ന്യൂയോര്‍ക്ക്: സുഡാനിലെ സായുധ സംഘമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് (ആര്‍.എസ്.എഫ്) അനുകൂലമായി പ്രവര്‍ത്തിക്കുന്ന വ്യാജ എക്‌സ് അക്കൗണ്ടുകളുടെ ശൃംഖല കണ്ടെത്തിയതായി യു.എസ് ആസ്ഥാനമായുള്ള നിരീക്ഷക സംഘമായ മിഡാസ് പ്രോജക്റ്റ്. ഇസ്രായേലി ഇന്റലിജന്‍സ് രഹസ്യാന്വേഷണ സാങ്കേതിക വിദ്യാ കമ്പനിയായ കോയോസ് (Koiso) ആണ് ഈ ശൃംഖലയ്ക്ക് പിന്നിലെന്നും മിഡാസ് അറിയിച്ചു.

ചൈനീസ് ചാരയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിക്കപ്പെട്ട എന്‍വിഡിയ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങിനെ പിന്തുണക്കന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള ഒരു പ്രസ്താവനയിലാണ് മിഡാസ് പ്രോജക്റ്റ് ഈ കാര്യങ്ങള്‍ പറഞ്ഞത്. ജെന്‍സണ്‍ ഹുവാങിനെ പിന്തുണക്കന്നവയും ആര്‍.എസ്.എഫിന് അനുകൂലമായി പ്രചാരണം നടത്തുന്നവയും അടക്കമുള്ള 400 വ്യാജ അക്കൗണ്ടുകളുടെ ശൃംഖലയെക്കുറിച്ച് ഈ പ്രസ്താവനയില്‍ പറയുന്നു.

ആര്‍.എസ്.എഫിനും ഹുവാങിനും പുറമെ മറ്റ് പല സംഘങ്ങളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും താത്പര്യങ്ങള്‍ക്കായി 400 വ്യാജ അക്കൗണ്ടുകളുടെ (sockpuppet accounts) ഒരു ശൃംഖല ഇടപെടല്‍ നടത്തുന്നു. കൊയോസ് ആണ് ഇവയ്ക്ക് പിന്നിലെന്ന് മിഡാസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കോയോസ് അവകാശപ്പെട്ടിരുന്നെങ്കിലും, അതേ ജീവനക്കാരെയും ബിസിനസ് മാതൃകയെയും ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു പുതിയ കമ്പനി സ്ഥാപിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെന്നും അവരുടെ കുറിപ്പില്‍ പറയുന്നു.

പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പറഞ്ഞ ശേഷവും കോയോസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ തുടര്‍ന്നും ഓണ്‍ലൈനില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടിരുന്നു. കൊയോസുമായി ബന്ധമുള്ള നെറ്റ് വര്‍ക്കില്‍ നിന്ന് ഈ കാലയളവില്‍ 298 ട്വീറ്റുകള്‍ വന്നതായി കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം അക്കൗണ്ടുകളും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും മിഡാസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ആര്‍.എസ്.എഫ് സായുധ സംഘം സമാധാനത്തെയും വെടിനിര്‍ത്തലിനെയും അനുകൂലിക്കുന്നവരാണെന്നത് അടക്കമുള്ള പ്രചാരണങ്ങളാണ് ഈ എക്‌സ് അക്കൗണ്ടുകള്‍ വഴി നടന്നത് സ്ഥിരത ഉറപ്പാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും പ്രാദേശിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങള്‍ എത്തിക്കാനും ആര്‍.എസ്.എഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചു. ഇതിനുപുറമെ, സുഡാന്‍ സൈന്യത്തിന് മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.

‘സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ ‘റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ്’ എന്ന ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതുള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളിലും ഈ ശൃംഖല സജീവമായി ഇടപെടുന്നുണ്ട്; വംശഹത്യ നടത്തിയെന്ന് അമേരിക്ക ആരോപിച്ചിട്ടുള്ള ഒരു വിഭാഗമാണ് ഇത്.

ദി മിഡാസ് പ്രോജക്റ്റിനോട് പ്രതികരിക്കവെ, ഈ അക്കൗണ്ടുകളെക്കുറിച്ച് അടുത്തിടെയാണ് അറിഞ്ഞതെന്നും, ഇവയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്നും എന്‍വിഡിയ വക്താവ് അറിയിച്ചു. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

വര്‍ഷങ്ങളായി, കോര്‍പ്പറേറ്റ്, രാഷ്ട്രീയ ക്ലയന്റുകള്‍ക്ക് വേണ്ടി വിവിധ വിഷയങ്ങളെ പിന്തുണച്ചുകൊണ്ട് ഈ അക്കൗണ്ട് നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രഈല്‍, ഫാര്‍മസി ബെനഫിറ്റ് മാനേജര്‍മാര്‍, നിര്‍മ്മാണ കമ്പനികള്‍, ഏറ്റവും ഒടുവിലായി സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് എന്നിവയ്ക്ക് അനുകൂലമായ പ്രചാരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ആര്‍.എസ്.എഫും ഇസ്രഈലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ നേരത്തെ പുറത്തു വന്നിരുന്നതായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണ സാങ്കേതികവിദ്യകള്‍ കൈമാറിയിരുന്നതായി 2023-ല്‍ പുറത്തുവന്ന ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൂടാതെ, ആര്‍.എസ്.എഫ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി ഇസ്രഈല്‍ സന്ദര്‍ശിക്കുകയും, അവിടെ ഇസ്രായേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

അടുത്തിടെ, ഇസ്രായേലി പ്രധാനമന്ത്രി പങ്കുവെച്ച ഒരു ഭൂപടത്തില്‍ ആര്‍.എസ്.എഫിനെ ഇസ്രായേലിന്റെ ‘സൗഹൃദ വിഭാഗം’ ആയി ചിത്രീകരിച്ചിരുന്നു. ദാര്‍ഫൂറില്‍ വെച്ച് ഒരു ഇസ്രായേലി വിദഗ്ധന്‍ ആര്‍.എസ്.എഫ് അംഗങ്ങള്‍ക്ക് ഡ്രോണ്‍ പ്രവര്‍ത്തനങ്ങളിലും ടെലികമ്മ്യൂണിക്കേഷന്‍ ജാമിംഗിലും പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2023 ഏപ്രിലിലാണ് സുഡാന്‍ സൈന്യവും ‘റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്’ മിലിഷ്യയും തമ്മില്‍ സുഡാനില്‍ യുദ്ധം ആരംഭിച്ചത്. സുഡാനിലെ മാനുഷിക സാഹചര്യങ്ങള്‍ വഷളാവാന്‍ യുദ്ധം കാരണമായിരുന്നു. സുഡാനിലെ നിലവിലെ സാഹചര്യത്തെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിയായാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.

Content Highlight: US watchdog expose Israeli intelligence links with Sudan’s RSF