ടെല്‍അവീവ്: ഇസ്രഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണകൂടത്തിന് അന്ത്യം. യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് പ്രധാനമന്ത്രിയാക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്. പ്രധാനമന്ത്രി പദം ഞായറാഴ്ച വൈകുന്നേരത്തോടെ ഔദ്യോഗികമായി കൈമാറുമെന്നാണ് ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐസന്‍കോട്ടിനെ വിവരം അറിയച്ചതായാണ് റിപ്പോര്‍ട്ട്.

നെതന്യാഹുവിനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ നിര്‍ണായകമായത് അറബ് പാര്‍ട്ടികളുടെ പിന്തുണയാണ്. നെതന്യാഹു സര്‍ക്കാരിനെ കൈവിട്ട് സഖ്യകക്ഷിയായ തീവ്ര വലത് പക്ഷ പാര്‍ട്ടിയും രംഗത്തെത്തിയതോടെ പതനം പൂര്‍ത്തിയായി.

യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചു.

നിലവില്‍ ഐസന്‍കോട്ടിന് 67 സീറ്റും നെതന്യാഹുവിന് 46സീറ്റുമാണുള്ളത്. . ഇതേതുടര്‍ന്നാണ് പ്രസിഡന്റിന്റെ തീരുമാനം. ഇനി അടുത്ത 28 ദിവസത്തിനകം ഐസന്‍കോട്ടിന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിന് സാധിക്കാതെ വന്നാല്‍ പ്രസിഡന്റിന് 14 ദിവസം കൂടി സമയം നീട്ടിനല്‍കാം.

എന്നാല്‍ വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലുള്ള പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ത്ത് 61 സീറ്റുകളുടെ ഭൂരിപക്ഷം തികയ്ക്കുക എന്നത് ഐസന്‍കോട്ടിന് വലിയ വെല്ലുവിളിയാണ്. ഈ കാലാവധിക്കുള്ളില്‍ സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണം വീണ്ടും പ്രതിസന്ധിയിലാകും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരും.

Content Highlight: Bibi falls; Prime Minister to be Eisenkot: Israeli President rejects Netanyahu