രാമായണയിൽ ഡബ്ബിങ് ചെയ്തു കൊണ്ടിരുന്നപ്പോൾ പല ഡയലോഗ് പറഞ്ഞപ്പോഴും കരഞ്ഞു പോയെന്ന് പറയുകയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത് ദാസ്. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണയുടെ മലയാളം പതിപ്പിൽ രാമന്റെ കഥാപാത്രം ചെയ്ത നടൻ രൺബീർ കപൂറിന് ശബ്ദം നൽകിയത് ശരത്താണ്. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
‘ഞാൻ നന്നായിട്ട് എൻജോയ് ചെയ്ത് നല്ല ഫീലിൽ ഭക്തിയോടു കൂടിയിട്ട് തന്നെയാണ് ഡബ്ബ് ചെയ്തത്. പല ഡയലോഗ് പറയുമ്പോഴും ഞാൻ കരഞ്ഞു പോയിട്ടുണ്ട്. കാരണം ശ്രീരാമസ്വാമിയുടെ ഉള്ളെന്തായിരിക്കുമെന്നും ആ ഡിഗ്നിറ്റിയും ധർമ്മവുമൊക്കെ ഫീൽ ചെയ്തിട്ടാണ് ഞാൻ ചെയ്തത്. അത്രയും ഫീൽ ചെയ്തിട്ടാണ് അവരത് എടുത്തിട്ടുള്ളതും.
നമ്മുടെ എല്ലാവരുടെയും ഉള്ളിൽ രാമനുണ്ട് രാവണനുണ്ട് അതേപോലെ സീതയുണ്ട് മണ്ഡോദരിയുണ്ട്. അപ്പോൾ ഞാൻ പറയുന്നത് ആർക്ക് വേണമെങ്കിലും രാമനും സീതയുമാകാം. നമ്മൾ രണ്ടുപേരെയും കണ്ടിട്ടില്ല, വാൽമീകിയുടെ രാമായണം വായിച്ചിട്ടുള്ള അറിവ് മാത്രമേ നമുക്കുള്ളൂ. അതുകൊണ്ടുതന്നെ ഞാൻ കണ്ടതിൽ ഇവർ രണ്ടുപേരും ആ കഥാപാത്രങ്ങൾ ചെയ്യാൻ ആപ്റ്റാണ്. എല്ലാ കഥാപാത്രങ്ങളും സൂപ്പറാണ്,’ നടൻ പറഞ്ഞു.

രാമായണ.Photo. Screen Grab/ Youtube.com
നെഗറ്റീവുകളൊന്നും വിചാരിക്കാതെ തിയേറ്ററിൽ പോയി ആസ്വദിക്കേണ്ട അനുഭവിക്കേണ്ട സിനിമയാണ് രാമായണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ബിങിന്റെ സമയത്ത് താൻ മുഴുവനായും സിനിമ കണ്ടില്ലെന്നും രാമന്റെ ഭാഗം മാത്രം ബ്ലാക് & വൈറ്റിൽ കണ്ടുവെന്നും അതുകൊണ്ട് തന്നെ എല്ലാവരെയും പോലെ താനും സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ക്യൂരിയസാണ് എന്നാണ് താരം പറയുന്നത്.
‘ആ വലിയ സ്കെയിൽ ഒന്നും ഞാൻ കണ്ടിട്ടില്ല ജസ്റ്റ് രാമന്റെ പോർഷൻസ് കണ്ടു. അതും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കണ്ടിരിക്കുന്നത്. അതും അവർ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ ഒറിജിനൽ ആയിട്ടല്ല എന്നെ കാണിക്കുക. അതിൽ കുറേ സ്ക്രാച്ചസും കാര്യങ്ങളും എല്ലാമുണ്ടാവും. ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റാണ്. അതിന്റെ കളർഫുൾ ഞാൻ കണ്ടിട്ടില്ല. സി.ജി.ഐ ആണെങ്കിലോ അല്ലെങ്കിൽ അതിന്റെ വാസ്നസ് അങ്ങനെ ഒന്നും തന്നെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല,’ ശരത് വ്യക്തമാക്കി.
Content Highlight: Sarath Das said he wept while delivering many dialogues and was shown in black and white.
