2027ലെ ഐ.പി.എല്ലിന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയതിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ താരം അമ്പാട്ടി റായിഡു. ഹര്‍ദിക്കിന്റെ വരവോടെ പഞ്ചാബ് ഇപ്പോള്‍ ശക്തമായ ടീമാണെന്നും അടുത്ത സീസണില്‍ ടീമിന് വേണ്ടി ഹര്‍ദിക് കിരീടം നേടുമെന്നും റായിഡും പ്രവചിച്ചു.

‘ഹര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലെത്തുന്നതോടെ അവരുടെ ടീം ഇപ്പോള്‍ പൂര്‍ണമായിരിക്കുകയാണ്. പേപ്പറില്‍ അവരുടെ ടീം വളരെ അപകടകാരികളാണ്. ഹര്‍ദിക് അവര്‍ക്ക് കിരീടം നേടിക്കൊടുക്കുമെന്നും നീണ്ടകാലത്തെ കിരീടവരള്‍ച്ചയ്ക്ക് വിരാമമിടുമെന്നും ഞാന്‍ കരുതുന്നു.

മുംബൈ ഇന്ത്യന്‍സ് തഴഞ്ഞതിന് ശേഷം ഹര്‍ദിക്കിന് സ്വയം തെളിയിക്കേണ്ടതുണ്ട്. നേരത്തെ തന്നെ ശക്തമായ ടീമായിരുന്ന പഞ്ചാബ് ഇപ്പോള്‍ കൂടുതല്‍ മികച്ചതും കരുത്തുറ്റതുമായി മാറുകയാണ്. ടീമിന് കൂടുതല്‍ ആഴവും കരുത്തും നല്‍കാന്‍ ഹര്‍ദിക്കിന് സാധിക്കും. ഐ.പി.എല്‍ 2027ല്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ടീം പഞ്ചാബ് കിങ്സായിരിക്കും,’ അമ്പാട്ടി റായിഡു പറഞ്ഞു.

ഹര്‍ദിക്കിന് പകരം പഞ്ചാബില്‍ നിന്ന് സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെയാണ് മുംബൈ സ്വന്തമാക്കിയത്. 18 കോടിയാണ് ഹര്‍ദിക്കിനും അര്‍ഷ്ദീപിനും ഫ്രാഞ്ചൈസികള്‍ വിലയിട്ടത്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ 2015ല്‍ അരങ്ങേറിയ ഹര്‍ദിക് 162 മത്സരങ്ങളില്‍ നിന്നും 2955 റണ്‍സാണ് നേടിയിട്ടുള്ളത്. 10 അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഓള്‍ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങില്‍ 82 വിക്കറ്റുകളാണ് ഹര്‍ദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി. അതേസമയം അര്‍ഷ്ദീപ് സിങ് ഐ.പി.എല്ലിലെ 96 മത്സരത്തില്‍ നിന്ന് 111 വിക്കറ്റുകളാണ് നേടിയത്.

2022ല്‍ ഗുജറാത്തിനെ കന്നി സീസണില്‍ കിരീടം ചൂടിച്ച ഹര്‍ദിക് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിരുന്നു. തൊട്ട അടുത്ത സീസണില്‍ റണ്ണര്‍ അപ് ആകാനും ഗുജറാത്തിന് സാധിച്ചിരുന്നു.

പിന്നീട് 2024 ഐ.പി.എല്ലില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി മുംബൈ ഹര്‍ദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്തിനൊപ്പമുള്ള ക്യാപ്റ്റന്‍സി മികവ് ഹര്‍ദിക്കിന് മുംബൈയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ ഹര്‍ദിക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

എന്നാല്‍ പഞ്ചാബില്‍ എത്തിയതോടെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമില്ലാതെ ഹര്‍ദിക് മികച്ച പോരാട്ടം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മുംബൈക്കൊപ്പം പല തവണ ഐ.പി.എല്‍ ചാമ്പ്യനായ ഹര്‍ദിക് പഞ്ചാബിനെ ആദ്യ കിരീടത്തിലേക്ക് നയിക്കുമോയെന്നും കണ്ടുതന്നെ അറിയണം.

Content Highlight: Ambati Rayudu Talking About Star All Rounder Hardik Pandya