ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റിന് പിന്നില്‍ ഇന്ത്യ നിയമിച്ച അമേരിക്കന്‍ ലോബിയിങ് ഏജന്‍സിയാണെന്ന് വെളിപ്പെടുത്തല്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ച മോദിയെ പ്രശംസിച്ച് ജൂണില്‍ ട്രംപ് ‘ട്രൂത്ത് സോഷ്യലില്‍’ പങ്കുവെച്ച കുറിപ്പ് സംഘടിപ്പിച്ചത് തങ്ങളാണെന്ന് ‘മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സ്’ എന്ന സ്ഥാപനം വ്യക്തമാക്കി.

യു.എസ് വിദേശ ഏജന്റ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം സമര്‍പ്പിച്ച ഔദ്യോഗിക രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. ട്രംപിന്റെ പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സിന്’ പ്രതിമാസം 75,000 ഡോളറാണ് (ഏകദേശം 70 ലക്ഷം രൂപ) അമേരിക്കയിലെ ഇന്ത്യന്‍ എംബസി നല്‍കുന്നത്. ട്രംപിന്റെ അധികാര കൈമാറ്റ സംഘത്തിലുണ്ടായിരുന്ന ബ്രയാന്‍ ലാന്‍സ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ഏജന്‍സിയിലുണ്ട്.

കൂടാതെ, വൈറ്റ് ഹൗസുമായുള്ള ബന്ധങ്ങള്‍ക്കായി ജേസണ്‍ മില്ലറുടെ ഉടമസ്ഥതയിലുള്ള ‘എസ്.എച്ച്.ഡബ്ല്യു പാര്‍ട്‌ണേഴ്‌സ്’ എന്ന ഏജന്‍സിയെയും പ്രതിമാസം 1.5 ലക്ഷം ഡോളറിന് ഇന്ത്യ നിയമിച്ചിരുന്നു. രണ്ട് ഏജന്‍സികള്‍ക്കുമായി ഇന്ത്യ പ്രതിമാസം ഏകദേശം 2.25 ലക്ഷം ഡോളറാണ് (2.1 കോടി രൂപ) ചെലവഴിച്ചത്.

2025 ഏപ്രിലിലാണ് ഇന്ത്യ മില്ലറുടെ സ്ഥാപനത്തെ നിയമിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. എന്നാല്‍, ട്രംപ് ഭരണകൂടത്തില്‍ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി മില്ലര്‍ ചുമതലയേറ്റതിനെത്തുടര്‍ന്ന് ജൂണ്‍ 23ന് കരാര്‍ അവസാനിപ്പിച്ചു.

വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയാണ് എസ്.എച്ച്.ഡബ്ല്യു പാര്‍ട്ണേഴ്സുമായി കരാറില്‍ ഒപ്പുവെച്ചത്. പ്രതിമാസം ഒന്നര ലക്ഷം ഡോളറായിരുന്നു കരാര്‍ തുക. അമേരിക്കന്‍ സര്‍ക്കാറിനും കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും മുന്നിലുള്ള നയപരമായ വിഷയങ്ങളില്‍ തന്ത്രപരമായ ഉപദേശം, ആസൂത്രണം, സര്‍ക്കാര്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സഹായം എന്നിവ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.

Content Highlight: Indian Embassy spends money to promote Modi; lobbying also behind Trump’s social media post; $75,000 paid monthly.