2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരം സഞ്ജു സാംസണിന്റെ കീഴിലാണ് കേരളം പോരാട്ടത്തിനിറങ്ങുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ശേഷം ടി-20 ഫോർമാറ്റിൽ ഇടവേളയുള്ളതിനാലാണ് സഞ്ജു കേരള ടീമിനൊപ്പം ചേർന്നത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബർ 22നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു പൂർണമായും ഈ ടൂർണമെന്റിന് ലഭ്യമാകും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ സ്ഥാനം നിലനിർത്താനാകും സഞ്ജു ലക്ഷ്യം വെക്കുന്നത്.

ടൂർണമെന്റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ സഞ്ജുവിന് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ 450 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

നിലവിൽ 445 സിക്സുകൾ നേടിയ സഞ്ജുവിന് ആറ് സിക്സുകൾ കൂടി നേടിയാൽ ഈ ചരിത്രനേട്ടം കൈവരിക്കാൻ സാധിക്കും. ഇന്ത്യയിൽ രണ്ട് താരങ്ങൾ മാത്രമാണ് കുട്ടി ക്രിക്കറ്റിൽ 450 കടന്നിട്ടുള്ളൂ. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

 

ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്‌സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സിക്സുകൾ അടിച്ചുകൂട്ടിയത്. രോഹിത്തിനും കോഹ്‌ലിക്കും ശേഷം സഞ്ജുവിന്റെ പേരും ഈ നേട്ടത്തിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം നവംബർ 14 മുതൽ ഡിസംബർ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം അസം, ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.

കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. രോഹൻ കുന്നുമ്മൽ, അസറുദ്ദീൻ എന്നീ മികച്ച താരങ്ങൾക്കൊപ്പം ജലജ് സക്‌സേനയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം

സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അഖിൽ സ്‌കറിയ, നിഖിൽ എം., വിഘ്നേഷ് പുത്തൂർ, ബിജു നാരായണൻ എൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീൻ എൻ.എം, ജലജ് സക്‌സേന.

 

Content Highlight: Sanju Samson need 6 six to create a new milestone in T20 cricket