ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ രാമായണയുടെ ഡൊമിനേഷനാണെങ്കിലും ഓവര്‍സീസില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ഇന്ത്യക്ക് പുറത്ത് പലയിടത്തും ജാപ്പനീസ് ചിത്രം ഗോഡ്‌സില്ല മൈനസ് സീറോ തകര്‍ത്ത് മുന്നേറുകയാണ്. 1500 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുങ്ങിയ രാമായണയുടെ കൂടെ കട്ടക്ക് പിടിച്ച് നില്‍ക്കുകയാണ് വെറും 157 കോടി (16 മില്യണ്‍ ഡോളര്‍)യിലൊരുങ്ങിയ ഗോഡ്‌സില്ല മൈനസ് സീറോ.

ജപ്പാനില്‍ നവംബര്‍ മൂന്നിനും അമേരിക്കയില്‍ നവംബര്‍ ആറിനുമാണ് ചിത്രം റിലീസ് ചെയ്തത്. 5.7 മില്യണ്‍ ജപ്പാനില്‍ നിന്നും 6.8 മില്യണ്‍ അമേരിക്കയില്‍ നിന്നും ഗോഡ്‌സില്ല സ്വന്തമാക്കി. ആകെ 12.5 മില്യണാണ് (117.55 കോടി) ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍. 1500 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ രാമായണ ആദ്യദിനം നേടിയത് 13.5 മില്യണ്‍ (127.5 കോടി) മാത്രമാണ്. ഇന്ത്യയില്‍ റിലീസുണ്ടായിരുന്നെങ്കില്‍ ഗോഡ്‌സില്ലയും കളക്ഷനില്‍ മുന്നിട്ട് നിന്നേനെ.

നിലവിലെ ട്രെന്‍ഡനുസരിച്ച് ഓപ്പണിങ് വീക്കെന്‍ഡില്‍ 35-40 മില്യണ്‍ (300- 375 കോടി) ഗോഡ്‌സില്ല സ്വന്തം പേരിലാക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ഐമാക്‌സില്‍ ഷൂട്ട് ചെയ്ത ചിത്രം രാമായണയെപ്പോലെ വിഷ്വല്‍ ട്രീറ്റാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഐമാക്‌സ് സ്‌ക്രീനുകള്‍ മുഴുവന്‍ രാമായണ സ്വന്തമാക്കിയതിനാല്‍ ഇന്ത്യയില്‍ നവംബര്‍ 20നേ ഗോഡ്‌സില്ല റിലീസ് ചെയ്യുള്ളൂ.

ഒരു പാന്‍ ഇന്ത്യന്‍ സിനിമയിലെ നായകന്റെ പ്രതിഫലത്തെക്കാള്‍ കുറവാണ് ഗോഡ്‌സില്ല മൈനസ് സീറോയുടെ ബജറ്റെന്നും ആ പരിമിതിയില്‍ നിന്നുകൊണ്ട് വേള്‍ഡ് ക്ലാസ് സിനിമ ഒരുക്കിയ സംവിധായകന്‍ തകാഷി യമസാക്കി നിസാരക്കാരനല്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ ആദ്യഭാഗവും സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു.

റിലീസിന് മുന്നേ തന്നെ ഗോഡ്‌സില്ലക്കായിരുന്നു ഓവര്‍സീസില്‍ മുന്‍തൂക്കം. അത് ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ മുന്നേറ്റം. രാമായണ പോലെ പാന്‍ വേള്‍ഡ് ചിത്രവുമായി ക്ലാഷ് വെച്ച് പിടിച്ച് നില്‍ക്കുക എന്ന അപൂര്‍വ നേട്ടമാണ് ഗോഡ്‌സില്ല സ്വന്തമാക്കിയത്. ഫൈനല്‍ റണ്ണിലും ഗോഡ്‌സില്ല തന്നെ മുന്നിലെത്തുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

അതേസമയം രാമായണക്ക് ബോക്‌സ് ഓഫീസില്‍ സേഫാകണമെങ്കില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. ബജറ്റിന്റെ ആധിക്യമനുസരിച്ച് ചിത്രം ലാഭമാകണമെങ്കില്‍ മിനിമം 2500-2800 കോടി ആവശ്യമാണ്. പതുക്കെയാണെങ്കിലും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കുകയാണ് രാമായണ. ദീപാവലി റിലീസ് ചിത്രം കൃത്യമായി മുതലെടുക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.

Content Highlight: Godzilla Minus Zero is equally competing with Ramayana in Box Office