ടെല്‍ അവീവ്: ഇസ്രഈലിലെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നയങ്ങളുടെ കാര്യത്തില്‍ ഏറെ സമാനതകളുള്ളവരാണെന്ന് ട്രംപ് പറഞ്ഞു.

ഐസന്‍കോട്ടും നെതന്യാഹുവും തമ്മില്‍ വലിയ നയപരമായ വ്യത്യാസങ്ങളില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘അവര്‍ രണ്ടുപേരുടെയും വീക്ഷണങ്ങള്‍ വളരെ സമാനമാണ്. നയങ്ങളുടെ കാര്യത്തിലും അവര്‍ ഒരേപോലെയാണ് ചിന്തിക്കുന്നത്,’ ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ നെതന്യാഹുവിനെ പിന്തുണച്ചിരുന്നിട്ടും, ഐസന്‍കോട്ട് തനിക്കെതിരെ ഇതുവരെ വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു അതുകൊണ്ട് തന്നെ ഇത് അദ്ദേഹം ഭരിക്കുമോ അതോ ബിബി ഭരിക്കുമോ എന്നുള്ള ഒരു മത്സരമാണെന്നും ട്രംപ് പറഞ്ഞു.

ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റിലെ 120 അംഗങ്ങളില്‍ 67 പേരുടെ പിന്തുണയോടെയാണ് മുന്‍ സൈനിക മേധാവി കൂടിയായ ഗാഡി ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അര്‍ഹത നേടിയത്. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഹെര്‍സോഗ് ഐസന്‍കോട്ടിന് സഖ്യമുണ്ടാക്കാന്‍ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഭരണശൈലിയില്‍ നെതന്യാഹുവില്‍ നിന്നും വ്യത്യസ്തനാകാന്‍ ഐസന്‍കോട്ട് ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇരുവര്‍ക്കുമിടയില്‍ കാര്യമായ നയപരമായ വ്യത്യാസങ്ങളൊന്നും ഇതുവരെ പ്രകടമാക്കിയിട്ടില്ല. എങ്കിലും തീവ്രവലതുപക്ഷ, അതിയാഥാസ്ഥിതിക കക്ഷികള്‍ ഉള്‍പ്പെട്ട നെതന്യാഹുവിന്റെ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് കൂടുതല്‍ മിതവാദ സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ഐസന്‍കോട്ട് ആഗ്രഹിക്കുന്നത്.

അതേസമയം, പുതിയ പ്രധാനമന്ത്രിയായി ഗാഡി ഐസന്‍കോട്ടിനെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ക്ഷണിച്ചു. 28 ദിവസത്തിനകം മന്ത്രിസഭ രൂപവത്കരിക്കണം. ആവശ്യമെങ്കില്‍ അധികമായി 14 ദിവസം കൂടി അനുവദിക്കും.

 

Content Highlight: Gadi Eizenkot and Netanyahu are similar in their policies; I like him very much: Trump