്വമുള്ള ഒരാളെ കൊണ്ട് മാത്രമേ ഈ വർക്ക് ഭംഗിയായ് ചെയ്യാൻ പറ്റുള്ളൂ.

ശരത് ദാസ്.രൺബീർ കപൂർ.Photo. Screen Grab/ Youtube.com

അതുകൊണ്ട് എന്റെ സെലക്ഷൻ തെറ്റില്ലെന്ന് ഞാൻ അന്നും അവരോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ജനങ്ങളും അത് പറയുന്നു. അതിൽപരം വലിയൊരു സന്തോഷവും അംഗീകാരവും വേറെ കിട്ടാനില്ല. രൺബീർ സാർ രാമനായി ആക്ട് ചെയ്യുമ്പോൾ നോൺവെജ് കഴിച്ചിട്ടില്ല. ഷൂട്ടിന്റെ ടൈമിൽ മൊത്തം വെജായിരുന്നു. നമ്മുടെ ശരത്തേട്ടനും ഡബ്ബ് ചെയ്യുന്ന സമയത്ത് പ്രാർത്ഥിച്ചിട്ടാണ് തുടങ്ങാറുള്ളത്. അങ്ങനെ ഒരു ദിവസം രാവിലെ തന്നെ അകത്തുനിന്ന് പ്രാർത്ഥന കേൾക്കുകയാണ്. അപ്പോൾ പെട്ടെന്ന് ഒരു സാർ കേറി വന്നിട്ട് ‘എന്താ അകത്ത് നടക്കുന്നത്’ എന്ന് ചോദിച്ചു. ‘സർ അദ്ദേഹം പ്രാർത്ഥിക്കുകയാണ് ആളുടെ ആറ്റിട്യൂഡ് അങ്ങനെയാണ്’ എന്ന് ഞാൻ പറഞ്ഞു,’ നിർമൽ വ്യക്തമാക്കി.

ശരത്തേട്ടൻ ഒരു വർക്കിനെ കാണുന്നത് അങ്ങനെയാണെന്നും അതുകൊണ്ടാണ് ഡബ്ബിങ്ങിന് മുമ്പ് പ്രാർത്ഥിക്കുന്നതെന്നും നിർമൽ പറഞ്ഞു. അങ്ങനെയാണ് വേണ്ടതെന്നും രൺബീർ കപൂർ എങ്ങനെയാണോ വർക്കിനെ കണ്ടത് അതേപോലെ തന്നെയാണ് ശരത്തേട്ടനും വർക്കിനെ അഭിമുഖീകരിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സിനിമയുടെ ഔട്ട്പുട്ടിൽ അത് കാണാനുണ്ടെന്നും നിർമൽ വ്യക്തമാക്കി.

Content Highlight: Nirmal said Ranbir avoided non-veg while filming *Ramayana* and Sharath prayed before dubbing.