തമിഴില്‍ ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ. ദീപാവലി റിലീസായെത്തിയ സീന്‍ ആദ്യ ആഴ്ചയില്‍ തന്നെ 200 കോടിക്ക് മുകളില്‍ നേടിയിരിക്കുകയാണ്. ഒരു വര്‍ഷത്തില്‍ മൂന്ന് 200 കോടി നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യ തന്റെ പേരിലാക്കി. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീന്‍.
ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അയാളെത്തേടി പഴയ കേസ് വരുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് കോമഡി ഫ്‌ളേവര്‍ മിക്‌സ് ചെയ്ത് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ എന്‍ഗേജ് ചെയ്ത് നിര്‍ത്താന്‍ സീനിന് സാധിച്ചു.

ചിത്രത്തിലെ പ്രധാന പ്ലോട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ആദ്യത്തെ 20 മിനിറ്റില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഒരു ട്വിസ്റ്റ് റിവീല്‍ ചെയ്യുന്നുണ്ടെന്ന് ജിത്തു മാധവന്‍ പറഞ്ഞു. എന്നാല്‍ ആ സീന്‍ താന്‍ ആദ്യം പ്ലാന്‍ ചെയ്തത് അങ്ങനെയല്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു,’ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിത്തു.
‘സീനിന്റെ ആദ്യത്തെ അര മണിക്കൂറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വലിയൊരു ട്വിസ്റ്റ് റിവീല്‍ ചെയ്യുകയാണ്. പിന്നീട് അതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. സത്യം പറഞ്ഞാല്‍ ആ സീന്‍ ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത് ഇന്റര്‍വെല്ലിലായിരുന്നു. ഫസ്റ്റ് ഹാഫ് ആ ഒരു പ്ലോട്ട് റിവീല്‍ ചെയ്യാതെ കഥ പറഞ്ഞിട്ട് സെക്കന്‍ഡ് ഹാഫില്‍ ഇപ്പോള്‍ കാണുന്നതുപോലെ കഥ പറയാനായിരുന്നു പ്ലാന്‍.

പക്ഷേ, റിലീസിന് മുന്നേ ഈ കഥ ഓണ്‍ലൈനില്‍ ലീക്കായി. അതോടുകൂടെ ഞങ്ങള്‍ പ്രതിസന്ധിയിലായി. കാരണം, പ്ലോട്ട് ലീക്കായതുകൊണ്ട് ഈ കാര്യം വെച്ച് അധികം മുന്നോട്ട് പോയാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെ സിനിമ മൊത്തം റീ എഡിറ്റ് ചെയ്യുകയായിരുന്നു. സെക്കന്‍ഡ് ഹാഫില്‍ കാണിക്കാനുദ്ദേശിച്ച പല സീനുകളും ആദ്യമേ കാണിച്ച് ഒരുവിധത്തില്‍ ഇങ്ങനെയാക്കി. ആരോ ഇന്‍സൈഡ് റിപ്പോര്‍ട്ടെന്ന് പറഞ്ഞ് റീച്ച് കിട്ടാന്‍ വേണ്ടി ചെയ്ത പോസ്റ്റ് കാരണം ഞങ്ങള്‍ പെട്ടു,’ ജിത്തു മാധവന്‍ പറയുന്നു.
ജിത്തുവിന്റെ ഇന്റര്‍വ്യൂവിന് പിന്നാലെ ഇത്തരം ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്രൂവിന്റെ എഫര്‍ട്ടുകള്‍ മുഴുവന്‍ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും വലിയ പ്രതിസന്ധി ഹാന്‍ഡില്‍ ചെയ്ത ജിത്തു മാധവന്റെ കഴിവിനെയും പലരും പ്രശംസിക്കുന്നു.
Content Highlight: Jithu Madhavan about the plot leak of Scene movie
